സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ കുറ്റവിമുക്തന്‍. തരൂരിന് മേല്‍ ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് ദില്ലി റോസ് അവന്യു കോടതി വിധിച്ചു.
ജഡ്ജി ഗീതാംഞ്ജലി ഗോയല്‍ ആണ് വിധി പറഞ്ഞത്. കേസന്വേഷിച്ച ദില്ലി പൊലീസിന്‍റെ പ്രത്യേക സംഘം നല്‍കിയ കുറ്റപത്രമാണ് കോടതി തള്ളിയത്. തരൂരിനെതിരെ ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനവും ക്രൂരതയും ചുമത്തിയായിരുന്നു പൊലീസ് കുറ്റപത്രം. എല്ലാ കുറ്റങ്ങളും കോടതി തള്ളി.
പൊലീസിനെതിരായ തരൂരിന്‍റെ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. സുനന്ദ പുഷ്കര്‍ ആത്മഹത്യ ചെയ്തതാണെന്ന് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ആത്മഹത്യ പ്രേരണക്കുള്ള കുറ്റം നിലനില്‍ക്കില്ല എന്ന തരൂരിന്‍റെ വാദം കോടതി അംഗീകരിച്ചു. വിവിധ മെഡിക്കല്‍ ബോര്‍ഡുകളുടെ റിപ്പോര്‍ട്ടുകളും കോടതി കണക്കിലെടുത്തു.
സുനന്ദപുഷ്കറിന്‍റെ കുടുംബാംഗങ്ങളാരും പരാതി ഉന്നയിച്ചിട്ടില്ല എന്ന വാദവും കോടതി പരിഗണിച്ചു. ഉത്തരവിനെതിരെ പൊലീസിന് ഹൈക്കോടതിയെ സമീപിക്കാം. ഉത്തരവിന്‍റെ പകര്‍പ്പ് ഗാര്‍ഹിക പീഡന കേസുകൂടിയായതിനാല്‍ പരസ്യപ്പെടുത്തുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
നീതി ഉറപ്പാക്കിയതിന് ശശി തരൂര്‍ കോടതിക്ക് നന്ദി അറിയിച്ചു. ഏഴ് വര്‍ഷമായി വിടാതെ തുടരുന്ന പേടിസ്വപ്നത്തിനാണ് അവസാനമായതെന്നും തരൂര്‍ പ്രതികരിച്ചു. എല്ലാ ആരോപണങ്ങളെയും നേരിട്ട് ജുഡീഷ്യറിയില്‍ താന്‍ വിശ്വാസം അര്‍പ്പിച്ചു എന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി.
സുനന്ദ പുഷ്കര്‍ ദുരൂഹമരണക്കേസില്‍ ഇത് വരെയുണ്ടായ പ്രധാന സംഭവങ്ങള്‍.
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീലാ പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്ക്കറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സുനന്ദയുടെ മരണം ഉറക്കഗുളികയ്ക്കു സമാനമായ മരുന്നുഗുളികകള്‍ അമിതമായി കഴിച്ചതിനാലാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 12 മുറിവുകളുണ്ടെന്നും ഇവയില്‍ ചിലത് പല്ലും നഖവുംകൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
മരണത്തിന് പിന്നാലെ ശശി തരൂരും സുനന്ദയുടെ മകന്‍ ശിവ് മേനോനുമുള്‍പ്പെടെ എട്ടുപേരില്‍ നിന്നു ദില്ലി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് മൊഴിയെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ദില്ലി പോലീസ് പരിശോധിച്ചു. 2014 ജനുവരി 23ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. 2014 മാര്‍ച്ച് 3ന് സുനന്ദ മരിക്കുമ്ബോള്‍ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നും അമിതമായ മരുന്ന് ഉപയോഗമാകാം മരണകാരണമെന്നുമുള്ള ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് പുറത്ത് വന്നു.
2014 ജൂലൈ 02നാണ് വിവാദം അടുത്ത തലത്തിലേക്ക് നീങ്ങുന്നത്. സുനന്ദ പുഷ്ക്കറിന്‍റേത് സ്വാഭാവികമരണമെന്ന് വരുത്താന്‍ ഗുലാം നബി ആസാദില്‍നിന്നും സമ്മര്‍ദ്ദമുണ്ടായെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ എയിംസ് സംഘത്തലവന്‍ ഡോ സുധീര്‍ ഗുപ്തയുടെ പരാമര്‍ശം വിവാദമായി. കേന്ദ്രസര്‍ക്കാര്‍ എയിംസ് അധികൃതരോട് വിശദീകരണം തേടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ഉന്നത ഇടപെടലുണ്ടായെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
മരണകാരണം വിഷം ഉള്ളില്‍ച്ചെന്നതു തന്നെയെന്നായിരുന്നു എയിംസ് രണ്ടാംവട്ടവും നടത്തിയ ആന്തരികാവയവ രാസപരിശോധനയിലെ ഫലം. കുടല്‍ഭാഗ പരിശോധനയില്‍ വിഷാംശം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് എയിംസ് ദില്ലി പോലീസിന് കൈമാറി.
2014 നവംബര്‍ 09ന് സുനന്ദ താമസിച്ചിരുന്ന ഹോട്ടല്‍മുറി പോലീസും വിരലടയാള വിദഗ്ധരും പരിശോധിച്ചു. കിടക്കവിരിയിലും പരവതാനിയിലും ദ്രാവകത്തിന്‍റെ പാടുകള്‍ പോലീസ് കണ്ടെത്തി.
2015 ജനുവരി 06ന് കൊലപാതകത്തിന് ദില്ലി പൊലീസ് കേസെടുത്തു. ആരെയും പ്രതി ചേര്‍ക്കാതെ ഐപിസി 302-ാം വകുപ്പു പ്രകാരമായിരുന്നു കേസ്. തരൂരിന്‍റെ ഓഫീസ് ജീവനക്കാരെ ദില്ലി പോലീസ് ചോദ്യംചെയ്തു. 2015 ജനുവരി 07ന് ദില്ലി പോലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
2015 ജനുവരി 19ന് ശശി തരൂരിനെ പ്രത്യേക അന്വേഷണസംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തു. ഇതിന് പിന്നാലെ 2015 ജനുവരി 28ന്
സമാജ്‍വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍ സിങിനെ ദില്ലി പോലീസ് ചോദ്യം ചെയ്തു. മരിക്കുന്നതിനു 2 ദിവസം മുമ്ബ് സുനന്ദ വിളിച്ച് ഐപിഎല്‍ ഇടപാടുകളെക്കുറിച്ച് സംസാരിച്ചുവെന്ന അമര്‍സിങ്ങിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍.
2015 ജൂലൈ 06ന് സുനന്ദപുഷ്കറിന്‍റെ മരണം സിബിഐ പ്രത്യേകസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 2016 ജൂലൈ 18ന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
2017 ജൂലൈ 20ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ദില്ലി പോലീസിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
2017 ഓഗസ്റ്റ് 01ന് ദില്ലി പോലീസിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി രംഗത്തെത്തി. അന്വേഷണത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു. ദില്ലി പൊലീസ് സമര്‍പ്പിച്ച സ്ഥിതിവിവര റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതെന്നും ഹൈക്കോടതി അന്ന് നിരീക്ഷിച്ചു.

