ഒമ്പതാംക്ലാസ് വരെ ‘വീട്ടുപരീക്ഷ’, പുതിയ തീരുമാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ‘വീട്ടുപരീക്ഷ’ യുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ ഒഴിവാക്കിയ സാഹചര്യത്തിലാണ് കുട്ടികളുടെ പഠനനിലവാരം അളക്കാന്‍ വീട്ടില്‍ ഇരുന്നുള്ള പരീക്ഷ സംഘടിപ്പിക്കുന്നത്. പുസ്തക രൂപത്തിലുള്ള പഠന മികവ് രേഖ ഉപയോഗിച്ചാണ് വീട്ടുപരീക്ഷ നടത്തുക.

ഇതിനായി തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു. 8, 9 ക്ലാസുകളിലാണ് ആദ്യഘട്ടത്തില്‍ ഇത്തരത്തില്‍ പരീക്ഷ നടത്തുന്നത്. ലഭിക്കുന്ന പുസ്തകത്തില്‍ മെയ്‌ 10നകം ഉത്തരങ്ങളെഴുതി തിരിച്ചു നല്‍കണം. ഓരോ വിഷയങ്ങളിലെയും പ്രധാന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാധാരണ പരീക്ഷയുടെ രീതിക്കു (ചോദ്യത്തിന് ഉത്തരം എഴുതുക) പകരം കുട്ടികളുടെ ക്രിയാത്മക കഴിവു പ്രയോഗിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്.ഓരോ വിഷയത്തിനും ശരാശരി 20 ചോദ്യങ്ങള്‍ ഉണ്ടാകും. ഒരു പുസ്തകത്തില്‍ തന്നെയാകും എല്ലാ വിഷയങ്ങളുടെയും ചോദ്യങ്ങള്‍. അവയ്ക്കുള്ള ഉത്തരങ്ങളും ഒരേ പുസ്തകത്തില്‍ തന്നെ എഴുതുകയും വേണം. കുട്ടികള്‍ക്ക് സ്വന്തമായി ഉത്തരമെഴുതാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായം നല്‍കാം. നിര്‍ദേശിക്കുന്ന സമയത്തിനുള്ളില്‍ കുട്ടികള്‍ ഉത്തരം എഴുതുന്നു എന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം. അധ്യാപകരുടെ സഹായവും തേടവുന്നതാണ്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാകും കുട്ടികളുടെ സ്കോര്‍ കണക്കാക്കുക.