ട്വിറ്ററിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: സാമൂഹിക മാധ്യമമായ ട്വിറ്ററിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിന് ഐടി നിയമത്തിന്‍റെ സംരക്ഷണം ഇനിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യത്തില്‍ കടുത്ത നടപടിയെടുക്കാനുള്ള തീരുമാനം. ഐടി ചട്ടം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സാമൂഹിക മാധ്യമ കമ്ബനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിച്ച്‌ അറിയിക്കണമെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു.

മറ്റ് സാമൂഹിക മാധ്യമ കമ്ബനികളെല്ലാം ഉദ്യോഗസ്ഥനെ നിയമിച്ച്‌ കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ ട്വിറ്റ‍ര്‍ ഇതിന് വഴങ്ങിയിരുന്നില്ല. പിന്നീട് ട്വിറ്റര്‍ ഉദ്യോഗസ്ഥനെ നിയമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഉദ്യോഗസ്ഥനെ നിയമിച്ചതായുള്ള ട്വിറ്ററിന്‍റെ അറിയിപ്പ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെയാണ് കര്‍ശന നടപടിയിലേക്ക് നീങ്ങാന്‍ കേന്ദ്രം തീരുമാനിച്ചത്. അതിനിടെ ട്വിറ്ററിനെതിരെ ആദ്യ കേസെടുത്ത് മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് ഉത്തര്‍പ്രദേശ് പൊലീസ്. തെറ്റായ വിവരം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് കേസെടുത്തിട്ടുള്ളത്.

.