പരിശുദ്ധ ദൈവമാതാവിന്റെ അത്ഭുത കാശുരൂപം (മിറക്കിൾ മെഡൽ) കഴുത്തിലണിഞ്ഞ് സ്വർണ മെഡൽ സ്വീകരിക്കാനെത്തിയ വെയ്റ്റ് ലിഫ്റ്റിംഗ് താരം, സ്വർണ നേട്ടത്തിലേക്ക് നയിച്ച പ്രാർത്ഥനയുടെ ശക്തി വെളിപ്പെടുത്തി സർഫിംഗ് താരം, സ്വർണ മെഡൽ സമ്മാനിച്ച ദൈവകൃപയ്ക്ക് പരസ്യമായി നന്ദി അർപ്പിച്ച് മറ്റൊരു വെയ്റ്റ് ലിഫ്റ്റിംഗ് താരം! ഒളിംപിക്‌സ് വേദികളിൽനിന്ന് ക്രിസ്തീയ വിശ്വാസപ്രഘോഷണങ്ങൾ മുഴങ്ങുന്ന പതിവിന് ടോക്കിയോയിലും മാറ്റമില്ല.
‘മിറക്കിൾ മെഡൽ’ അണിഞ്ഞ് സ്വർണ മെഡൽ സ്വീകരിക്കാനെത്തിയ ഫിലിപ്പൈൻസ് വെയ്റ്റ്‌ലിഫ്റ്റിംഗ് (55 കിലോഗ്രാം വിഭാഗം) താരം ഹിഡില്യൻ ഡയസിലൂടെയാണ് ഇത്തവണത്തെ ആദ്യ സാക്ഷ്യം പിറന്നതെങ്കിൽ, ഇപ്പോൾ തരംഗമാകുന്നത് സ്വർണ നേട്ടം കരസ്ഥമാക്കിയ മറ്റ് രണ്ട് താരങ്ങളുടെ വിശ്വാസപ്രഖ്യാപനമാണ്. ഇക്വഡോറിയൻ വെയ്റ്റ് ലിഫ്റ്റിംഗ് (76 കിലോഗ്രാം വിഭാഗം) താരം നീസി ഡജോംസാണ് അതിലൊരാൾ. മറ്റൊരാൾ, ബ്രസീലിയൻ സർഫിംഗ് താരം ഇറ്റാലോ ഫെറേര.
തന്റെ നേട്ടം നീസി ദൈവത്തിന് സമർപ്പിക്കുമ്പോൾ, പ്രാർത്ഥനയുടെ അത്ഭുത ശക്തി പരസ്യമായി പ്രഘോഷിച്ചാണ് ഇറ്റാലോ ഫെറേര തന്റെ നേട്ടം ദൈവത്തിന് സമർപ്പിച്ചത്. ‘ഈ അപൂർവ നേട്ടം കൈവരിക്കാൻ സഹായിച്ചത് പ്രാർത്ഥനയാണ്. എല്ലാ ദിവസവും പുലർച്ചെ 3.00ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു,’ ഇറ്റാലോ ഫെറേര പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സാക്ഷ്യപ്പെടുത്തി.
മറ്റുള്ളവർ ഉറങ്ങുന്ന സമയമായതിനാലും കൂടുതൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നതിനാലും ദൈവവുമായി സംസാരിക്കാൻ ഏറ്റവും ഉചിതമായ സമയം അതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ സാക്ഷ്യം. അൾത്താരയ്ക്കു മുന്നിൽ നിത്യം പ്രാർത്ഥിക്കുന്ന അമ്മയിൽനിന്നാണ് തനിക്ക് വിശ്വാസം പകർന്നു കിട്ടിയതെന്നും ഇറ്റാലോ കൂട്ടിച്ചേർത്തു. ഒളിംപിക്‌സിൽ ഈ വർഷം ഉൾപ്പെടുത്തിയ സർഫിംഗിൽ ആദ്യ സ്വർണ നേതാവ് എന്ന ഖ്യാതിയും ഇദ്ദേഹത്തിന് സ്വന്തം.
ഒളിമ്പിക്‌സിൽ സ്വർണം നേടിയ ആദ്യ ഇക്വഡോറിയൻ വനിതയാണ് 23 വയസുകാരിയായ നീസി. തന്റെ നേട്ടത്തെക്കുറിച്ച് ഇപ്രകാരമായിരുന്നു അവരുടെ പ്രതികരണം: ‘വളരെയേറെ വേദനയുടെ നാളുകളിലൂടെയാണ് ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ അമ്മയെയും അടുത്തിടെ സഹോദരനെയും നഷ്ടപ്പെട്ടു. എന്റെ നേട്ടങ്ങളെല്ലാം അവരുടെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു. ഈ മെഡൽ എനിക്ക് നൽകിയ ദൈവത്തിന് നന്ദി.

