ലിബറലിസം പൂത്തുലയുമ്പോള്‍

ഇടക്കാലത്ത് ട്രെന്റിങ്ങായൊരു പ്രയോഗമാണ് ‘തന്ത വൈബ്.’ പുതിയ കാലത്തിനനുസരിച്ച് മാറാത്ത ആശയങ്ങളെയും പുരോഗമനമായി ചിന്തിക്കാത്തവരെയുമാണ് ഈ പ്രയോഗത്തിലൂടെ വിശേഷിപ്പിക്കുന്നത്. ലിബറല്‍ ആശയങ്ങളെയാണ് പുരോഗമനപരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന് അമിത പ്രാധാന്യം നല്‍കുന്നവയാണ് പാശ്ചാത്യസംസ്‌കാരത്തിന്റെ ഭാഗമായി ഉടലെടുത്ത പുരോഗമന ലിബറല്‍ ആശയങ്ങള്‍. വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം ഇഷ്ടംപോലെ ക്രമപ്പെടുത്താന്‍ സാധിക്കുന്ന ഒരു വ്യവസ്ഥയാണ് ലിബറല്‍ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. അതിന് സാമൂഹിക ആചാരങ്ങളും, ധാര്‍മിക ചിന്തകളും, മതാനുഷ്ഠാനങ്ങളും വിലങ്ങുതടിയാകാന്‍ പാടില്ല എന്ന് ഇക്കൂട്ടര്‍ വാദിക്കുന്നു. ഇതിലെ പോരായ്മകള്‍ ചൂണ്ടികാണിക്കുന്നവരെ ‘തന്ത വൈബാക്കി’ മുദ്രകുത്തും.
‘എന്റെ ജീവിതം എന്റെ ഇഷ്ടം’ എന്നതാണ് ലിബറല്‍ വാദികളുടെ ടാഗ്‌ലൈന്‍. സ്വന്തം ഇഷ്ടം അനുസരിച്ച് മാത്രമുള്ള ജീവിതം, ഇഷ്ടം പോലെ ജീവിതപങ്കാളികളെ കണ്ടെത്തുക, ധനസമ്പാദനമെന്നത് ജീവിതസുഖം വര്‍ധിപ്പിക്കാന്‍ മാത്രം എന്നിങ്ങനെ വ്യക്തി കേന്ദ്രീകൃതങ്ങളാണ് ലിബറല്‍ ആശയങ്ങള്‍. ഇതിന്റെ അനുരണങ്ങളാണ് സ്വവര്‍ഗ വിവാഹം, കുടുംബജീവിതത്തോടുള്ള എതിര്‍പ്പ്, മതാനുഷ്ഠാനോടുള്ള വിരോധം, ലഹരി ഉപയോഗം തുടങ്ങിയവ. അതായത് ജീവിതം അടിപൊളിയായി ആഘോഷിക്കുമ്പോള്‍ കുടുംബം, ധാര്‍മികത, മതവിശ്വാസം എന്നിവ അധികപ്പറ്റായി മാറുന്നു. പരമ്പരാഗതമായ കുടുംബഘടനയെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതാണെന്ന് വാദിച്ച് വിവാഹം, മാതൃത്വം, പിതൃത്വം എന്നിവയെയൊക്കെ ശൂന്യവല്‍ക്കരിക്കാനാണ് തീവ്രനവലിബറല്‍ അനുകൂലികളുടെ ശ്രമം.
യൂറോപ്പിന്റെ നാശം പാഠമാകണം
രണ്ടാം ലോക മഹായുദ്ധാനന്തരം യൂറോപ്പ് ലിബറല്‍ ആശയങ്ങളെ കൈനീട്ടി സ്വീകരിച്ചു. പ്രധാന യൂറോപ്യന്‍ രാജ്യങ്ങളെല്ലാം വ്യക്തി സ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കി നിയമനിര്‍മാണം നടത്തി. ആദ്യകാലത്തെ പല ആശയങ്ങളും പുരോഗമനപരമായിരുന്നെങ്കിലും പിന്നീട് ഇത് പുരോഗമിച്ചു പുരോഗമിച്ച് ധാര്‍മികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു.
ഉദാഹരണത്തിന്, ബാലാവകാശം ഒരു പുരോഗമന ആശയം ആണെങ്കിലും കുട്ടികളെ ശാസിക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും ശിക്ഷിക്കുന്നത് പുരോഗമനപരമല്ല എന്ന് കാലം തെളിയിച്ചു.
മക്കള്‍ വേണ്ട എന്ന ചിന്തയിലൂന്നി യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ അടുത്ത തലമുറയെ ഇല്ലാതാക്കി. യുവജനങ്ങളില്‍ ഭൂരിഭാഗവും ലഹരി ഉപയോഗത്തിലേക്കും ലൈംഗിക അരാജകത്വത്തിലേക്കും നടന്നു നീങ്ങി.
മതവിശ്വാസങ്ങളും ധാര്‍മികതയും പഴഞ്ചന്‍ ആശയങ്ങളാണെന്നും അവ തള്ളിക്കളയേണ്ടതാണെന്നുമുള്ള രീതിയില്‍ വിദ്യാഭ്യാസം ചിട്ടപ്പെടുത്തിയപ്പോള്‍ യൂറോപ്പിന്റെ പൊതുബോധം ഒരുകാലത്ത് നിഷിദ്ധമായ കാര്യങ്ങളെ സ്വീകാര്യമാക്കി മാറ്റി. ഇതിനിടയില്‍ തകര്‍ന്നുപോയത് യൂറോപ്പിന്റെ കുടുംബവ്യവസ്ഥിതിയാണ്. ഇതിന് മികച്ച ഉദാഹരണമാണ് ഇന്നത്തെ ഇംഗ്ലണ്ടിന്റെ അവസ്ഥ. രാജ്യത്തിന്റെ ഭരണം പതിയെ കുടുംബകേന്ദ്രീകൃതമായ ഏഷ്യക്കാരിലേക്ക് എത്തിപ്പെടുകയാണ്. യുകെ പാര്‍ലമെന്റിലെ 13.8 ശതമാനം എംപിമാരും ഏഷ്യന്‍ വംശജരാണ്. ഇതില്‍ 26 പേര്‍ ഇന്ത്യന്‍ വംശജരാണ്. ജര്‍മ്മനിയും ഫ്രാന്‍സും പതിയെ ഈ സ്ഥിതിയിലേക്ക് എത്തും.
സോറോസിന്റെ തന്ത്രങ്ങള്‍
യൂറോപ്പിലും ലോകത്ത് ഒട്ടാകെയും ലിബറല്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മുന്‍കൈയെടുത്തത് യൂറോപ്പിലെ സ്വതന്ത്രചിന്ത പിന്തുടരുന്ന നേതാക്കളും കോടീശ്വരന്മാരുമാണ്. അതില്‍ മുന്‍പന്തിയിലുള്ളത് ജോര്‍ജ് സോറോസാണ്. 2023-ല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി എന്ന മുഖവുരയോടെ അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് സോറോസ് ഏറ്റുപിടിച്ചത് വലിയ വിവാദമായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇടപെടാനുള്ള വിദേശ ഗൂഡാലോചന എന്നാണ് ജോര്‍ജ് സോറോസിന്റെ നീക്കത്തെ മോദി സര്‍ക്കാര്‍ വിലയിരുത്തിയത്. പ്രതിപക്ഷ കക്ഷികളും സോറോസിന്റെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ചില്ല.
താന്‍ ചിന്തിക്കുന്ന ലിബറല്‍ ആശയങ്ങള്‍ മറ്റുള്ളവരും പിന്തുടരണമെന്ന പിടിവാശിക്കാരനാണ് ശതകോടീശ്വരനായ ജോര്‍ജ് സോറോസ്. ഇതിനായി ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന ട്രസ്റ്റ് രൂപീകരിക്കുകയും തന്റെ സ്വത്ത് ഇതിനായി മാറ്റിവയ്ക്കുകയും ചെയ്തു. ഈ സംഘടന വഴി വിവിധ രാജ്യങ്ങളിലെ വലതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കാന്‍ പണം ഇറക്കിക്കൊണ്ടിരുന്നു. അധികാരത്തില്‍ വന്ന സ്വതന്ത്ര ചിന്താഗതിയുള്ള ഗവണ്‍മെന്റുകളിലൂടെ തന്റെ ലിബറല്‍ ആശയങ്ങള്‍ ലോകം മുഴുവന്‍ വളര്‍ത്താന്‍ ഒരു പരിധിവരെ അദ്ദേഹത്തിനും കൂട്ടര്‍ക്കും സാധിച്ചു. സോറോസിനൊപ്പം മറ്റ് സമാന ചിന്താഗതിയുള്ള കോടീശ്വരന്മാരും ചേര്‍ന്നപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം മാധ്യമങ്ങള്‍ ഭൂരിഭാഗവും അവരുടെ സ്വാധീനവലയത്തിലായി.
വ്യക്തികേന്ദ്രീകൃതമായ ലിബറല്‍ ആശയങ്ങളാണ് പുരോഗമനപരം എന്ന് ഈ മാധ്യമങ്ങള്‍ പലവട്ടം ഉരുവിട്ട് ഗീബല്‍സിയന്‍ തന്ത്രം നടപ്പാക്കി.
ഭൂരിഭാഗം മാധ്യമങ്ങളും പിന്താങ്ങിയ ലിബറല്‍ ആശയങ്ങളാണ് ശരിയെന്ന് ന്യൂജന്‍ തലമുറ തെറ്റിദ്ധരിച്ചു. ഫലമോ, യൂറോപ്പിലെ കുടുംബങ്ങളുടെയും പാശ്ചാത്യരാജ്യങ്ങളുടെയും നാശം.
നവലിബറലിസത്തിനെതിരെ പാശ്ചാത്യലോകത്ത് തന്നെ തിരുത്തല്‍ ശക്തികള്‍ ഉയര്‍ന്നുവരുന്നു. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റ് മെമ്പര്‍മാര്‍ സോറോസിന്റെ പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരികയും യുഎസ് എയ്ഡ് അദ്ദേഹത്തിന് നല്‍കിയ ഫണ്ടിങ്ങുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു.
കുടുംബബന്ധങ്ങളെ മുറുകെ പിടിക്കാം
യൂറോപ്പിലെ നാശത്തിലേക്ക് നയിച്ച ലിബറലാശയങ്ങള്‍ ഏറ്റുപിടിക്കാന്‍ നമ്മുടെ നാട് ശ്രമിച്ചാല്‍ ഏറെ താമസിയാതെ ഇന്നത്തെ യൂറോപ്പിന്റെ സാമൂഹിക അവസ്ഥയിലേക്ക് നമ്മളും ഉടനെത്തും. കുടുംബ ബന്ധങ്ങളില്‍ ഊന്നിയുള്ളതാണ് ഭാരത സംസ്‌കാരം. ഇതിലേക്ക് അനാവശ്യ കൈകടത്തലുകള്‍ നടത്തുന്നത് നാശം സൃഷ്ടിക്കും.
ബാലാവകാശത്തിന്റെ പേരില്‍ കുട്ടികളെ ശാസിക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും ശിക്ഷിക്കുന്നത് എന്ത് പുരോഗമനം ആയാലും തടയപ്പെടേണ്ടതാണ്. ഭരണകൂടങ്ങളും കോടതിവിധി ന്യായങ്ങളും ഇതില്‍ താല്പര്യം എടുത്തില്ലെങ്കില്‍ നാടിന്റെ നാശമാകും സംജാതമാകുക.
ഈയിടെ കണ്ടുവരുന്ന കൗമാര അക്രമ സംഭവങ്ങളും ലഹരി ഉപയോഗവും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. ഇത്തരം അമിതവും അനാവശ്യമായ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ യാതൊരു നിയന്ത്രണമില്ലാത്ത തലമുറയെ സൃഷ്ടിക്കും.
ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയുള്ള, കുടുംബബന്ധത്തെ അടിസ്ഥാനപ്പെടുത്തിയ പുരോഗമന സമൂഹമാണ് സൃഷ്ടിക്കപ്പെടേണ്ടത്. അത്തരം സമൂഹം മാത്രമായിരിക്കും ആത്യന്തികമായി നിലനില്‍ക്കുക. എല്ലാം പഴഞ്ചന്‍ അല്ലെന്നും ചിലത് ആത്യന്തികമാണെന്നും നമ്മുടെ യുവ തലമുറയെ ബോധവല്‍ക്കരിക്കണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ പൊള്ളത്തരങ്ങള്‍ പറഞ്ഞു മനസ്സിലാക്കണം. പാശ്ചാത്യ ലിബറല്‍ ആശയങ്ങള്‍ ഒളിച്ച് കടത്തുന്ന മാധ്യമ തന്ത്രങ്ങള്‍ എതിര്‍ക്കപ്പെടണം. മീഡിയയില്‍ കാണുന്നതെല്ലാം സത്യമല്ല. ശരി തെറ്റുകളെ വിവേചിച്ചറിയാന്‍ നമ്മുടെ കുട്ടികള്‍ പഠിക്കട്ടെ. കുടുംബ ബന്ധങ്ങളില്‍ ഊന്നിയ ആശയങ്ങള്‍ സമൂഹത്തിന്റെ അടിത്തറ മെച്ചപ്പെടുത്തും.

ഡോ. ഹിമ സുബിന്‍ മാത്യു
കൂനംതടത്തില്‍

(കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള കാസര്‍ഗോഡ് സിപിസിആര്‍ഐ ശാസ്ത്രജ്ഞയാണ് ലേഖിക)