ബസിലിക്കയിലുണ്ടായ ജിഹാദി അക്രമണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ.

വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ നീസ് നോട്രഡാം ബസിലിക്കയിലുണ്ടായ ജിഹാദി അക്രമണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത പാപ്പ, ഫ്രാൻസിനെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരപ്പെടുത്തുകയും ചെയ്തു.

നീസ് രൂപതാ ബിഷപ്പ് അൻഡ്രേ മർസേയുവിന് വത്തിക്കാൻ സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ അയച്ച പ്രത്യേക സന്ദേശത്തിലാണ് വേദനയിലൂടെ കടന്നുപോകുന്ന ഫ്രഞ്ച് ജനതയോടുള്ള പാപ്പയുടെ ഐക്യദാർഢ്യം അറിയിച്ചത്. ഇതോടൊപ്പം, വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ പാപ്പയുടെ പ്രാർത്ഥന ഫ്രഞ്ച് ജനതയെ അറിയിക്കുകയും ചെയ്തു.

ഭീകരതയും അക്രമവും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ വിലപിക്കുന്ന വിശ്വാസീസമൂഹത്തെ പാപ്പയുടെ സാമീപ്യം അറിയിക്കുന്നു. ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി പാപ്പ പ്രാർത്ഥിക്കുന്നുണ്ടെന്നും അക്രമം അവസാനിപ്പിക്കാൻ നമുക്ക് പരസ്പരം സഹോദര്യത്തോടെ മുന്നേറാമെന്നും ബ്രൂണി കൂട്ടിച്ചേർത്തു.

ഭീകരാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ആദ്യ ഇരയായ സ്ത്രീയുടെ കഴുത്തറത്താണ് തീവ്രവാദി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ 45 വയസുള്ള കപ്യാരുൾപ്പെടെ രണ്ടു പേരെക്കൂടി തീവ്രവാദി കുത്തി കൊലപ്പെടുത്തി. ആക്രമണത്തിനിടയിലും ആക്രമണത്തിനുശേഷവും അക്രമി ഇസ്ലാമിക മുദ്രാവാക്യം ആവർത്തിച്ച് ആക്രോശിച്ചെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു.

പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തിയെ അക്രമി ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രവാചകനിന്ദയുള്ള കാർട്ടൂൺ ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്കു മുന്നിൽ പ്രദർശിപ്പിച്ചതിന്റെ പേരിലാണ് ദിവസങ്ങൾക്കുമുമ്പ് സാമുവൽ പാറ്റി എന്ന അധ്യാപകൻ പൊതുനിരത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. പാറ്റിയുടെ കൊലപാതകത്തിനുശേഷം ഇത്തരം കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം രാജ്യത്തുണ്ടെന്ന കാര്യം ഫ്രഞ്ച് ഉദ്യോഗസ്ഥർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ അക്രമണത്തിന് അതുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.

‘എല്ലാവരും സഹോദരർ’ എന്ന പേരിൽ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച പുതിയ ചാക്രികലേഖനം മുന്നോട്ടുവെക്കുന്ന സന്ദേശം പൊതുസമൂഹത്തിൽ ക്രിയാത്മക ചർച്ചകൾക്ക് വഴിതുറക്കുമ്പോൾ, ക്രിസ്തുവിശ്വാസികളെ ഉന്മൂലനം ചെയ്യാൻ മതമൗലീകവാദികൾ അക്രമണം വ്യാപിപ്പിക്കുന്നു എന്നത് ഖേദകരംതന്നെ.

Leave a Reply