എഡിറ്റോറിയൽ
കണക്കുകള്‍ പ്രകാരം അടുത്തകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് 8.6ശതമാനം വില വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓഗസ്റ്റ്- സെപ്തംബര്‍ മാസങ്ങളിലെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ നോക്കിയാല്‍ ധാന്യങ്ങള്‍ 9.57% ല്‍നിന്ന് 11.53% ലേക്കും മത്സ്യ മാംസാദികള്‍ 0.98% ല്‍ നിന്ന് 2.55%ലേക്കും പാലിനും പാലുത്പന്നങ്ങള്‍ക്കും 6.39% ല്‍ നിന്ന് 7.13% ലേക്കും പച്ചക്കറികള്‍ക്ക് 13.23% ല്‍ നിന്ന് 18.05%ലേക്കും തുണി / ചെരുപ്പുകള്‍ക്ക് 9.91% ല്‍ നിന്ന് 10.71% ലേക്കും വിലവര്‍ദ്ധനവുണ്ടായിരിക്കുന്നുവെന്ന് മനസ്സിലാവുന്നു. വിലവര്‍ദ്ധനവിന്‍റെ തോത് ഓഗസ്റ്റില്‍ 5.73 % ആയിരുന്നത് സെപ്തംബറില്‍ 6.45 % ആയിരിക്കുന്നു.
അടിക്കടിയുള്ള വിലവര്‍ധനവ് നമ്മുടെ അന്നം മുട്ടിക്കുമെന്ന നിലയിലാണ്. കിലോയ്ക്ക് 38/ 40 രൂപയ്ക്ക് ലഭ്യമായിരുന്ന അരിയുടെ വില ഇന്ന് 62/65 നിരക്കിലായിരിക്കുന്നു. വട്ട മട്ട അരി 37-ല്‍ നിന്ന് 58 ലേയ്ക്കും, ഉണ്ട മട്ട അരി 29.50 ല്‍ നിന്ന് 41.50 ലേക്കും, ജയ 36-ല്‍ നിന്ന് 56-ലേക്കും വില വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ആന്ധ്രാപ്രദേശില്‍ സര്‍ക്കാര്‍, അരിയുടെ സംഭരണം തുടങ്ങിയതിനാല്‍ പൊതുവിപണിയില്‍ നെല്ലും അരിയും കിട്ടാതായിയെന്നതാണ് വിലക്കയറ്റത്തിന്‍റെ കാരണം. കൂടാതെ കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍ നിന്നും വരുന്ന അരിയുടെ വരവും കുറഞ്ഞു. ഒപ്പം നികുതി വര്‍ദ്ധനവുകൂടിയായതോടെ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചു. പൊതുവിപണിയില്‍ അരിയുടെ വില കിലോഗ്രാമിന് ശരാശരി 20 രൂപയോളമാണ് ഉയര്‍ന്നത്. അരിയുടെ വിലവര്‍ദ്ധനവ് ശരാശരി 10 രൂപയായാല്‍ തന്നെ 2400 കോടി രൂപ അധികമായി ജനങ്ങള്‍ മുടക്കേണ്ടി വരും. വര്‍ഷം 240 കോടി കിലോ അരിയാണ് കേരളം പൊതുവിപണിയില്‍ നിന്നു വാങ്ങുന്നത്.
നിര്‍മ്മാണമേഖലകളും പ്രതിസന്ധിയിലാണ്
നിര്‍മ്മാണവസ്തുക്കളുടെ വിലവര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വീടുപണിയടക്കം പല നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. പോയവാരത്തില്‍ സിമന്‍റ് ചാക്കൊന്നിന് 60 മുതല്‍ 90 വരെയാണ് ജില്ലയിലെ വില വര്‍ദ്ധനവ്. 370-400 രൂപയ്ക്ക് ലഭിച്ചിരുന്ന എ ഗ്രേഡ് സിമന്‍റിന് ഇപ്പോള്‍ 480-510 റേഞ്ചിലാണ് ലഭിക്കുന്നത്.
ഒരു മാസത്തിനിടയില്‍ നിര്‍മ്മാണസാധനങ്ങള്‍ക്ക് 10-20 ശതമാനം വരെയാണ് വിലവര്‍ദ്ധനവ്. കമ്പിയുടെ വില കിലോയ്ക്ക് 65-70 രൂപ യെന്നത് 72-80 റേഞ്ചിലേക്ക് ഉയര്‍ന്നു. ബ്രാന്‍ഡഡ് കമ്പനികള്‍ക്ക് 80- നു മുകളിലും വില കൊടുക്കേണ്ടി വരുന്നു. അതുപോലെ തന്നെ ചെങ്കല്ലിന്നും കരിങ്കല്ലിന്നും ഭീമമായ വിലവര്‍ദ്ധനവാണുണ്ടായിരിക്കുന്നത.് 45 രൂപയ്ക്ക് ലഭിച്ചിരുന്ന ഫസ്റ്റ് ക്വാളിറ്റി ചെങ്കല്ലിന് ഇപ്പോള്‍ 48 – 55 രൂപയാണ് വിപണി വില.
വിലവര്‍ദ്ധനവ് സാരമായി ബാധിക്കുന്നത് സമൂഹത്തിലെ ഇടത്തരക്കാരെയാണ്. അതിസമ്പന്നര്‍ എന്നും സമ്പന്നതയില്‍തന്നെ ആയിരിക്കും. ഇടത്തരക്കാര്‍ തങ്ങളുടെ ദൈനം ദിന ചിലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്. ഇതില്‍ നിന്നുള്ള മോചനം പ്രതീക്ഷിച്ചാണ് മക്കളെ വിദേശത്തേക്ക് അയയ്ക്കുന്നത്. ഇത് നമ്മുടെ സമൂഹത്തെ അതിന്‍റെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നതില്‍ സംശയം വേണ്ട. കാരണം ആരോഗ്യമുള്ള, ക്രിയാത്മകതയുള്ള, ചുറുചുറുക്കുള്ള യുവത പ്രവാസികളായി കുടിയേറി അവിടെ ജീവിതം സുരക്ഷിതമാക്കാന്‍ ശ്രമിക്കും. അങ്ങനെ നമ്മുടെ നാടിന്‍റെ വളര്‍ച്ച മന്ദഗതിയിലാകും.
അതുപോലെതന്നെ കര്‍ഷകരുടെ അവസ്ഥയും വളരെ മോശമാണ്. കാലാവസ്ഥാവ്യതിയാനവും, കാട്ടുമൃഗങ്ങളുടെ ശല്യവും സഹിച്ച് കൃഷി നടത്തി വിളവെടുക്കുമ്പോള്‍ അവയ്ക്ക് വേണ്ടത്ര വില നല്‍കാതിരിക്കുകയും മറിച്ച് സാധനങ്ങള്‍ വാങ്ങാന്‍ ചെന്നാല്‍ കൊള്ളവില ഈടാക്കുകയും ചെയ്യുന്നതു വഴി കര്‍ഷകന്‍ കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്നു.
ഇതിനുള്ള പോംവഴി സര്‍ക്കാര്‍, കാര്‍ഷികഉല്പന്നങ്ങള്‍ക്ക് വില സ്ഥിരത ഉറപ്പുവരുത്തുക എന്നതാണ്. കൂടാതെ സപ്ലൈകോ പോലുള്ള സ്ഥാപനങ്ങള്‍ കാര്‍ഷികമേഖലയിലും നടപ്പിലാക്കുകയും കച്ചവടക്കാര്‍ നടത്തുന്ന ചൂഷണങ്ങളില്‍നിന്നും ജനത്തെ രക്ഷിക്കുകയെന്നതുമാണ്.

