ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാന്‍. പെട്രോള്‍ വില കുറക്കാന്‍ തനിക്ക് മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണം. വിഷമം പിടിച്ച അവസ്ഥയാണ് നില നില്‍ക്കുന്നതെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാന്‍ ആരും തയാറാവില്ല. വില വര്‍ധനവില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് പരിഹാരം കാണുകയാണ് വേണ്ടത്. നികുതി കുറക്കാന്‍ തനിക്ക് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാനാവില്ലെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇന്ത്യയിലെ വില തീരുമാനിക്കുന്നത് എണ്ണ കമ്ബനികളാണ്. അവര്‍ തന്നെയാണ് പെട്രോളിയം ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും. എണ്ണ കമ്ബനികളോട് വില കുറക്കാന്‍ ആവശ്യപ്പെടാനാവില്ല. പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാം. എന്നാല്‍, ഇക്കാര്യത്തില്‍ ജി.എസ്.ടി കൗണ്‍സിലില്‍ ചര്‍ച്ചകള്‍ വേണ്ടിവരും. ഇതിനായി നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ട ആവശ്യമില്ലെന്നും നിര്‍മല പറഞ്ഞു.

