ആന്‍ മേരി ജോസഫ് പുളിക്കല്‍
ക്രിസ്തീയ വിശ്വാസത്തിനുനേരെയുള്ള കടന്നുകയറ്റം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് വഴിതെളി ച്ചിരിക്കുകയാണ് ഈയടുത്തകാലത്തുനടന്ന കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാര പ്രഖ്യാപനങ്ങള്‍. ഈ പുരസ്കാര പ്രഖ്യാപനത്തില്‍, കാര്‍ട്ടൂണ്‍ വിഷയത്തില്‍ പുരസ്കാരംനേടിയത് ‘വിശ്വാസം രക്ഷതിഃ’ എന്ന ശ്രീ. സുബാഷ് കെ.കെയുടെ രചനയാണ്. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്കാരത്തിനായി തിരഞ്ഞെ ടുത്തതും പ്രസിദ്ധീകരിച്ചതുമായ ഈ കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണ്. കാര്‍ട്ടൂണുകള്‍ക്ക് മനുഷ്യരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും കഴിയണം എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ പ്രസ്തുത കാര്‍ട്ടൂണ്‍ സഭാവിരോധികളെമാത്രം ചിരിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസപ്രതീകമായ നല്ല ഇടയന്‍റെ പ്രതീകത്തെയാണ് കുരിശിനുപകരം അടിവസ്ത്രംവരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ പുരസ്കാരം നല്‍കി ആദരിച്ചിരിക്കുന്നത്. ലളിതകലകള്‍ എന്നാല്‍ അശ്ലീലവും ആഭാസവും നിറഞ്ഞതാണെന്നും അതിനെ പാലൂട്ടി വളര്‍ത്തുന്നവരാണ് തങ്ങളെന്നും പറയാതെ പറയുകയാണ് ലളിതകലാ അക്കാദമി അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ ചെയ്തത്. അകത്തിടുന്നതെല്ലാം വെളിയില്‍ വരച്ചുകാട്ടി പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്നുംപറഞ്ഞു ന്യായീകരിക്കുന്നവരോട് ഒരു ചോദ്യം. ഇങ്ങനെ തോന്ന്യാസം വരച്ചുവയ്ക്കുന്ന ഒരു ചിത്രത്തിന് അവാര്‍ഡ് നല്‍കി ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനെ എന്തു പേര് വിളിക്കണം?
ഈ കാര്‍ട്ടൂണിനെതിരെ ക്രൈസ്തവര്‍ ശക്തമായി പ്രതികരിക്കുകയും ഭരണതലത്തില്‍പോലും എതിര്‍പ്പ് പ്രകടമാക്കുകയും ചെയ്തിട്ട് പോലും ലളിതകലാ അക്കാദമി ഈ അവാര്‍ഡ് പിന്‍വലിക്കുവാനോ ഖേദം പ്രകടിപ്പിക്കുവാനോ തയ്യാറാകാതെ മ്ലേച്ഛത തങ്ങള്‍ക്ക് ആഭരണമാണ് എന്ന് തുറന്നുപറയുകയാണ് ചെയ്തത്. ‘സംസ്കാരസമ്പന്നം’ എന്ന് സ്വയം അഭിമാനിച്ചിരുന്ന കേരളമിപ്പോള്‍ അശ്ലീലവും ആഭാസവുമെല്ലാം പരിപോഷിപ്പിക്കുന്ന ലളിതകലാ അക്കാദമി പോലെയുള്ള പ്രസ്ഥാനത്തെയോര്‍ത്തു കണ്ണീര്‍ പൊഴിക്കുന്നുണ്ടാവും. പ്രസ്തുത അക്കാദമി തങ്ങളുടെ തെറ്റ് അംഗീകരിക്കുന്നതിന് പകരം അംശവടി എന്നത് അധികാരത്തിന്‍റെ ചിഹ്നം ആണെന്നും അതിന് സഭയുമായോ വിശാസവുമായോ യാതൊരു ബന്ധവുമില്ലെന്നുമുള്ള മുടന്തന്‍ ന്യായമാണ് മുന്നോട്ടു വയ്ക്കുന്നത്. സഭ എന്തെന്നോ സഭയുടെ പ്രതീകങ്ങള്‍ എന്തെന്നോ ഒരിത്തിരിപോലും അറിവില്ലാത്ത ഈ പ്രസ്ഥാനമാണോ അംശവടിയുടെ അര്‍ത്ഥം എന്തെന്ന് തീരുമാനിക്കുന്നത്? മാര്‍പ്പാപ്പയെക്കാളും മെത്രാന്മാരെക്കാളും സഭയെക്കുറിച്ചു ബോധ്യമുള്ളവരാണ് തങ്ങള്‍ എന്നാണ് ലളിതകലാ അക്കാദമിയുടെ വാദം!
എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും തലവന്മാര്‍ ഉപയോഗിക്കുന്ന പ്രസ്തുത അംശവടി നല്ലയിടയനായ ഈശോയുടെ പ്രതീകമാണ്. നല്ല ഇടയന്‍ യഥാര്‍ത്ഥത്തില്‍ മിശിഹാ മാത്രമേയുള്ളൂ. അതുകൊണ്ടാണ് നല്ല ഇടയന്‍ ആകാനുള്ള അവരുടെ വിളി ഓര്‍ക്കുന്നതിനുവേണ്ടി മെത്രാന്മാര്‍ നല്ല ഇടയന്‍റെ അടയാളം കയ്യില്‍ ഏന്തുന്നത്. മദ്ധ്യപൂര്‍വ്വദേശങ്ങളിലെ ആട്ടിടയന്മാരുടെ ആയുധവും അടയാളവുമായിരുന്ന നീളമുള്ള വടിയില്‍ ഈശോമിശിഹാ പകരുന്ന രക്ഷയുടെ അടയാളമായ കുരിശ് ആലേഖനം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്താണ് അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായ മെത്രാന്മാരുടെ അംശവടി തയ്യാറാക്കുന്നത്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസ് ശ്ലീഹായോട് ‘എന്‍റെ ആടുകളെ മേയിക്കുക’ എന്നു പറഞ്ഞ് മിശിഹാ ഭരമേല്‍പ്പിച്ച ഉത്തരവാദിത്വം നല്ല ഇടയന്‍റെ മനോഭാവത്തോടെ ഏറ്റെടുത്ത് നിര്‍വഹിക്കുവാന്‍ തങ്ങള്‍ തയ്യാറാണെന്നും ദൈവജനത്തെ നയിക്കുവാനും രൂപപ്പെടുത്തുവാനും ശുശ്രൂഷിക്കുവാനും തങ്ങള്‍ സജ്ജരാണെന്നും ഏറ്റുപറയുന്നതിന്‍റെ പ്രതീകമാണ് അപ്പസ്തോലന്മാരുടെ പിന്ഗാമികളായ മെത്രാന്മാര്‍ കയ്യില്‍ പേറുന്ന അംശവടി.
സഭയിലെ പൗരോഹിത്യത്തെ വിമര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാവാം ചിത്രകാരന്‍ ഇങ്ങനെ വരച്ചുചേര്‍ത്തത്. എന്നാല്‍ അതിനപ്പുറത്തേയ്ക്ക് ഇതിന് മാനങ്ങളുണ്ട്. ഒരു മതപ്രതീകത്തെ വളരെ ആക്ഷേപകരമായി ചിത്രീകരിക്കുമ്പോള്‍ അത് മതവിശ്വാസികളുടെ ഹൃദയത്തില്‍ വേദനയുണ്ടാക്കും. അവരുടെ വിശ്വാസവുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്ന മതപ്രതീകങ്ങള്‍ അപഹാസ്യവും പരിഹാസ്യവുമായി ചിത്രീകരിക്കുകയും അത് മറ്റുള്ളവരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍ അങ്ങേയറ്റം ആക്ഷേപകരമായ ഒന്നായി അതു മാറുന്നു. ഇവിടെ സംഭവിച്ചത് ഒരു പടികൂടി അപ്പുറത്താണ് എന്നു പറയാതെവയ്യ. ഏതെങ്കിലും ഒരു കലാകാരന് വികലമായ ഭാവനകള്‍ തോന്നിയാല്‍തന്നെ അയാള്‍ അത് എവിടെയെങ്കിലും വരച്ചുവച്ചു നിര്‍വൃതിയടയട്ടെ. എന്നാല്‍ ഇങ്ങനെയുള്ള വികലമായ ഭാവനകള്‍ കണ്ടെത്തി പുരസ്കാരമൊക്കെ നല്‍കുന്നത് ധാര്‍മികതയുള്ള മനുഷ്യര്‍ക്ക് അസഹനീയമായ ഒന്നാണ്. ഉത്തരവാദിത്വമുള്ള ഒരു സര്‍ക്കാര്‍ എല്ലാ മതവിഭാഗങ്ങളും സമാധാനത്തില്‍ കഴിയുന്ന കേരളം പോലെയുള്ള ഒരു സംസ്ഥാനത്തു ഇത്തരം വികലഭാവനകളെ പ്രോത്സാഹിപ്പിക്കുന്നത് അപ ലപനീയമാണ്. ഇതിനെയൊക്കെ നിരുത്സാഹപ്പെടുത്തേണ്ടവര്‍ ഇതൊക്കെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ വിഷമവും ധര്‍മ്മരോഷവും ഒരുപോലെ തോന്നുന്നു. കലാകാരന്മാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യത്തെ തീര്‍ച്ചയായും ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു. പക്ഷെ കേരളം പോലെയുള്ള ഒരു സംസ്ഥാനത്തു സാംസ്കാരികനായകന്മാരുടെയും കലാകാരന്മാരുടെയും ആവിഷ്കാരം എത്രമാത്രം താണുപോകാം എന്നുകൂടി ചിന്തിക്കണം. അവരുടെ വികലമായ ചിന്തകളോ കാഴ്ചപ്പാടുകളോ വ്യക്തിവിരോധമോ ഏതെങ്കിലും സമുദായത്തോടുള്ള വിരോധമോ അശ്ലീലകരമായി ചിത്രീകരിക്കുമ്പോള്‍ പൊതുസമൂഹത്തിന് മുന്‍പില്‍ പുരസ്കാരം നല്‍കി മാതൃകയാക്കേണ്ടതാണോ എന്നും അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതാണോ എന്നുംകൂടി ചിന്തിക്കണം.
ഏറെ വിവാദമായ പ്രസ്തുത കാര്‍ട്ടൂണിനെതിരെ വിശ്വാസികള്‍ പ്രതികരിക്കുന്നത് ആരുടെയും പ്രേരണകൊണ്ടല്ല, മറിച്ച് വിശ്വാസത്തെ വ്രണപ്പെടുത്തിയതുകൊണ്ടാണ്. പ്രതിഷേധത്തിനുള്ള പ്രധാന കാരണം വിശ്വാസത്തിന്‍റെ പ്രതീകമായ കുരിശ് അവഹേളിക്കപ്പെട്ടു എന്നതുതന്നെയാണ്. ദൈവത്തിന്‍റെ നിയോഗം ഏല്പിച്ചതിന്‍റെ അടയാളമായി സഭ മെത്രാന്മാരെ ഏല്പിച്ചിരിക്കുന്ന അംശവടിയും അതില്‍ മുദ്രിതമായിരിക്കുന്ന പരിപാവനമായി തങ്ങള്‍ വണങ്ങുന്ന കുരിശും അവഹേളിച്ചതിനാണ് ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നത്. ക്രൈസ്തവസഭകളുടെ വിശ്വാസപരമായ അടയാളങ്ങളെ അധിക്ഷേപിച്ചതിന് ഒരു ജനാധിപത്യസംവിധാനത്തിലെ പൊതുസംവിധാനം അവാര്‍ഡു നല്കുക കൂടി ചെയ്യുന്നത് ക്രൈസ്തവവിശ്വാസത്തോടും മതവിശ്വാസത്തിന്‍റെ അടയാളങ്ങളോടും പൈതൃകങ്ങളോടുമുള്ള അളവറ്റ അവഹേളനം മാത്രമാണ്.
മെത്രാന്‍ കുറ്റം ചെയ്തു എന്നു തെളിയിക്കപ്പെടുകയോ അദ്ദേഹം ശിക്ഷിക്കപ്പെടുകയോ ചെയ്യാതിരിക്കെ, അദ്ദേഹം കുറ്റാരോപിതനാണ് എന്നതിന്‍റെമാത്രം പശ്ചാത്തലത്തില്‍ ക്രൈസ്തവസഭകള്‍ നല്ലയിടയനായ ഈശോയുടെ പ്രതീകമായി കണ്ടാദരിക്കുന്ന അംശവടിയില്‍ രക്ഷയുടെ പ്രതീകമായി ക്രൈസ്തവര്‍ വണങ്ങുന്ന കുരിശിനെ അടിവസ്ത്രംകൊണ്ടു മറച്ചത് മതപ്രതീകങ്ങളോടുള്ള തികഞ്ഞ അവഹേളനമാണ്. ഇനിയിപ്പോള്‍ മെത്രാന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തന്നെയും ക്രൈസ്തവബോധ്യങ്ങളുടെയും വിശുദ്ധ പാരമ്പര്യങ്ങളുടെയും ഭാഗമായ ഇത്തരം പ്രതീകങ്ങള്‍ എന്തു ദ്രോഹം ചെയ്തു? ഈ ഒരു കാര്‍ട്ടൂണിലൂടെ അവഹേളിക്കപ്പെട്ടത് പ്രസ്തുത മെത്രാനോ അദ്ദേഹത്തിന്‍റെ ചെയ്തികളോ അല്ല എന്നു നാം മനസ്സിലാക്കണം. ഇവിടെ അവഹേളിക്കപ്പെട്ടത് വിശ്വാസികള്‍ ഏറെ ആദരവോടും ഭക്തിയോടും കാണുന്ന രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശാണ്.
കുരിശിനെ അവഹേളിക്കുന്നതില്‍ വിശ്വാസികള്‍ ആദ്യമായിട്ടല്ല പ്രതികരിക്കുന്നത്. രണ്ടായിരം വര്‍ഷത്തോളം പഴക്കമുള്ള സഭയില്‍ എന്നൊക്കെ ആരൊക്കെ കുരിശിനെ അവഹേളിച്ചിട്ടുണ്ടോ അന്നൊക്കെ വിശ്വാസികള്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം മൂന്നാം അധ്യായം പതിനെട്ടാം വാക്യത്തില്‍ നാം ഇങ്ങനെ കാണുന്നുണ്ട്: ‘എന്നാല്‍, പലരും ക്രിസ്തുവിന്‍െറ കുരിശിന്‍െറ ശത്രുക്കളായി ജീവിക്കുന്നു എന്ന് പലപ്പോഴും നിങ്ങളോടു ഞാന്‍ പറഞ്ഞിട്ടുള്ളതുതന്നെ ഇപ്പോള്‍ കണ്ണീരോടെ ആവര്‍ത്തിക്കുന്നു.’
നൂറ്റാണ്ടുകള്‍ക്കുമുമ്പ് രചിക്കപ്പെട്ട ഈ ലേഖനത്തില്‍പോലും കുരിശിന്‍റെ ശത്രുക്കളെ നമുക്ക് കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഇന്നതുകാണുന്നതില്‍ നാം അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ അന്ന് എങ്ങനെയൊക്കെ നാം പ്രതികരിച്ചോ, അതുപോലെതന്നെയോ അതിലുംശക്തമായോ നാമിന്നും പ്രതികരിക്കണം. തുടര്‍ന്ന് ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം മൂന്നാം അധ്യായം പത്തൊന്‍പതാം വാക്യത്തില്‍ നാം ഇങ്ങനെ കാണുന്നു:
‘നാശമാണ് അവരുടെ അവസാനം; ഉദരമാണ് അവരുടെ ദൈവം. ലജ്ജാകരമായതില്‍ അവര്‍ അഭിമാനംകൊള്ളുന്നു.’
അതെ ലജ്ജാകരമായതില്‍ അവര്‍ അഭിമാനം കൊള്ളുന്നു. അതുകൊണ്ടാണല്ലോ അംശവടിയുടെ അറ്റത്ത് കുരിശിനുപകരം അടിവസ്ത്രം വരച്ചുചേര്‍ത്തു ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില്‍ അഴിഞ്ഞാട്ടം നടത്തുന്നത്.
അകത്തിടുന്ന അടിവസ്ത്രം പുറത്തുകാട്ടുന്നത് കലാകാരന് അഭിമാനമായിരിക്കാം, എന്നാല്‍ അത് കാണുന്നവര്‍ക്ക് അത്ര സുഖകരമായിരിക്കില്ല. അടിവസ്ത്രം നമ്മളെല്ലാവരും ധരിക്കാറുള്ളതുതന്നെ. എന്നാല്‍ അകത്ത് ഇടുന്നത് വെളിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആവിഷ്കാരസ്വാതന്ത്ര്യം എന്നല്ല, മറ്റെന്തെങ്കിലും പേര് വിളിക്കേണ്ടിവരും. മാത്രമല്ല, ഇതിനൊക്കെ അവാര്‍ഡ് നല്‍കുകയും പ്രോത്സാ ഹിപ്പിക്കുകയും ചെയ്യുന്ന അക്കാദമിയെ ലളിതകലാ അക്കാദമി എന്നല്ല, ‘അശ്ലീലകലാ അക്കാദമി’ എന്ന് വിളിക്കേണ്ടിവരും. എവിടെപ്പോയി നമ്മുടെ ധാര്‍മികതയൊക്കെ? ധാര്‍മികത ഒരല്‍പമെങ്കിലും അവശേഷിക്കുന്ന മനുഷ്യര്‍ ഇന്നീ ലോകത്ത് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെല്ലാവരും ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരില്‍ ചെയ്തുകൂട്ടുന്ന ഈ പേക്കൂത്തിനെതിരെ പ്രതികരിക്കണം. ഇത് ക്രൈസ്ത വവിശ്വാസത്തിന്‍റെമാത്രം പ്രശ്നമായിട്ടല്ല മാറിക്കൊണ്ടിരിക്കുന്നത്; മറിച്ച് ഒരു സമൂഹത്തിന്‍റെയും അവരുടെ സംസ്കാരത്തിന്‍റെയും പ്രശ്നമായി മാറിക്കൊ ണ്ടിരിക്കുകയാണ്. നമ്മുടെ പൂര്‍വികര്‍, അതേത് മതത്തില്‍പ്പെട്ടവര്‍ ആയിക്കൊള്ളട്ടെ, അവര്‍ വളരെ ആദരവോടെയും അഭിമാനത്തോടെയും കണ്ടിരുന്ന മതമുദ്രകള്‍, അവര്‍ വസ്ത്രധാരണത്തിലും കുടുംബജീവിതത്തിലും അവരുടെ സമൂഹജീവിതത്തിലും നിലനിര്‍ത്തിക്കൊണ്ടിരുന്ന ആദരവ് അര്‍ഹിക്കുന്ന മൂല്യങ്ങള്‍, അവയൊക്കെ ചവറ്റുകുട്ടയിലിട്ടിട്ട് അതൊക്കെ ഒരു ആവിഷ്കാരസ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് നടക്കുന്നവര്‍ക്കെതിരെ പ്രതികരിക്കുകതന്നെ വേണം! എല്ലാ പേക്കൂത്തിനെയും ആവിഷ്കാരസ്വാതന്ത്ര്യമായി പ്രഘോഷിക്കുന്ന ഈയൊരു ശൈലിക്കെതിരെ ജാതിമതവ്യത്യാസമില്ലാതെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതല്ലെങ്കില്‍ ഈ സംസ്കാരം നമുക്ക് അന്യംനിന്ന് പോവുകയാണെന്നും ഓര്‍മിപ്പിക്കുന്നു.
ഈ കാര്‍ട്ടൂണിനെ ന്യായീകരിച്ചുകൊണ്ടു ആവിഷ്കാരസ്വാതന്ത്ര്യം പലരീതിയില്‍ അവതരിപ്പിക്കുകയുണ്ടായി. ചിലര്‍ക്ക് മാത്രമേ ആവിഷ്കാരസ്വാതന്ത്ര്യം ഉള്ളോ? അത് എല്ലാവര്‍ക്കും ബാധകമല്ലേ? ഭരണഘടന നല്‍കുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഞങ്ങളും പടപൊരുതുന്നത്. ഓരോ മതത്തിനും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കുവാനും, അവരുടെ വിശ്വാസത്തിന്‍റെ പ്രതീകങ്ങളെ ആദരവോടുകൂടി സംരക്ഷിക്കാനുമുള്ള അവകാശം ഇവിടുത്തെ ഭരണഘടന നല്‍കിയിട്ടുണ്ട്. ഈ ആവിഷ്കാരസ്വാതന്ത്ര്യത്തിനുനേരേയുള്ള കടന്നുകയറ്റത്തിനെതിരെ എന്തുകൊണ്ടാണ് ഇവിടുത്തെ സാംസ്കാരികനായകന്മാര്‍ പ്രതികരിക്കാത്തത് എന്ന് അത്ഭുതപ്പെട്ടു പോവുകയാണ്. ചിലര്‍ക്കുമാത്രം ആവിഷ്കാരസ്വാതന്ത്യം! തോന്ന്യാസം ചെയ്യുന്നതിനാണ് ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറയുന്നതെങ്കില്‍ ഭരണഘടനയൊന്നും ഞങ്ങള്‍ക്ക് പ്രശ്നമല്ല. തോന്നിവാസത്തിന് എന്ത് ഭരണഘടന! സമൂഹത്തെ അവഹേളിക്കുന്ന, സംസ്കാരത്തെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ വേറെയും ഉണ്ടാകാം; എന്നാല്‍ അതൊന്നും ഒരു സംഘടനയും പ്രസിദ്ധീകരിച്ചതായി ആരും കണ്ടിട്ടില്ല. എന്നാല്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. നമ്മുടെ സംസ്കാരത്തിന്‍റെ നെറുംതലയ്ക്കേറ്റ അടിപോലെ, നമ്മുടെ നെഞ്ചത്തേക്ക് വലിച്ചെറിഞ്ഞ കൊടിയ അവഹേളനമായിട്ടു ഈ ചിത്രകല മാത്രമല്ല മാറിയത്, അവാര്‍ഡ് കൊടുത്ത ലളിതകലാ അക്കാദമി, അതംഗീകരിച്ച ഗവണ്‍മെന്‍റ് തലത്തിലുള്ള ആരൊക്കെയുണ്ടോ അവരൊക്കെ കാരണമായി. ഇവരൊക്കെ നമ്മുടെ നെഞ്ചത്തു കയറിനിന്നാണ് ഭരതനാട്യം കളിക്കുന്നത്. ഇതിനെതിരെയാണ് നമ്മുടെ സാംസ്കാരിക സമൂഹം ഒന്നടങ്കം പ്രതികരിക്കേണ്ടത്.
കാര്‍ട്ടൂണിനെപ്രതി ഏറ്റവുംകൂടുതല്‍ ആഹ്ലാദപ്രകടനം നടത്തിയത് അങഠ, ടഛട പോലുള്ള സംഘടനകളാണ്. നാമമാത്ര ക്രിസ്ത്യാനികളായ പലരും ഇതിനെ ന്യായീകരിക്കുന്നതും പിന്തുണയ്ക്കുന്നതും കാണാനിടയായി. എറണാകുളം ആസ്ഥാനമായി കേരളകത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ക്കെതിരെ രൂപപ്പെടുത്തിയ വ്യാജരേഖകളുടെ ഉറവിടംതേടിയുള്ള അന്വേഷണങ്ങള്‍ തങ്ങളിലേയ്ക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതില്‍നിന്ന് എല്ലാവരുടെയും ശ്രദ്ധതിരിച്ചു കാര്‍ട്ടൂണിലേയ്ക്ക് ശ്രദ്ധ പതിപ്പിക്കുവാനുള്ള തിടുക്കത്തില്‍ ഇവര്‍ പലതും ചെയ്തുകൂട്ടുകയുണ്ടായി. പ്രസ്തുത കാര്‍ട്ടൂണിനെ പിന്തുണച്ച് കത്തുകള്‍ എഴുതുന്നതിലും ക്രൈസ്തവ സംഘടനകള്‍ക്ക് ഒരെതിര്‍പ്പും ഇല്ലെന്ന് അക്കാദമിയെ വിളിച്ചറിയിക്കുന്നതിലും ഇവര്‍ ശ്രദ്ധചെലുത്തി.
ഇതൊക്കെ തങ്ങളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന കേസന്വേഷണത്തെ വഴിതിരിച്ചു വിടാനുള്ള അടവുകള്‍ മാത്രമാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാകും. ഒരു മെത്രാനോ വൈദികനോ എന്തെങ്കിലും തെറ്റുചെയ്താല്‍, അതൊക്കെ സഭയുടെ വിശ്വാസ പ്രതീകങ്ങളെയും പാരമ്പര്യങ്ങളെയും ആരാധനാക്രമത്തെയും അധിക്ഷേപിക്കാനുള്ള ലൈസന്‍സായിട്ടാണ് ഇക്കൂട്ടര്‍ കാണുന്നത്. കാല്‍ച്ചുവട്ടിലെ മണ്ണാണ് തങ്ങള്‍ മാന്തുന്നതെന്ന് ഒരു വീഴ്ച്ചയുണ്ടാകുന്നതുവരെ ഇവര്‍ തിരിച്ചറിയില്ല. കാരണം അതു തിരിച്ചറിയാനുള്ള ബോധമോ അറിവോ അവര്‍ക്കില്ല. ധാര്‍മികതയും ആത്മീയതയും ഏഴയലത്ത് വന്നിട്ടില്ലാത്തവരും സിറോ മലബാര്‍സഭ എന്തെന്നോ സഭയുടെ പൈതൃകവും പാരമ്പര്യവും എന്തെന്നോ കാല്‍കാശിന്‍റെ വിവരമില്ലാത്തവരുമായ വിമതരും സഭാവിരുദ്ധരുമാണ് സിറോ മലബാര്‍ സഭയെ ഉദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്! മാധ്യമവാര്‍ത്ത നല്‍കിയും കിട്ടുന്ന അവസരങ്ങളിലെല്ലാം മെത്രാന്മാരെയും വൈദികരെയും തെറിവിളിച്ചും മുന്നേറുന്ന ഇവരുടെ ആഹ്ലാദപ്രകടനങ്ങളും പ്രവൃത്തികളും കാണുമ്പോള്‍ ഈ കാര്‍ട്ടൂണിന്‍റെ പിന്നാമ്പുറത്തു ഇവരുടെ കൈകളുമുണ്ടോ എന്നു സംശയിച്ചു പോവുകയാണ്.
ക്രൈസ്തവസമുദായത്തിനെതിരെ മാത്രമേ ഇതൊക്കെനടക്കൂ എന്നു അവര്‍ക്ക് നന്നായി അറിയാം. മറ്റേതൊരു സമുദായത്തിനെതിരെ അവര്‍ ഈ തോന്ന്യാസം കാണിച്ചാലും പിന്നീട് ഒന്നൂടെ അതാവര്‍ത്തിക്കാന്‍ അവരീ ഭൂമുഖത്ത് ഉണ്ടാവില്ല. ക്രിസ്തുവിന്‍റെ അനുയായികളായ ക്രിസ്ത്യാനികള്‍ വാക്കിലും പ്രവൃത്തിയിലും ക്രിസ്തുവിനെ പേറുന്നവര്‍ ആണല്ലോ. ക്ഷമിക്കാനും സ്നേഹിക്കാനും പഠിപ്പിച്ച മിശിഹായാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ ഏഴ് എഴുപതുവട്ടം നമ്മള്‍ ക്ഷമിക്കുമെന്നു ഇക്കൂട്ടര്‍ക്ക് നന്നായി അറിയാം. നമ്മുടെ പ്രതീകങ്ങളെ അപമാനിച്ച കലാകാരനെയോ കുടുംബാംഗങ്ങളെയോ നമ്മളിലാരും പോയി തല്ലില്ല. ലളിതകലാ അക്കാദമി നമ്മള്‍പോയി തല്ലിത്തകര്‍ക്കില്ല. അതുകൊണ്ടുതന്നെ നമ്മുടെ നേരെ എന്തു തോന്ന്യാസവും ആകാല്ലോ!

