അൾത്താര കൂദാശാ ദിനം; പുനർനിർമാണം നടക്കുന്ന നോത്രദാം കത്തീഡ്രലിൽ ഇന്ന് ദിവ്യബലി

2019 ഏപ്രിൽ 15ലെ തീപിടിത്തത്തെ തുടർന്ന് പുനർനിർമാണം നടക്കുന്ന വിഖ്യാതമായ നോത്രദാം കത്തീഡ്രൽ ഇന്ന് ദിവ്യബലി അർപ്പണത്തിന് വേദിയാകും. 1989 ജൂൺ 16ന്, ദീർഘകാല പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കി കത്തീഡ്രലിലെ പ്രധാന അൾത്താര കൂദാശ ചെയ്യപ്പെട്ടതിന്റെ വാർഷികത്തോട് അനുബന്ധിച്ചാണ്‌ ഇന്നത്തെ (ജൂൺ 16) വിശേഷാൽ ദിവ്യബലി. പാരീസ് ആർച്ച്ബിഷപ്പ് മിഷെൽ ഓപ്പെത്തിയുടെ മുഖ്യകാർമികത്വത്തിൽ വൈകിട്ട് 6.00ന് അർപ്പിക്കുന്ന ദിവ്യബലിയിൽ സുരക്ഷിതത്വ കാരണങ്ങൾമൂലം പൊതുജനപങ്കാളിത്തം ഉണ്ടാവില്ല.

1345ൽ ഫ്രഞ്ച് ഗോതിക് വാസ്തുഭംഗിയിൽ നിർമിച്ച ബൃഹത്തും അതിമനോഹരവുമായ നോത്രദാം കത്തീഡ്രൽ പാരീസ് അതിരൂപതയുടെ ഭദ്രാസന ദൈവാലയമാണ്. അറ്റകുറ്റപണികൾ നടക്കവെ 2019 ഏപ്രിൽ 15ന് ഉണ്ടായ തീപിടുത്തത്തിൽ ദൈവാലയത്തിന്റെ നല്ലൊരുഭാഗവും കത്തിനശിക്കുകയായിരുന്നു. 2024ൽ പുനരുദ്ധാരണം പർത്തിയാക്കി തിരുക്കർമങ്ങൾ ആരംഭിക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദൈവാലയത്തിന്റെ അകത്തളവും മറ്റും ക്രമീകരിക്കാനാവശ്യമായ ധനസമാഹരണ ശ്രമങ്ങൾക്കും ഇന്ന് ആരംഭമാകും.

തീപിടുത്തമുണ്ടായി രണ്ടു മാസത്തിനുശേഷം, അൾത്താരാ കൂദാശാ വാർഷികത്തിലും ഇതുപോലെ ദിവ്യബലി അർപ്പണം ക്രമീകരിച്ചിരുന്നു. പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുംമുമ്പേ നടന്ന ആ തിരുക്കർമങ്ങൾക്ക് ആർച്ച്ബിഷപ്പ് മൈക്കൽ ഓപെറ്റിറ്റ് ഉൾപ്പെടെയുള്ള കാർമികർ ഹെൽമറ്റ് ധരിച്ചുകൊണ്ട് കാർമികത്വം വഹിച്ചതും വലിയ വാർത്തയായിരുന്നു. തീപിടുത്തത്തിൽ മേൽക്കൂരയ്ക്കും മറ്റും കാര്യമായ ബലക്ഷയം സംഭവിച്ച സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഈ അസാധാരണ നടപടി.