ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കൂടുന്നു, വേണ്ടത് കനത്ത ജാഗ്രത; ലോക്ക്ഡൗൺ നീട്ടിയേക്കും

കൊവിഡ് പ്രതിദിന വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നതോടെ കനത്ത ജാഗ്രതയില്‍ സംസ്ഥാനം. ലോക്ക്ഡൗണ്‍ ആരംഭിച്ച്‌ ദിവസങ്ങള്‍ പിന്നിടുമ്ബോഴും പ്രതിദിന കൊവിഡ് വര്‍ധനയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുകയാണ്. രണ്ട് ദിവസത്തിനകം കണക്കുകളില്‍ കുറവ് വരുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇതനുസരിച്ചാകും ലോക്ക്ഡൗണ്‍ നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക.

കൊവിഡ് കണക്ക് ഉയര്‍ന്ന് തന്നെ നില്‍ക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ആരോഗ്യ വകുപ്പും വിദഗ്ധരും നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, അവസാഘട്ടത്തില്‍ മാത്രമേ ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാവൂ എന്ന് ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

നമ്മള്‍ ഇപ്പോള്‍ ഒരു ലോക്ക്ഡൗണില്‍ ആയതിനാല്‍ നീട്ടിയാലും അതുമായി മുന്നോട്ട് പോകുന്നതില്‍ പ്രശ്നങ്ങളുണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, കേരളത്തില്‍ ഇന്നലെ 43,529 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്

രോഗവ്യാപനം തീവ്രമായ കൊച്ചി നഗരസഭാ പരിധിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23,000 കടന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ആയിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പതു ശതമാനത്തില്‍ കൂടിയ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.എറണാകുളം ജില്ലയില്‍ കൊച്ചി നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉളളത്, 23,601 പേര്‍. തൊട്ടടുത്തുള്ള തൃക്കാക്കരയില്‍ ഇത് മൂവായിരത്തിനു മുകളിലാണ്. 19 പഞ്ചായത്തുകളില്‍ ടിപിആര്‍ 50 ശതമാനം കടന്നു. ഇവിടെയെല്ലാം നിയന്ത്രണം കുടുതല്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോസിറ്റീവായവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കാന്‍ നിര്‍ദ്ദേശിച്ചതാണ് രോഗ വ്യാപനം കൂടുതല്‍ തീവ്രമാക്കിയത്.ടിപിആര്‍ കുതിച്ചുയര്‍ന്നതോടെ ചൂര്‍ണിക്കര പഞ്ചായത്തിലെ ഇടറോഡുകള്‍ വരെ പഞ്ചായത്തും പൊലീസും ചേര്‍ന്ന് അടച്ചു. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പോലും പത്തു മുതല്‍ രണ്ടു വരെയാണ് പ്രവര്‍ത്തനാനുമതി. മറ്റു പഞ്ചായത്തുകളും കടകളുടെ പ്രവര്‍ത്തന സമയം കുറച്ചിട്ടുണ്ട്