വിമത വൈദികരേ… ഞങ്ങളുടെ ആത്മാഭിമാനത്തിന് വിലയിടരുത്
സീറോ മലബാര്‍സഭ കുറേ നാളുകളായി പല രീതിയിലുള്ള പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കുമ്പസാരം വേണ്ടെന്നുള്ള നിര്‍ദേശം. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കന്യാസ്ത്രി സമരത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഇതുതന്നെയായിരുന്നു. അവര്‍ കൈകളിലേന്തിയ ഫ്ളെക്സുകളിലും വിളിച്ച മുദ്രാവാക്യങ്ങളിലും പ്രധാന ആവശ്യം ഇതായിരുന്നു. ഈ സഭാവിരുദ്ധ കൂട്ടായ്മയിലേക്ക് ചില വൈദികരുമെത്തി. സഭാവിരുദ്ധരുടെ ഈ കൂട്ടായ്മയിലേക്ക് നിങ്ങളെത്തിയത് ലക്ഷക്കണക്കിനു വരുന്ന സഭാസ്നേഹമുള്ള വിശ്വാസികളുടെ ആത്മാഭിമാനത്തിന് വിലയിടുന്നതിന് തുല്യമായിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ നമ്മുടെ സഭയെ ശത്രുവിന്‍റെ കൈയില്‍ ഏല്‍പ്പിച്ചുകൊടുക്കുന്നത്.
വൈദികരെയും സന്യസ്തരേയും ബഹുമാനിക്കുവാനും ആദരിക്കുവാനുമാണ് എന്‍റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത്. ആ പാഠം ഇന്നും എന്‍റെ ജീവിതത്തിലുണ്ട്. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ എന്‍റെ ജീവിതത്തെ സ്വാധീനിച്ച ഒട്ടേറെ വൈദികരും സന്യസ്തരുമുണ്ട്. നന്മ ചെയ്യാന്‍ എന്നെ പടിപ്പിച്ച, കുഞ്ഞു കുഞ്ഞു തെറ്റുകള്‍ വരെ സ്നേഹത്തോടെ തിരുത്തി തന്ന, അക്ഷരം പഠിപ്പിച്ച, ദൈവത്തെ കാട്ടിത്തന്ന, ഞങ്ങളെ ഒത്തിരി സ്നേഹിച്ച, തെറ്റുകളില്‍ വീണു പോകാതിരിക്കുവാന്‍ പ്രാര്‍ത്ഥനയോടെ കരുതിയ എത്രയോ വൈദികരും സന്യസ്തരും… അവരോടൊക്കെയുള്ള നന്ദിയും ആദരവും ഹൃദയത്തില്‍ സൂക്ഷിക്കുന്നതുകൊണ്ടാവാം വിമത വൈദികരേ, നിങ്ങളുടെ ഈ തരംതാണ പ്രവൃത്തി ഞങ്ങള്‍ വിശ്വാസികളുടെ ഹൃദയത്തെ ഇത്രമാത്രം വേദനിപ്പിച്ചത്.
സമര പന്തലില്‍ ചെന്ന് നമ്മുടെ കത്തോലിക്കാ സഭയെ പരസ്യമായി ചെളിവാരി എറിഞ്ഞപ്പോള്‍, ആ ചെളി പതിച്ചത് നിങ്ങളെയൊക്കെ ഒത്തിരി സ്നേഹിച്ച ഞങ്ങള്‍ വിശ്വാസികളുടെയും സഭയോടു കൂറുള്ള നന്മയുള്ള പതിനായിരക്കണക്കിനു വരുന്ന വൈദികരുടെയും സന്യസ്തരുടെയും മുഖത്താണ്. നിങ്ങള്‍ക്ക് കുറെ മീഡിയാ പബ്ലിസിറ്റി കിട്ടിക്കാണും. സ്വന്തം അമ്മയെ നഗ്നമാക്കി പേരെടുക്കുന്നതിനു തുല്യമല്ലേ ഈ പബ്ലിസിറ്റിയും.
ഒരു കാര്യം ഓര്‍ത്തോളൂ, നിങ്ങളെപ്പോലെ സഭാസ്നേഹമില്ലാത്ത കുറച്ചുപേര്‍ കൂടി കാണും ഈ സഭയില്‍. നിങ്ങള്‍, ആവുംവിധം സഭയെ ശത്രുവിന് ഏല്‍പ്പിച്ച് കൊടുത്തോളൂ, സഭാവിരോധികളുടെ കൂട്ടുകാരായ മാദ്ധ്യമങ്ങള്‍ നിങ്ങളുടെ പേക്കൂത്തിനു കൈയടിക്കാനുണ്ടാവും. പക്ഷേ ഞങ്ങളുണ്ടാവില്ല. കുറവുകളും കുറ്റങ്ങളുമൊക്കെയുണ്ടെങ്കിലും സഭയെ സ്നേഹിക്കുന്ന, ഞങ്ങെളെ സ്നേഹിക്കുന്ന ഞങ്ങളുടെ വൈദികരോടും സന്യസ്തരോടുമൊപ്പം ഞങ്ങള്‍ യുവജനങ്ങളുണ്ടാവും.
അജോ ജോസ് വാന്തിയില്‍, കൂവപ്പള്ളി

