ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശർമ്മക്ക് സെഞ്ചുറി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുന്നു. ഇന്ത്യ 43 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 152 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ ബാറ്റ്‌സ്‌മാന്‍ രോഹിത് ശര്‍മയുടെ അതിവേഗ സെഞ്ചുറിയാണ് ഇന്ത്യയ്‌ക്ക് തുണയായത്.

ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ചുറിയാണ് രോഹിത് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് 130 പന്തില്‍ നിന്നാണ് സെഞ്ചുറി തികച്ചത്. 14 ഫോറും രണ്ട് സിക്‌സും ഇന്ത്യയുടെ ഹിറ്റ്‌മാന്‍ നേടി. 27 റണ്‍സുമായി ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് രോഹിത്തിനൊപ്പം ക്രീസില്‍.

ശുഭ്‌മാന്‍ ഗില്‍, നായകന്‍ വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

ഗില്ലും കോഹ്‌ലിയും സംപൂജ്യരായപ്പോള്‍ പൂജാര 21 റണ്‍സ് നേടി പുറത്തായി. ഇംഗ്ലണ്ടിനായി ഒലി സ്റ്റോണ്‍, ജാക് ലീച്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ അക്ഷര്‍ പട്ടേല്‍ കളിക്കുന്നുണ്ട്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വാഷിങ്ടണ്‍ സുന്ദറിന് ഇന്ത്യ വിശ്രമം അനുവദിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ജസ്‌പ്രീത് ബുംറയ്‌ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തി. കുല്‍ദീപ് യാദവിനും അവസരം. രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ഓപ്പണര്‍മാരായി തുടരും.

Leave a Reply