ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കുള്ള യാത്രാമധ്യേ ഉത്തരപ്രദേശിലെ ഝാന്‍സിയില്‍ വച്ച് രണ്ട് യുവസന്യാസിനികളും, രണ്ട് സന്യാസാര്‍ത്ഥിനികളും ആക്രമിക്കപ്പെടുകയും ട്രെയിനില്‍നിന്ന് അകാരണമായി കസ്റ്റടിയില്‍ എടുക്കുകയും ചെയ്തത് പ്രതിഷേധാര്‍ഹവും രാജ്യശ്രദ്ധ ആവശ്യപ്പെടുന്നതുമാണെന്ന് കെസിബിസി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറലും ഔദ്യോഗിക വക്താവുമായ ഫാ. ജേക്കബ് പാലക്കാപ്പിള്ളി പുറപ്പെടുവിച്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സേക്രട്ട് ഹാര്‍ട്ട് കോണ്ഗ്രിഗേഷന് ഡല്‍ഹി പ്രൊവിന്‍സിലെ അംഗങ്ങളാണിവര്‍. സേക്രട്ട് ഹാര്‍ട്ട് സന്യാസിനീ സമൂഹം കേരളത്തില്‍നിന്നുള്ളതായതിനാലും, അതിക്രമത്തിനിരയായ കന്യാസ്ത്രീമാരില്‍ ഒരാള്‍ മലയാളി ആയതിനാലും കേരള സമൂഹത്തിന്റെയും കേരളസര്‍ക്കാരിന്റെയും പ്രത്യേക ശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.ട്രെയിനില്‍ യാത്രചെയ്തു എന്ന ഒറ്റ കാരണത്താല്‍ ആ സംസ്ഥാനത്തെ മതംമാറ്റ നിരോധന നിയമം ഉപയോഗിച്ച് കേസെടുക്കാനാണ് ശ്രമിച്ചത്. കന്യാസ്ത്രീമാരുടെ കയ്യിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോള്‍ ആരോപണം തെറ്റാണെന്ന് ബോധ്യമായിട്ടും ട്രെയിനില്‍നിന്ന് അവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വനിതാപൊലീസിന്റെ സാന്നിധ്യമില്ലാതെ ബലപ്രയോഗം നടത്തി ഇറക്കിക്കൊണ്ടു പോവുക, അപരിചിതമായ ഒരു സ്ഥലത്തുവച്ച് നാല് സ്ത്രീകളെ അവഹേളിക്കാനായി വലിയൊരാള്‍ക്കൂട്ടത്തെ അനുവദിക്കുക തുടങ്ങി, ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് നല്കുന്ന സുരക്ഷിതത്വത്തെയും, ഇന്ത്യന്‍ ഭരണഘടന നല്കുന്ന പൗരാവകാശത്തെയും ആഴത്തില്‍ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ സംഭവമെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. റെയില്‍വേയും, കേന്ദ്ര സര്‍ക്കാരും, ഉത്തര്‍പ്രദേശ് സര്‍ക്കാരും ഈ സംഭവത്തെക്കുറിച്ചുള്ള പ്രത്യേക അന്വേഷണങ്ങള്‍ നടത്തുകയും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണം. ദേശീയ വനിതാ കമ്മീഷന്റെയുംമനുഷ്യാവകാശ കമ്മീഷന്റെയും ന്യൂനപക്ഷ കമ്മീഷന്റെയും ഇടപെടലും ഈ വിഷയത്തില്‍ കെസിബിസി ആവശ്യപ്പെട്ടു.ഒഡീഷക്കാരായ 19 വയസുള്ള രണ്ട് സന്യാസാര്‍ഥിനികളെ അവധിക്ക് നാട്ടിലാക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്കു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയാണ് ഇക്കഴിഞ്ഞ 19-ന് തീവ്ര ഹിന്ദു വര്‍ഗീയ സംഘടനയായ ബജ്രംഗ്ദളു പ്രവര്‍ത്തകര്‍ ഇവരെ ആക്രമിക്കാനും കള്ളക്കേസില്‍ കുടുക്കാനും പോലീസിന്റെ സഹായത്തോടെ ശ്രമിച്ചത്.
