PWD റോഡിൽ വിജിലൻസ് മിന്നൽ പരിശോധന

കൊച്ചി : ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുകള്‍.

ചെളിയും മണ്ണും മാറ്റാതെയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ റോഡുകളിലെ കുഴിയടക്കലുകള്‍ നടക്കുന്നതെന്നാണ് വിജിലന്‍സിന്‍റെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പിഡബ്ള്യൂഡി റോഡുകളില്‍ ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലായിരുന്ന വിജിലന്‍സ് പരിശോധന

റോഡുകളിലെ കുണ്ടും കുഴിയും രാഷ്ട്രീയ വിവാദമായി നില്‍ക്കുമ്ബോഴാണ് പരിശോധനക്കായി വിജിലന്‍സും ഇറങ്ങിയത്. കരാര്‍ മാനദണ്ഡമുള്ള നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ പിഡബ്ള്യൂഡി ഉദ്യോഗസ്ഥര്‍ ബില്ലുകള്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആറുമാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോ അറ്റകുറ്റപ്പണി നടത്തിയതോ ആയ റോഡുകളില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ചു.കുഴികള്‍ അടയ്ക്കുമ്ബോഴും അറ്റകുറ്റപ്പണികള്‍ ചെയ്യുമ്ബോഴും ചെളിയും മണ്ണും മാറ്റി, ടാര്‍ ഒഴിച്ച ശേഷം റോഡ് നിര്‍മ്മാണം നടത്തണമെന്നാണ് ചട്ടം. പക്ഷെ പല സാമ്ബിള്‍ പരിശോധനയിലും ഈ ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച രേഖകളും വിജിലന്‍സ് പരിശോധിക്കും. രേഖകളിലും സാമ്ബിള്‍ പരിശോധനയിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കും കരാര്‍കാര്‍ക്കുമെതിരെ കേസെടുക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശം. വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് എതിരായാല്‍ പൊതുമരാമത്ത് വകുപ്പിന് വലിയ തിരിച്ചടിയാകും. ദേശീയ പാതയിലെ കുഴിയില്‍ പൊതുമരാമത്ത് മന്ത്രി കേന്ദ്രത്തെ പഴിക്കുമ്ബോള്‍ സംസ്ഥാന പാതയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് സംസ്ഥാന ഏജന്‍സി കണ്ടെത്തല്‍ വലിയ നാണക്കേടാകും.