രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്കൗണ്ട് കൂട്ടത്തോടെ ലോക്ക് ചെയ്ത് ട്വിറ്റര്‍

ദില്ലി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും നേതാക്കളുടെയും അക്കൗണ്ട് കൂട്ടത്തോടെ ലോക്ക് ചെയ്ത് ട്വിറ്റര്‍. ദില്ലിയില്‍ ലൈംഗീക അതിക്രമത്തിന് ഇരയായ ബാലികയുടെ കുടുംബത്തിന്‍റെ ചിത്രം പങ്കുവെച്ചതിനാണ് നടപടി. അക്കൗണ്ട് ലോക്ക് ചെയ്തതുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നേറ്റം നിലയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഞ്ച് ദിവസം മുമ്ബ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റര്‍ ലോക്ക് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ് പങ്കുവെച്ച കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിനും ലോക്ക് വീണത്. പാര്‍ട്ടി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍, നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, അജയ് മക്കന്‍, സുഷ്മിത ദേവ്, മാണിക്കം ടാഗോര്‍ എന്നിവരുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടു.

എത്ര ദിവസത്തേക്കാണ് നടപടിയെന്ന് വിശദീകരിച്ചിട്ടില്ല. അഞ്ച് ദിവസമായിട്ടും രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടിനുള്ള ലോക്ക് തുടരുകയാണ്.

ദില്ലിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി ബാലിക കൊല്ലപ്പെടുകയും മൃതദേഹം അക്രമികള്‍ ദഹിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വലിയ പ്രതിഷേധം നടന്നിരുന്നു. ബാലികയുടെ കുടുംബത്തെ കാണാനെത്തിയ രാഹുല്‍ ഗാന്ധി ആ ചിത്രം ട്വീറ്ററില്‍ പങ്കുവെച്ചതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. പോക്സോ നിയമത്തിന്‍റെ ലംഘനമാണ് നടന്നതെന്നും രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും എതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നലെ ദില്ലി ഹൈക്കോടതി പരിഗണിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായി ട്വിറ്റര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. ആ കേസ് രണ്ടാഴ്ചത്തേക്ക് ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. തൊട്ടുപിന്നാലെയാണ് കൂടുതല്‍ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തുള്ള ട്വിറ്റര്‍ നടപടി. അക്കൗണ്ട് ലോക്ക് ചെയ്തതുകൊണ്ട് ജനങ്ങള്‍ക്ക് വേണ്ടിലുള്ള മുന്നേറ്റം അവസാനിപ്പിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.