കാഞ്ഞിരപ്പള്ളി: ഭാരതത്തിന്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പിതാവ് ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
75 വർഷങ്ങൾ പിന്നിട്ട സ്വാതന്ത്ര്യ ദിനത്തിന്റെ അഭിമാന നിമിഷങ്ങളിലാണ് ഭാരതം ഇന്നുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലയിൽ വിവിധ സംസ്കാരങ്ങളെ, ഭാഷകളെ, ആചാരാനുഷ്ഠാനങ്ങളെ, മതവിശ്വാസങ്ങളെ, ചേർത്തു പിടിക്കുന്ന; നാനാത്വത്തിൽ ഏകത്വം കാണിച്ചുകൊണ്ട് ലോകത്തിന്റെ മുൻപിൽ അഭിമാനത്തോടെ നിൽക്കുന്ന ഒരു ശക്തിയായി ഭാരതം വളർന്നു കഴിഞ്ഞു. ഭാരതം എന്നു പറയുമ്പോൾ രക്തം തുടിക്കുന്ന അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന ഒരു അവസ്ഥ ഇന്നു നമുക്കുണ്ട്; ഉണ്ടാവണം.
ഓർക്കുക, നമുക്കൊരു മറുവശം കൂടിയുണ്ട്. ഒരുപാട് കഷ്ടപ്പാടും വേദനയും സഹിച്ചുകൊണ്ട് ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നമ്മുടെ നേതാക്കന്മാർ ഇന്നു ജീവിച്ചിരിപ്പില്ല. രക്തം ചിന്തിയവരും വിയർപ്പൊഴുക്കിയവരും ഇന്നില്ല. അവരുടെ സ്വപ്നങ്ങൾ എവിടെ നിൽക്കുന്നുവെന്നും ഭാരതത്തിന്റെ അവസ്ഥ ഇന്ന് എങ്ങനെയാണെന്നുമുള്ള ചോദ്യവും നമ്മുടെ മുമ്പിലുണ്ട്. അതുകൊണ്ട് നമുക്ക് ഏറെ മാറാനുണ്ടെന്ന കാര്യം മറക്കാതിരിക്കാം.
അതിനാൽ ഇതൊരു ഉണർന്നെഴുന്നേൽപ്പിന്റെ, ഒരു തിരിച്ചറിവിന്റെ, ഒരു പുതിയ നടപ്പിന്റെ അവസരമായി കൂടി കാണേണ്ടതുണ്ട്. ഈ ആഘോഷങ്ങളിലെല്ലാം നമുക്ക് അഭിമാനിക്കാം. ഭാരതം നമ്മുടെ സ്വന്തം അമ്മയാണെന്ന ചിന്തയോടുകൂടി ജാതിമത, വർഗ്ഗവർണ്ണ, ദേശ-ഭാഷ വ്യത്യാസങ്ങൾക്കതീതമായി ഒറ്റ മനസ്സോടുകൂടി മുമ്പോട്ട് പോകാൻ നമുക്ക് കഴിയണം.
( മാർ ജോസ് പുളിക്കൽ പിതാവിന്റെ സന്ദേശത്തിൽ നിന്നും )

