കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതിദിനം ഇൻഫാം ദേശീയതലത്തിൽ വിപുലമായിആചരിക്കുമെന്ന് ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.വൃക്ഷോത്സവ് 2024, സിഗ്നേച്ചർ ക്യാമ്പയിൻ, സെമിനാർ, ലൈറ്റ് അണയ്ക്കൽ തുടങ്ങിയ പരിപാടികൾ പരിസ്ഥിതിദിനത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിലും നടക്കും.കാർഷിക
വനത്ക്കരണത്തിലൂടെ പരിസ്ഥിതി സംരക്ഷണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന വൃക്ഷോത്സവ് 2024 ന്റെ ഭാഗമായി ഒരു ലക്ഷം തൈകൾ വിതരണം ചെയ്യും. കൊക്കോ, റോയിസ് കോഫി, റോബസ്റ്റ കോഫി, കമുക്, കശുമാവ് തുടങ്ങിയവയാണ് വിതരണം
ചെയ്യുന്നത്. വിവിധ താലൂക്കുകളിലേക്ക് വൃക്ഷത്തൈകളുമായി പോകുന്ന വാഹനങ്ങളുടെ ഫ്ളാഗ്‌ഓഫ് ജൂൺ 4 ചൊവ്വാഴ്ച പൊടിമറ്റം സെൻ്റ് മേരീ.. ഓഡിറ്റോറിയത്തിൻ്റെ അങ്കണത്തിൽ നടക്കും.പരിസ്ഥിതി സംരക്ഷണം മനുഷ്യകേന്ദ്രീകൃതമായി പുനർ നിർവചിക്കണം എന്ന ആശയവുമായി നടത്തുന്ന സിഗ്നേച്ചർ കാമ്പയിൻ വിവിധ കേന്ദ്രങ്ങളിൽ ജൂൺ അഞ്ചിന് നടക്കും. സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ പ്രസ്തുത പരിപാടിയിൽ ഒപ്പു രേഖപ്പെടുത്തും. കർഷകരാണ് യഥാർഥ പരിസ്ഥിതി സംരക്ഷകർ, അവർ കയ്യേറ്റക്കാരല്ല എന്ന വിഷയത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന സെമിനാറിൽ എല്ലാ ഗ്രാമസമിതികളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. വർധിച്ചുവരുന്ന ആഗോളതാപനത്തെക്കുറിച്ച്
പൊതുസമൂഹത്തെയും സംഘടനാംഗങ്ങളെയും ബോധവത്കരിക്കുന്നതിന് ‘വിളക്കണയ്ക്കൂ വിശ്വം കാക്കൂ’ എന്ന ആഹ്വാനവുമായി പരിസ്ഥിതി ദിനത്തിൽ രാത്രി ഏഴു മുതൽ അഞ്ചു മിനിറ്റ് എല്ലാ ഇൻഫാം കുടുംബങ്ങളിലും ലൈറ്റുകൾ അണയക്കുമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.പത്രസമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലിൽ, ജോയിന്റ് ഡയറക്ടർ ഫാ. ആൽബിൻ പുൽത്തകിടിയേൽ, ട്രഷറർ ജെയ്സൺ ചെംബ്ലായിൽ, നെൽവിൻ സി. ജോയി, ജോയിന്റ് സെക്രട്ടറി ജോമോൻ ചേറ്റുകുഴി എന്നിവർ പങ്കെടുത്തു.

