സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;പരക്കെ നാശനഷ്ടം

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കനത്ത മഴയെ തുടര്‍ന്ന്​ വിവിധയിടങ്ങളില്‍ നാശനഷ്​ടം. മലപ്പുറം ജില്ലയിലെ പള്ളിക്കലില്‍ വീട്​ തകര്‍ന്ന്​ രണ്ട്​ കുട്ടികള്‍ മരിച്ചു.

പള്ളിക്കല്‍ പഞ്ചായത്തിലെ മാതാങ്കുളം മുണ്ടോട്ടപുറം മുഹമ്മദ്​ കുട്ടിയുടെ വീട്​ തകര്‍ന്ന്​ റിസ്​വാന (എട്ട്​), റിന്‍സാന (ഏഴ്​ മാസം) എന്നിവരാണ്​ മരിച്ചത്​. മുഹമ്മദ്​ കുട്ടിയുടെ പേരക്കുട്ടികളാണ്​ അപകടത്തില്‍പ്പെട്ടത്​. കുട്ടികളുടെ മതാവിന്‍റെ വീടാണിത്​.

കനത്ത മഴയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ്​​ അപകടം​. വീടിന്​ സമീപത്തെ മതില്‍ക്കെട്ട്​ തകര്‍ന്നാണ്​ അപകടം. മറ്റൊരു വീടിന്‍റെ നിര്‍മാണം ഇതിന്​ മുകളില്‍ നടക്കുന്നുണ്ട്​. ഇതിന്‍റെ ചുറ്റുമതില്‍ തകര്‍ന്ന്​ വീഴുകയായിരുന്നു. കുട്ടികളുടെ ദേഹത്ത്​ കല്ലുകള്‍ വന്ന്​ പതിച്ചു. മണ്ണിനടിയില്‍നിന്നാണ്​ കുട്ടികളെ പുറത്തെടുത്തത്​.

കുട്ടികളുടെ ഉമ്മയും ഇവരുടെ കൂടെയുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മറ്റു രണ്ടുപേരും വീട്ടിലുണ്ടായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട്​ മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി.

സംസ്​ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ദേശീയ പാതയിലടക്കം വെള്ളം കയറി ഗതാഗതം നിലച്ചു. പുഴയും തോടുകളും കരകവിഞ്ഞ്​ വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി.

പാലക്കാട്​​ അഗളിയില്‍ റോഡിലേക്ക്​ പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടങ്ങളില്‍ മരം വീണ്​​ ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്ബതി ചുരത്തില്‍ മരം കടപുഴകി വീണു.

ചാലക്കുടി പരിയാരത്ത്​ കപ്പത്തോട്​ കരകവിഞ്ഞ്​ വീടുകളില്‍ വെള്ളം കയറി. പെരിങ്ങല്‍ക്കുത്ത്​ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്​. ഇതുകാരണം ചാലക്കുടി പുഴയില്‍ ജലനിരപ്പ്​ ഉയരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. പീച്ചി ഡാമിലെ ജലനിരപ്പും ഉയരുകയാണ്​. ചാലക്കുടി റെയില്‍വേ അടിപ്പാത വെള്ളത്തില്‍ മുങ്ങി.

കൊട്ടാരക്കര വാളകം ജംഗ്ഷന്‍ വെള്ളത്തില്‍ മുങ്ങി. കടകളിലേക്ക് വെള്ളം ഇരച്ചുകയറി ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. നിരവധി വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. ദീര്‍ഘദൂര യാത്രികര്‍ വാളകത്ത് കുടുങ്ങിയിരിക്കുകയാണ്​. ഇരുചക്ര വാഹനങ്ങള്‍ മിക്കതും വെള്ളം കയറി തകരാറിലായി.

കണ്ണൂര്‍ എടക്കാടും വെള്ളത്തിലായി. എടക്കാട് ബസാര്‍, എടക്കാട് പാച്ചാക്കര റോഡ്, മലക്ക് താഴെ റോഡ്, കടവ് റോഡ്, ഇ.എം.എസ് റോഡ് എന്നിവ പൂര്‍ണമായും വെള്ളത്തിനടിയിലായി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്.

കേ​​ര​​ള-​​ക​​ര്‍​​ണാ​​ട​​ക-​​ല​​ക്ഷ​​ദ്വീ​​പ് തീ​​ര​​ങ്ങ​​ളി​​ല്‍ ഒ​​ക്​​​ടോ​​ബ​​ര്‍ 14,15 തീ​​യ​​തി​​ക​​ളി​​ല്‍ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു പോ​​കാ​​ന്‍ പാ​​ടി​​ല്ലെ​​ന്ന്​ കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥ വ​​കു​​പ്പ് അ​​റി​​യി​​ച്ചു. മ​​ണി​​ക്കൂ​​റി​​ല്‍ 40 മു​​ത​​ല്‍ 50 കി.​​മീ​​റ്റ​​ര്‍ വ​​രെ വേ​​ഗ​​ത്തി​​ല്‍ വീ​​ശി​​യ​​ടി​​ച്ചേ​​ക്കാ​​വു​​ന്ന കാ​​റ്റി​​ന് സാ​​ധ്യ​​ത​​യു​​ണ്ട്.

ഇടുക്കിയില്‍ രാത്രി യാത്രക്ക്​ നിരോധനം

ഇടുക്കി ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലൂടെ രാത്രികാല യാത്ര നിരോധിച്ച്‌​ ജില്ല കലക്​ടര്‍ ഉത്തരവ്​ പുറപ്പെടുവിച്ചു. ഒക്​ടോബര്‍ 14 വരെ വൈകീട്ട്​ ഏഴുമുതല്‍ രാവിലെ ആറുവരെയാണ്​ നിരോധനം.

കോവിഡ്​, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവശ്യ സര്‍വിസുകളിലെ ജീവനക്കാര്‍ക്ക്​ ഒൗദ്യോഗിക ആവശ്യങ്ങള്‍ക്ക്​ മാത്രം യാത്രക്ക്​ ഇളവനുവദിക്കും. ജില്ലയില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥ വകുപ്പും ഒാറഞ്ച്​ അലര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ജലനിരപ്പ്​ ഉയരുന്നത്​ കണക്കിലെടുത്ത്​ കല്ലാര്‍കുട്ടി ഡാമി​െന്‍റ ഷട്ടറുകള്‍ തുറന്നു.

അടുത്ത മൂന്ന്​ മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക്​ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​.

ഓറഞ്ച് അലര്‍ട്ട്:

ഒക്ടോബര്‍ 12: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

13: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

14: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം

15: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലര്‍ട്ട്:

ഒക്ടോബര്‍ 12: തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

13: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

14: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

15: എറണാകുളം, ഇടുക്കി, കണ്ണൂര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.