കനത്തമഴ തുടരുന്നു, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളത്.അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം നാളെയോടെ ചുഴലിക്കാറ്റായി രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം മുതല്‍ തൃശ്ശൂര്‍ വരെയുള്ള 6 ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ നാളെയോടെ സുരക്ഷിത സ്ഥാനത്തെത്താന്‍ നിര്‍ദ്ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തി.

തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇടിമിന്നലിനും സാധ്യതയുണ്ട്.കൊവിഡ് ഭീഷണിക്കിടെയാണ് കനത്ത മഴയും വരുന്നത്. തെക്കന്‍ ജില്ലകളില്‍ മിനിഞ്ഞാന്ന് അതിശക്തമായ മഴയാണ് പെയ്തത്. തലസ്ഥാന നഗരത്തില്‍ മിനിഞ്ഞാന്ന് പെയ്തത് 142 മില്ലീ മീറ്റര്‍ മഴ.