കൗണ്‍സലിംഗ് റൂമില്‍ എന്‍റെ അടുത്ത് കുട്ടികളെയും കൊണ്ട് വന്നിട്ടുള്ള മിക്കവാറും എല്ലാ മാതാപിതാക്കളും സങ്കടത്തോടെ ചോദിക്കാറുള്ള ഒരു ചോദ്യമാണ്, ‘ഞാന്‍ എങ്ങനെ വളര്‍ത്തിയ കൊച്ചാണെന്ന് അറിയാമോ; എന്താ അച്ചാഇങ്ങനെ ആയിപ്പോയത്.” പല മാതാപിതാക്കളെയും അലട്ടുന്ന ഒരു ചോദ്യമാണിത്. എന്തുകൊണ്ട് എന്‍റെ കുട്ടി ഇങ്ങനെ ആയിത്തീര്‍ന്നു. ഇത് മാതാപിതാക്കളുടെ മാത്രം ചോദ്യം ആണെന്ന് കരുതാന്‍ പാടില്ല. സ്വന്തം സ്വത്വത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന കുട്ടികളും ചോദിക്കാറുണ്ട് ‘ഞാനെന്തേ ഇങ്ങനെ ആയത് എന്ന്.”
ഈ ഒരു ചോദ്യത്തിന് പല ചിന്താധാരകളും പല ഉത്തരങ്ങള്‍ ആണ് നല്‍കിയിട്ടുള്ളത്. ചിലര്‍ ഇതിനെ വിധിയെന്ന് പഴിക്കുമ്പോള്‍ ചിലര്‍ ദൈവതീരുമാനം ആണെന്നും, ചിലര്‍ കര്‍മ്മഫലമെന്നും, അങ്ങനെ ഓരോ വിശ്വാസത്തിനും ചിന്തയ്ക്കും അനുസരിച്ച് പല വിശദീകരണങ്ങളും ഉണ്ട്. മനഃശാസ്ത്രം ഒരു മനുഷ്യന്‍റെ സ്വഭാവരൂപീകരണത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്: Nature and Nurture. മദ്ധ്യകാലഘട്ടം മുതല്‍, ഈ രണ്ട് സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും കഴിഞ്ഞ നൂറ്റാണ്ടിലെ ചില എഴുത്തുകാരുടെ വിശദീകരണങ്ങളാണ്, ഈ ഒരു ചിന്താധാരയ്ക്ക് കൂടുതല്‍ ഉറപ്പുനല്‍കിയത്
എന്താണ് Nature
Nature എന്ന വാക്കിനെ വളരെ സാധാരണമായി നമുക്ക് പ്രകൃത്യാഉള്ളത് എന്ന് തര്‍ജ്ജമ ചെയ്യാം. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വാഭാവികമായി എല്ലാക്കാര്യങ്ങളെയും ഈ ഗണത്തില്‍ പെടുത്താം. ഒരാളുടെ പാരമ്പര്യം, ശാരീരിക പ്രത്യേകതകള്‍, ജന്മനാ ഉള്ള പ്രത്യേകതകള്‍, ബുദ്ധിപരമായ പ്രത്യേകതകള്‍, കൈമാറ്റപ്പെടുന്ന ശാരീരിക അസ്വസ്ഥതകള്‍ മുതലായവയെല്ലാം nature ല്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാംതന്നെ ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു, എങ്ങനെ പെരുമാറുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലൊക്കെ വ്യക്തമായ സ്വാധീനം പുലര്‍ത്താന്‍ കഴിയുന്നവയാണ്.
Nature ന്‍റെ ഏറ്റവും വലിയ ഒരു പ്രത്യേകത എന്നത് ഇതുനമുക്ക് നല്‍കപ്പെട്ടതാണ് എന്നതാണ്. ഇത് എങ്ങനെ ആകണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കില്ല. അതുകൊണ്ടുതന്നെ ഇവയുടെ സ്വാധീനത്തില്‍ നിന്ന് മാറി നില്‍ക്കുക എന്നത് നമ്മുടെ പരിധിക്കുള്ളില്‍ ഉള്ളതല്ല. ഈ പ്രകൃതിദത്തമായ സ്വാധീനങ്ങള്‍ക്ക് അനുസരണമായി നമുക്ക് ജീവിക്കാതെ തരമില്ല. ആധുനീകശാസ്ത്രത്തിന്‍റെ വളര്‍ച്ചയില്‍ ഈ പ്രകൃതിദത്തമായ ചില കാര്യങ്ങളില്‍ ചില വ്യതിയാനങ്ങള്‍ നടത്താന്‍ ശ്രമം നടക്കുന്നുണ്ട്, ചിലതൊക്കെ വിജയിച്ചിട്ടും ഉണ്ട്.
എന്താണ് Nurture
ഒരാള്‍ ജീവിക്കുന്ന സാഹചര്യത്തില്‍നിന്ന് ആ ആളെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളെയും Nurture ന്‍റെ ഭാഗമായി കണക്കാക്കാം, ഒരു മനുഷ്യജീവന്‍ അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതുമുതല്‍, ആ ആളുടെ ജീവിതയാത്രയില്‍ ആ ആളെ സ്വാധീനിക്കുന്ന എല്ലാംതന്നെ ഇതില്‍ ഉള്‍പ്പെടും. ജീവിതത്തില്‍ ആദ്യം ഇടപെടുന്ന മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാദികള്‍, സുഹൃത്തുക്കള്‍, അധ്യാപകര്‍, സഹപ്രവര്‍ത്തകര്‍ അങ്ങനെ ചുറ്റിലും ഉള്ള എല്ലാവരുടെയും സ്വാധീനം ആളുടെ വ്യക്തിത്വരൂപീകരണത്തില്‍ സ്വാധീനം ചെലുത്തും. വ്യക്തികള്‍ മാത്രമല്ല, ജീവിത സാഹചര്യങ്ങള്‍, പഠനം, ജീവിക്കുന്ന സ്ഥലം, പഠനസ്ഥലം, ചെയ്യുന്ന ജോലി, അങ്ങനെ ഒരു മനുഷ്യന്‍ അവന്‍റെ ജീവിതകാലത്തില്‍ അനുഭവിക്കുകയും ഇടപെടുകയും ചെയ്യുന്ന എല്ലാം Nurture ന്‍റെ ഭാഗമാണ്.
എന്തുകൊണ്ട് Nurture
രണ്ട് കാരണങ്ങള്‍കൊണ്ട് Nurture ഒരാളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ടതാണ്. ഒന്നാമതായി ഒരാളുടെ സ്വഭാവരൂപീകരണത്തിന് വളരെയധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് Nurture. രണ്ടാമതായി ശ്രദ്ധാപൂര്‍വ്വം ഉള്ള ഇടപെടലുകള്‍കൊണ്ട്, nurture ന്‍റെ പ്രത്യേകതകള്‍കൊണ്ട് ഉണ്ടായ പെരുമാറ്റത്തിലെയും സ്വഭാവത്തിലെയും ചിന്തയിലെയും പ്രത്യേകതകളെ വലിയ ഒരു പരിധി വരെ നമുക്ക് തിരുത്തുവാനും, വളര്‍ത്തുവാനും കഴിയും.
ഒപ്പം മറക്കാതെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യമാണ് നമ്മുടെ ഓരോ ഇടപെടലും മറ്റൊരാളുടെ സ്വഭാവ രൂപീകരണത്തിന് കാരണമാകുന്നുണ്ട്. നമ്മുടെ വാക്കും പ്രവര്‍ത്തിയും ഇടപെടലും അവഗണനയുമൊക്കെ നമ്മുടെ കുട്ടികളുടെയും സഹോദരങ്ങളുടെയും ചുറ്റുമുള്ളവരുടെയും സ്വഭാവത്തെ വരച്ചുചേര്‍ത്തുകൊണ്ടിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ആദ്യം ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കുറച്ചു വ്യക്തമായി നമുക്ക് ലഭിക്കും. എന്‍റെ കുട്ടി എന്തുകൊണ്ട് ഇങ്ങനെ ആയി എന്ന് ചോദിച്ചാല്‍ അവനെ/അവളെ വളര്‍ത്തിയ മാതാപിതാക്കളും അതിന് ഉത്തരവാദികള്‍ ആണ്.
Nurture – മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ്. ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ മാതാപിതാക്കള്‍ക്ക് ഏറ്റവും പ്രധാന സ്ഥാനം തന്നെയുണ്ട്. മാതാപിതാക്കളുടെ സ്നേഹപ്രകടനത്തിന്‍റെ ഫലമായി ഒരു കുഞ്ഞു ഉരുവാകുന്നത് മുതല്‍ അവനെ / അവളെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ആള്‍ക്കാര്‍ മാതാപിതാക്കള്‍ തന്നെ.
ഫാ. ബിന്നി കൈയാണിയിൽ