മരിയാമബാദ് ഒരുങ്ങുന്നു; മുൻവർഷം മുടങ്ങിയ മരിയൻ തീർത്ഥാടനത്തിന് അനുമതി ലഭിച്ച ആനന്ദത്തിൽ പാക് ഗ്രാമം

കോവിഡ് മഹാമാരിമൂലം കഴിഞ്ഞ വർഷം മുടങ്ങിയ മരിയൻ തീർത്ഥാടനത്തിന് ഇത്തവണ അനുമതി ലഭിച്ചതിന്റെ സന്തോഷത്തിൽ പാക്കിസ്ഥാനിലെ മരിയാമബാദ് ഗ്രാമം. ദൈവമാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന വാർഷിക തീർത്ഥാടനമാണിത്. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക്പുര ഗ്രാമത്തിലാണ് മരിയാമബാദ് ദേശീയ തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. മഹാമാരിക്ക് മുമ്പത്തെ വർഷിക തീർത്ഥാടനത്തിൽ 12 ലക്ഷത്തിൽപ്പരം പേരാണ് പങ്കെടുത്തത്. മരിയാമബാദ് എന്ന ഉറുദ് വാക്കിന്റെ അർത്ഥം മേരിയുടെ പട്ടണം എന്നാണ്.

‘പരിശുദ്ധ മേരി, കരുണയുടെ അമ്മ’ എന്ന ആപ്തവാക്യവുമായി സെപ്റ്റംബർ 10- 12 തിയതികളിലാണ് 72-ാമത്‌ തീർത്ഥാടനം നടക്കുക. കർശന സുരക്ഷാ മാർഗനിർദേശങ്ങളോടെയാകും തീർത്ഥാടനമെന്ന് ലാഹോർ അതിരൂപത അറിയിച്ചു. ‘കോവിഡ് മഹാമാരി നിയന്ത്രണവുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകൾ പാലിച്ചും എവാക്‌സിനേഷൻ പൂർത്തിയാക്കിയുമാവണം പങ്കെടുക്കേണ്ടത്. മഹാമാരിയിൽനിന്നുള്ള മുക്തിക്കായി എല്ലാ വിശ്വാസികളും നിരന്തരം പ്രാർത്ഥിക്കണം,’ തീർത്ഥാടനത്തിന് ഒരുക്കമായി ലാഹോർ അതിരൂപത തയാറാക്കിയ കുറിപ്പ് വ്യക്തമാക്കുന്നു.

പഞ്ചാബ് പ്രവിശ്യാ സർക്കാരിന്റെ നിർദേശപ്രകാരമാണ് കഴിഞ്ഞ വർഷം തീർത്ഥാടനം റദ്ദാക്കിയത്. ഇത്തവണത്തെ തീർത്ഥാടനത്തിന് മുന്നോടിയായി, ഷെയ്ഖുപുരയിൽനിന്ന് മരിയമാബാദിലേക്ക് നിർമിക്കുന്ന 4.1 കിലോമീറ്റർ റോഡ് എത്രയും വേഗം പൂർത്തിയാക്കാൻ പഞ്ചാബ് ഗവർണർ ചൗദരി മൊഹമ്മദ് സർവാർ ഉത്തരവിട്ടു. കൂടാതെ, ദൈവാലയത്തിൽ ഒരു ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

തീർത്ഥാടനത്തിന് മാസങ്ങളുണ്ടെങ്കിലും കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ കൃത്യവും കാര്യക്ഷമവുമായ സംഘാടനം ഉറപ്പാക്കാൻ വളരെ നേരത്തെതന്നെ ഒരുക്കങ്ങൾക്ക് അതിരൂപത തുടക്കം കുറിച്ചിട്ടുണ്ട്. തീർത്ഥാടനത്തിലുടനീളം കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ ഇടവക വികാരിമാരിലൂടെ വിശ്വാസികളിലേക്ക് കൈമാറാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് തീർത്ഥാടനത്തിന്റെ ചുമതല വഹിക്കുന്ന ഫാ. തൗസീഫ് യൂസഫ് അറിയിച്ചു.