വമ്പൻ മാറ്റങ്ങളുമായി റയിൽവേ സ്ലീപ്പർ കോച്ചുകൾ നിർത്തലാക്കുന്നു

ന്യൂഡല്‍ഹി: എക്സ്പ്രസ്, മെയില്‍ ട്രെയിനുകളില്‍ ഭാവിയില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാകില്ലെന്നു റെയില്‍വേ. സ്ലീപ്പര്‍ കോച്ചുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കി മുഴുവന്‍ എസി കോച്ചുകളുള്ള ട്രെയിനുകളോടിക്കുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് ആണ് വ്യക്തമാക്കിയത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്ലീപ്പറില്‍ 72 ബെര്‍ത്തുകളാണെങ്കില്‍ പുതിയ എസി ടൂറിസ്റ്റ് ക്ലാസില്‍ 83 ബെര്‍ത്തുകളുണ്ടാകും. ബെര്‍ത്തുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ നിരക്കുകള്‍ കാര്യമായി കൂടില്ലെന്നും തേഡ് എസിക്കും സ്ലീപ്പറിനുമിടിയിലായിരിക്കും പുതിയ ക്ലാസിലെ നിരക്കെന്നും അദ്ദേഹം പറഞ്ഞു.

പാസഞ്ചര്‍ ട്രെയിനുകളില്‍ തുടര്‍ന്നും സ്ലീപ്പര്‍ കോച്ചുകളും ജനറല്‍ കോച്ചുകളുമുണ്ടാകും. മെയില്‍, എക്സ്പ്രസ് ട്രെയിനുകളുടെ വേഗം 2023ല്‍ മണിക്കൂറില്‍ 130 കിലോമീറ്ററും 2025ല്‍ 160 കിലോമീറ്ററുമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണു പുതിയ നടപടി.

1900 മെയില്‍, എക്സ്പ്രസ് ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകള്‍ ഘട്ടം ഘട്ടമായി എസി കോച്ചുകളാക്കി മാറ്റും. വന്ദേഭാരത് എക്സ്പ്രസിനേക്കാള്‍ ഇന്ധന ക്ഷമത കൂടിയ അലൂമിനിയം കോച്ചുകള്‍ ഉപയോഗിച്ചുളള പുതിയ ട്രെയിന്‍ സെറ്റുകള്‍ റായ്ബറേലിയിലെ മോഡേണ്‍ കോച്ച്‌ ഫാക്ടറിയില്‍ നിര്‍മാണത്തിലുണ്ടെന്നും 2022ല്‍ ഇവ പുറത്തിറക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 280 സ്ലീപ്പര്‍ കോച്ചുകള്‍ എസി കോച്ചുകളാക്കി മാറ്റുന്ന പണികള്‍ കപൂര്‍ത്തല കോച്ച്‌ ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. 2.83 കോടി രൂപയാണു ഒരു കോച്ച്‌ എസിയാക്കാന്‍ ചെലവ്.

അതേസമയം പൂര്‍ണമായും എസി കോച്ചുകളോടിക്കാനുള്ള തീരുമാനം കേരളത്തിലോടുന്ന ട്രെയിനുകളെ ബാധിക്കില്ലെന്നു ദക്ഷിണ റെയില്‍വേ അധികൃതര്‍ പറഞ്ഞു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം സാധ്യമാകുന്ന പാതകള്‍ കേരളത്തില്‍ ഇല്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഷൊര്‍ണൂര്‍-എറണാകുളം പാതയിലെ വേഗം 80 കിലോമീറ്റര്‍ മാത്രമാണ്. വളവുകള്‍ കുറഞ്ഞ പുതിയ പാത നിര്‍മിക്കുകയല്ലാതെ വേഗം കൂട്ടാന്‍ കഴിയില്ല. കോട്ടയം റൂട്ടിലും വേഗം കൂട്ടല്‍ എളുപ്പമല്ലെന്നിരിക്കെ കേരളത്തിലോടുന്ന ട്രെയിനുകളില്‍ തുടര്‍ന്നും സ്ലീപ്പര്‍, ജനറല്‍ കോച്ചുകളുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply