ചികിത്‌സയിൽ കഴിയുന്ന തന്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും തന്നോടുള്ള കരുതൽ അറിയിക്കുകയും ചെയ്ത സകലരോടും നന്ദി അറിയിച്ച് ഫ്രാൻസിസ് പാപ്പയുടെ ട്വീറ്റർ സന്ദേശം. പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന വിവരം അറിഞ്ഞതുമുതൽ പ്രാർത്ഥനകൾ നേർന്നും സൗഖ്യം ആശംസിച്ചും ലോകമെമ്പാടുനിന്നും സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. അതിന് മറുപടിയെന്നോണമായിരുന്നു പാപ്പയുടെ ട്വീറ്റ്: ‘കരുതൽ അറിയിച്ച് ഈ ദിനങ്ങളിൽ ലഭിച്ച നിരവധി സന്ദേശങ്ങൾ എന്നെ ഏറെ സ്പർശിച്ചു. എല്ലാവരുടെയും കരുതലിനും പ്രാർത്ഥനയ്ക്കും ഞാൻ നന്ദി പറയുന്നു.’
വൻകുടലിനെ ബാധിക്കുന്ന ‘ഡിവർട്ടിക്യുലർ സ്റ്റെനോസിസ്’ രോഗത്തെ തുടർന്ന് റോമിലെ ജെമ്മെല്ലി ആശുപത്രിയിൽ ഞായറാഴ്ചയാണ് പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. പത്തംഗ മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയ മൂന്നു മണിക്കൂർ നീണ്ടു. ശസ്ത്രക്രിയക്കുശേഷമുള്ള തുടർ നിരീക്ഷണങ്ങളിൽ പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. ഏഴ് ദിവസത്തെ വിശ്രമത്തിനുശേഷം പാപ്പ ആശുപത്രിയിൽനിന്ന് തിരിച്ചെത്തും.
വർഷങ്ങൾക്കുമുമ്പ് വിശുദ്ധ ജോൺ പോൾ രണ്ടാമനെ ചികിത്സിച്ച അതേ ആശുപത്രി മുറിയിൽ തന്നെയാണ് ഫ്രാൻസിസ് പാപ്പയും പ്രവേശിപ്പിക്കപ്പെട്ടത്. 1981ൽ വധശ്രമത്തിന്റെ ഭാഗമായി വെടിയേറ്റപ്പോഴും 1992ലെ വൻകുടലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും വിശുദ്ധ ജോൺ പോൾ രണ്ടാമൻ ചികിത്സയിലിരുന്നത് ഈ മുറിയിലാണ്. വിശുദ്ധ മദർ തെരേസയ്ക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായപ്പോഴും ഈ ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. റോമിലെ ഏറ്റവും ഉയർന്ന കുന്നിൻ പ്രദേശമായ മോണ്ടെ മാരിയോയിലാണ് ജെമല്ലി യൂണിവേഴ്‌സിറ്റി ആശുപത്രി സ്ഥിതി ചെയ്യുന്നത്.

