വവ്വാൽ തന്നെ വില്ലൻ: നിപ്പ സാന്നിധ്യം സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ്പ ഭീതിയിൽ വിറങ്ങലിച്ച കോഴിക്കോട് ജില്ലയിൽനിന്നു പരിശോധനയ്ക്കായി പിടിച്ച ചില വവ്വാൽ ഇനങ്ങളിൽ നിപ്പ വൈറസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. രണ്ടിനം വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നെന്നു സൂചിപ്പിക്കുന്ന പരിശോധന ഫലമാണ് ലഭിച്ചിരിക്കുന്നത്.

നിപ്പയ്ക്കെതിരേയ ആന്‍റിബോഡിയാണ് ചില വവ്വാലുകളിൽ കണ്ടെത്തിയത്. ഇതോടെ ഇവ നിപ്പ വൈറസ് വാഹകരായിരുന്നെന്നു സ്ഥിരീകരിച്ചു. അതേസമയം, ഇക്കാര്യത്തിൽ കൂടുതൽ വിദഗ്ധ പരിശോധനകൾ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.

കോഴിക്കോട്ട് നിപ്പ ബാധിച്ചു പന്ത്രണ്ടു വയസുകാരൻ മരിച്ചതോടെയാണ് ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും രോഗം ഭീതി പരത്തിയത്. സെപ്റ്റംബർ ആദ്യവാരമാണ് കുട്ടിയിൽ നിപ്പ വൈറസിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

നാലു ദിവസമായിട്ടും കടുത്ത പനി കുറയാത്തതിനെത്തുടർന്നാണ് പന്ത്രണ്ടുകാരന്‍റെ സ്രവം പരിശോധനയ്ക്കായി എടുത്തത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഛർദിയും മസ്തിഷ്ക ജ്വരവും രൂക്ഷമായി മരണത്തിനു കീഴടങ്ങി.

ഇതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. നിരവധി മുൻകരുതൽ നടപടികളുമെടുത്തു. സന്പർക്കമുണ്ടായിരുന്നവരെയെല്ലാം ക്വാറന്‍റൈൻ ചെയ്തു നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കി.ബന്ധുക്കളും ആരോഗ്യപ്രവർത്തകരുമടക്കം നിരവധി പേർ ക്വാറന്‍റൈനിൽ ആയിരുന്നു.റോഡുകൾ അടച്ചും മറ്റും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

കേന്ദ്രസംഘം അടക്കം സംസ്ഥാനത്ത് എത്തി. നിപ്പയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടു രോഗം കണ്ടെത്തിയ പ്രദേശത്തെ വളർത്തുമൃഗങ്ങളെ പരിശോധനയ്ക്കു വിധേയമാക്കി. വവ്വാലുകളെയും പിടികൂടി പരിശോധനയ്ക്ക് അയച്ചു.

ഇതിന്‍റെ സാന്പിളിലാണ് രണ്ടിനം വവ്വാലുകളിൽ നിപ്പയ്ക്കെതിരായ ആന്‍റിബോഡി കണ്ടെത്തിയത്. 2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ സ്ഥിരീകരണമുണ്ടായത്. കോഴിക്കോട് പേരാന്പ്ര ചെങ്ങരോത്ത് പഞ്ചായത്തിലായിരുന്നു നിപ്പ.

2019ൽ കൊച്ചിയിലും വൈറസ് കാണപ്പെട്ടെങ്കിലും വളരെപ്പെട്ടെന്നു രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിരുന്നു. കോഴിക്കോട്ട് മരണത്തിനു കീഴടങ്ങിയ കുട്ടി വവ്വാൽ കടിച്ച പേരയ്ക്ക കഴിച്ചതു വഴിയാണ് വൈറസ് ബാധയേറ്റതെന്ന സംശയം ഉയർന്നിരുന്നു. അതു ഏതാണ്ട് ഉറപ്പിക്കുന്നതാണ് ഇപ്പോൾ വവ്വാലിൽ കണ്ടെത്തിയിരിക്കുന്ന ആന്‍റിബോഡി സാന്നിധ്യം.