ചാറ്റ്ജിപിറ്റി, ജെമിനി, പെര്‍പ്ലെക്‌സിറ്റി തുടങ്ങിയ പ്രമുഖ എഐ പ്ലാറ്റ്‌ഫോമുകള്‍ക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് മൂന്നാം തലമുറ എഐ സൊല്യൂഷനും വിവരശേഖരണ എഞ്ചിനുമായ കൈവെക്സ് (Kyvex) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ രംഗത്തെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നായി കണക്കാക്കാന്‍ കൈവെക്‌സിന്റെ വ്യത്യസ്തയാര്‍ന്ന കഴിവുകള്‍ സഹായിക്കുന്നു എന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു.
പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച സൗജന്യ എഐ അസിസ്റ്റന്റ് ആണ് കൈവെക്സ്. ഉപയോക്താക്കള്‍ക്ക് വേഗതയേറിയതും, കൂടുതല്‍ കൃത്യവും, സന്ദര്‍ഭോചിതവും, ആഴത്തിലുള്ളതുമായ വിവരങ്ങള്‍ നല്‍കുക എന്നതാണ് കൈവെക്‌സിന്റെ ലക്ഷ്യം. ഇന്ത്യന്‍ കോടീശ്വരന്‍ പേള്‍ കപൂര്‍ ആണ് ഈ സംരംഭത്തിന്റെ പിന്നില്‍. ഐഐടി ഡല്‍ഹി മുന്‍ ഡയറക്ടര്‍ പ്രൊഫ. രാംഗോപാല്‍ റാവു, ഐഐടി ഖരഗ്പൂര്‍ മുന്‍ ഡയറക്ടര്‍ പ്രൊഫ. പി.പി. ചക്രബര്‍ത്തി തുടങ്ങിയ അക്കാദമിക് വിദഗ്ധരുടെ പിന്തുണയോടെയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. ഇത് കൈവെക്‌സിന്റെ നൂതന ഗവേഷണത്തിലും ഇന്ത്യന്‍ സാങ്കേതിക കണ്ടുപിടുത്തങ്ങളിലും അടിത്തറ ശക്തിപ്പെടുത്തുന്നു. ഈ പ്ലാറ്റ്‌ഫോമിന് സൂക്ഷ്മമായ ചോദ്യങ്ങള്‍ മനസ്സിലാക്കാനും പ്രാദേശിക യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഉത്തരങ്ങള്‍ നല്‍കാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കൈവെക്‌സ് നിലവില്‍ വെബ് പ്ലാറ്റ്‌ഫോമില്‍ മാത്രമാണ് ലഭ്യം. ഉടന്‍ തന്നെ കൈവെക്‌സിനെ ആന്‍ഡ്രോയ്ഡ്, ഐഒഎസ്, സംയോജിത ബ്രൗസര്‍ ആപ്ലിക്കേഷനുകള്‍ എന്നിവയിലേക്ക് ഇത് വികസിപ്പിക്കും. കമ്പനി സ്വന്തം നിലയില്‍ വികസിപ്പിച്ചെടുത്ത ലാര്‍ജ് ലാംഗ്വേജ് മോഡലിനെ (LLM-അടിസ്ഥാനപരമായി മനുഷ്യന്റെ ഭാഷയെ വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യുന്ന അല്‍ഗോരിതങ്ങളാണ് ലാംഗ്വേജ് മോഡല്‍) അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യയാണ് കൈവെക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. കൈവെക്‌സ് പൂര്‍ണ്ണമായും വികസിപ്പിച്ചെടുത്തത് ഇന്ത്യന്‍ എഐ എഞ്ചിനീയര്‍മാരും ഗവേഷകരുമാണ്. ലോകത്തിനായി ഇന്ത്യയില്‍ നിര്‍മ്മിച്ചത് (Made in India, for the World ) എന്നതിനെ അടിസ്ഥാനമാക്കി, വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളിലെ എല്ലാവര്‍ക്കും എഐ ഉപയോഗിക്കാന്‍ സാധിക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനം.
ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ആഴത്തിലുള്ള ഗവേഷണം (Deep research) നടത്തി ഉത്തരം നല്‍കാന്‍ ഈ മോഡലിന് കഴിയും. ഗവേഷണം, പ്രശ്‌നപരിഹാരം, കണ്ടന്റുകള്‍ തയ്യാറാക്കല്‍, കോഡിംഗ് തുടങ്ങിയ സങ്കീര്‍ണ്ണമായ ജോലികള്‍ ലളിതമാക്കാനും പറ്റും. ഊഹങ്ങളെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ നല്‍കുന്നതിന് പകരം കൃത്യമായി ഉത്തരം നല്‍കാനുള്ള കഴിവാണ് കൈവെക്സിനെ വ്യത്യസ്തമാക്കുന്നത്. മലയാളം ഉള്‍പ്പെടെയുള്ള നിരവധി ഭാഷകളും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. വിവിധ ഐ.ഐ.ടികളിലെ ഗവേഷകരുടെ പിന്തുണയോടെയാണ് കൈവെക്സിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേവലം ഉത്തരങ്ങള്‍ നല്‍കുന്ന ഒരു ഉപകരണം മാത്രമായിരിക്കില്ല കൈവെക്സെന്ന് സ്ഥാപകന്‍ പേള്‍ കപൂര്‍ പറഞ്ഞു. മറിച്ച് ഉപയോക്താക്കള്‍ക്ക് മികച്ച രീതിയില്‍ ചിന്തിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും സഹായിക്കുന്ന ഒരു പങ്കാളിയെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് കൈവെക്സ് ഏറെ ഉപയോഗപ്രദമാകുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള യാത്രയില്‍ കൈവെക്സിന്റെ സമാരംഭം ഒരു പ്രധാന നാഴികക്കല്ലാണ്. നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യാരംഗത്തെ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ഓപ്പണ്‍ എഐയെയും ഗൂഗിളിനെയും നേരിടാനുള്ള ഇന്ത്യയുടെ കരുത്താര്‍ന്ന ഒരായുധമാണ് കൈവെക്‌സ് എന്ന് പറയാം.
പരിമിതികള്‍ ഉണ്ടെങ്കിലും ഗൂഗിളിന് അപ്പുറത്തേക്ക് സെര്‍ച്ചിനെ കൊണ്ട് ചെന്നെത്തിക്കാനുള്ള സാധ്യതയാണുള്ളത്. എഐ സംവിധാനങ്ങള്‍ പലപ്പോഴും കൂടുതല്‍ ഇടപെടല്‍ കൊണ്ടാണ് പൂര്‍ണത ആര്‍ജ്ജിക്കുക. വിവിധ വീക്ഷണ കോണുകളില്‍ നിന്ന് ഒരേ കാര്യം, അത് സങ്കീര്‍ണമാണെങ്കില്‍ കൂടി, വിശകലനം ചെയ്ത് ലളിതമായ ഭാഷയില്‍ മനസ്സിലാകുന്ന രീതിയില്‍ വ്യാഖ്യാനിച്ചു നല്‍കാന്‍ കൈവെക്‌സിന് സാധിക്കും (http://kyvex.ai/).