തിരുവനന്തപുരം: നിവാറിന് തൊട്ട് പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട പുതിയ ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഡിസംബര്‍ ആദ്യം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ബുര്‍വി എന്ന പേരിലുള്ള ഈ ന്യൂനമര്‍ദം അടുത്ത ആഴ്ച ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഈ മാസം 29 ന് ന്യൂനമര്‍ദം ശക്തമാകുമെന്നാണ് നിഗമനം.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് തെക്കന്‍ ജില്ലകളിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ വര്‍ഷം ഉത്തരേന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട നാലാമത്തെ ചുഴലിക്കാറ്റാണ് നിവാര്‍. നേരത്തെ സൊമാലിയയില്‍ കനത്ത നാശം വിതച്ച ഗതി ചുഴലിക്കാറ്റ്, മഹാരാഷ്ട്രയില്‍ വീശിയടിച്ച നിസാര്‍ഗ ചുഴലിക്കാറ്റ്, മെയ് മാസത്തില്‍ കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ആംഫാന്‍ ചുഴലിക്കാറ്റ് എന്നിവയാണ് നേരത്തെ വന്‍നാശനഷ്ടം വിതച്ച ചുഴലിക്കാറ്റുകള്‍.

