ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ജാമ്യം.മൂന്നാഴ്ചയിലേറെ നീണ്ട ജയിൽ വാസത്തിന് ശേഷമാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ക്രൂയിസ് കപ്പൽ പാർട്ടിയിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഷാരൂഖ് ഖാന്റെ 23 കാരനായ മകൻ ആര്യൻ ഖാൻ കസ്റ്റഡിയിലാകുന്നത് ഒക്ടോബർ 8 മുതൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് മുമ്പ് രണ്ട് തവണ ജാമ്യം നിഷേധിച്ചിരുന്നു.

ആര്യന്‍ഖാന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗി മുംബൈ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. ആര്യനില്‍ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യന്‍്റെ സുഹൃത്തായ അര്‍ബാസില്‍ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയില്‍വാസത്തിന് മതിയാവുന്നതല്ലെന്നും കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയില്‍ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാന്‍ ഷാരൂഖ്ഖാന്‍ ശ്രമിക്കുന്നതായി എന്‍സിബി ആരോപിച്ചു. ആര്യന്‍ഖാന്‍ പുറത്തിറങ്ങിയാല്‍ ഇതുപോലെ തെളിവുകള്‍ ഇല്ലാതാക്കുമെന്നും ജാമ്യഹര്‍ജിയെ എതിര്‍ത്ത് എന്‍സിബി വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകള്‍ക്കും ജാമ്യം അനുവദിച്ചത്.