ആരൊക്കെ മരിച്ചാലാണ് ഭവനങ്ങളില്‍ പെസഹാ അപ്പം പുഴുങ്ങാന്‍ സാധിക്കാത്തത്?

മാര്‍ത്തോമ്മാ നസ്രാണികള്‍ പെസഹാവ്യാഴാഴ്ച വൈകുന്നേരം ഭവനങ്ങളില്‍ നടത്തുന്ന ഒരു വിശ്വാസാചാരമാണ് പെസഹാ ഭക്ഷണം അല്ലെങ്കില്‍ അപ്പം മുറിക്കല്‍. പക്ഷേ, നമ്മുടെ കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചുപോയാല്‍ അപ്പം പുഴുങ്ങുവാനുള്ള സാഹചര്യമോ ആഗ്രഹമോ ഉണ്ടെങ്കിലും, ആ വര്‍ഷം നമ്മള്‍ സാധാരണയായി അപ്പം പുഴുങ്ങാറില്ല. പകരം പാല് മാത്രമേ തയ്യാറാക്കാറുള്ളൂ. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് നമ്മള്‍ അങ്ങനെ ചെയ്യുന്നതെന്ന്, സഭ നമ്മളെ പഠിപ്പിക്കുന്നത് നമ്മള്‍ മരിച്ചുപോയവരെ അനുസ്മരിക്കണം എന്നാണ്. പഴയനിയമ ഗ്രന്ഥങ്ങളില്‍ പൂര്‍വ്വപിതാക്കന്മാരുടെ മരണശേഷം അവരുടെ മക്കള്‍ ചില ദിവസങ്ങളോ മാസങ്ങളോ അവരുടെ സ്മരണ ആചരിച്ചുകൊണ്ട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയില്‍ ചിലവഴിക്കുന്നതായി കാണാറുണ്ട്. നമ്മളും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നവരാണ്. അതുകൊണ്ടാണ് മരിച്ചവര്‍ക്കുവേണ്ടി കുര്‍ബാന ചൊല്ലിക്കുന്നതും അവരുടെ ചാത്തം ആചരിക്കുന്നതുമെല്ലാം. കഴിഞ്ഞവര്‍ഷം നമ്മുടെ ഭവനത്തില്‍ നമ്മുടെ കൂടെ അപ്പം പുഴുങ്ങുവാനും ഭക്ഷിക്കുവാനുമൊക്കെ ഉണ്ടായിരുന്നയാള്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ലായെന്ന് ആ കുടുംബം മുഴുവന്‍ ഓര്‍ക്കുവാനും ആ വ്യക്തിക്കുവേണ്ടി ആ വിശുദ്ധകര്‍മ്മങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുവാനുമാണ് നാം ഇതൊക്കെ ചെയ്യുന്നത്. ആ വര്‍ഷം ആ ഭവനത്തില്‍ കുരിശപ്പം പുഴുങ്ങാതെ ഇരിക്കുമ്പോള്‍ വലിയൊരു ആഘോഷത്തിന്‍റെ സമയത്ത് ആ ഭവനം മരിച്ചുപോയ വ്യക്തിയുടെ സ്മരണ ഉള്‍ക്കൊള്ളുന്നു എന്നതാണ് വാസ്തവം. ഈയൊരു കാരണംകൊണ്ടാണ് ഭവനത്തില്‍നിന്നും ആരെങ്കിലും മരിച്ചുപോയിട്ടുണ്ടെങ്കില്‍ നമ്മള്‍ അപ്പം പുഴുങ്ങാത്തത്.
ആരൊക്കെ മരിച്ചാലാണ് അപ്പം പുഴുങ്ങാന്‍ സാധിക്കാത്തത്?
നമ്മുടെ നേരേ രക്തബന്ധത്തിലുള്ള ആരെങ്കിലും മരിച്ചാലാണ് നമ്മള്‍ അപ്പം പുഴുങ്ങാതിരിക്കുന്നത്. സ്വന്തം അപ്പന്‍, അമ്മ, സഹോദരങ്ങള്‍, അവരുടെ ഭാര്യ, ഭര്‍ത്താവ് സ്വന്തം സഹോദരങ്ങളുടെ മക്കള്‍ ഇങ്ങനെയുള്ള ആരെങ്കിലും മരിച്ചാല്‍ സാധാരണയായി അപ്പം പുഴുങ്ങാറില്ല. അതേസമയം കെട്ടിച്ചയച്ച മക്കളുടെ വീട്ടില്‍ ബന്ധുക്കള്‍ ആരെങ്കിലും മരിച്ചാല്‍ അപ്പം പുഴുങ്ങാതിരിക്കേണ്ടതില്ല. കാരണം വീട്ടുപേര് മാറുകയാണല്ലോ. വീട്ടില്‍ അപ്പം പുഴുങ്ങാതെ ഇരിക്കുമ്പോള്‍ അതൊരു പരിഹാരമായി മരിച്ചയാളുടെ ആത്മാവിന്‍റെ മോക്ഷത്തിനായി നമ്മള്‍ സമര്‍പ്പിക്കുന്നു. അങ്ങനെ വിശുദ്ധവാരത്തില്‍ ആ വ്യക്തിയുടെ സ്മരണ നമ്മള്‍ നിലനിര്‍ത്തുന്നു. ഇത് ആ ഒരു ദിവസമോ ആഴ്ചയോ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല, നമ്മുടെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ നമ്മള്‍ പറയും ഈ വര്‍ഷം നമുക്ക് അപ്പം മുറിക്കാന്‍ സാധിക്കില്ല എന്ന്. അത് സൂചിപ്പിക്കുന്നത് ആ വ്യക്തിയെ നമ്മള്‍ അനുസ്മരിക്കണം, പ്രാര്‍ത്ഥിക്കണം എന്നാണ്.