ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള സാധ്യത രാഹുല്‍ ഗാന്ധി തള്ളിയതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍. വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യമാണെന്ന് മുറവിളി ഉയരുന്ന സാഹചര്യത്തില്‍ രാഹുല്‍ വീണ്ടും പാര്‍ട്ടിയെ നയിക്കണമെന്ന് പല നേതാക്കളും ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍, തന്‍റെ മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് തന്നെയാണ് രാഹുലിന്‍റെ നിലപാട്.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിന് പിന്നാലെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഇവരെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയതോടെ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ ഉടലെടുത്തത്.
പാര്‍ട്ടിക്ക് ആത്മപരിശോധന നടത്താനുള്ള സമയമായെന്ന് മുതിര്‍ന്ന നേതാക്കളായ കപില്‍ സിബല്‍, പി. ചിദംബരം, ശശി തരൂര്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. ബി.ജെ.പി ക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു.
നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ദേശീയ അധ്യക്ഷന്‍ വേണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. രാഹുല്‍ ഗാന്ധി വീണ്ടുമെത്തുന്നതിനെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം സന്നദ്ധനല്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. എന്നാല്‍, നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ഒരു അധ്യക്ഷന്‍ വേണമെന്ന അഭിപ്രായമാണ് രാഹുലിനുള്ളത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞത്. പലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനം രാഹുല്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ടു പോകുന്നത്.

