കൊവിഡ് കാലത്ത് മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പ്പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നായിരുന്നു ചോദ്യം. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിച്ചു.
കടകളില്‍ പോകുന്നവര്‍ വാക്സീന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ തിരക്കാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നത്. ഇത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് കാണുന്നതെന്നും കോടതി പറഞ്ഞു. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സീന്‍ എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സീന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന്‍ എടുക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മറുപടി നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ പുതുക്കി പുറത്തിറക്കിയ കൊവിഡ് മാനദണ്ഡങ്ങളില്‍ മദ്യശാലകളില്‍ പോകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും വാക്സീനും നിര്‍ബന്ധമാക്കിയിരുന്നില്ല. ഹൈക്കോടതി നേരത്തെ പരിഗണിക്കുന്ന ഈ കേസ് ഇന്ന് വാദത്തിനെത്തിയപ്പോഴാണ് ഈ കാര്യം കോടതി തന്നെ ഉന്നയിച്ചത്. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാത്തതിലും മദ്യം വാങ്ങാനെത്തുന്നവരോടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും നേരത്തെയും കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതാണ്.

