ഡോ.ജൂബി മാത്യു (പ്രൊഫസർ അമൽജ്യോതി കോളേജ്)
ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു മിനിട്ടില്‍ താഴെ സമയം…. ബ്രൗസിങ് പത്തു മടങ്ങ് വേഗത്തില്‍… ഡാറ്റാ ട്രാഫിക് ആകട്ടെ നൂറു മടങ്ങ്. ലോകം തന്നെ നിങ്ങളുടെ കൈക്കുമ്പിളിലാകാന്‍ പോവുകയാണ് 5G സാങ്കേതിക വിദ്യയിലൂടെ. അതിവേഗ ഡേറ്റ കൈമാറ്റം സാധ്യമാകുന്ന അഞ്ചാംതലമുറ സാങ്കേതികവിദ്യയാണ് 5G. ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിലും 5G സേവനങ്ങള്‍ ആരംഭിച്ചു. ഇന്ത്യ മൊബൈല്‍ കോണ്‍ഫ്രന്‍സിന്‍റെ ആറാംപതിപ്പില്‍ വച്ചാണ് പ്രധാനമന്ത്രി 5G നെറ്റ്വര്‍ക്കിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
വിളിക്കാന്‍ മാത്രം കഴിയുന്ന ആദ്യതലമുറ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ അനലോഗ് ആയിരുന്നു. സര്‍ക്യൂട്ട് സ്വിച്ചിംഗ് രീതിയാണ് ഇതിനുപയോഗിച്ചിരുന്നത്. ഈ നെറ്റ്വര്‍ക്കിന്‍റെ പരമാവധി വേഗത 2.4 kbps മാത്രമായിരുന്നു.
1G യില്‍നിന്ന് 2G യിലേക്ക് സാങ്കേതികവിദ്യ മാറിയപ്പോഴാണ് സെല്‍ ഫോണുകള്‍ക്ക് അവയുടെ പ്രഥമ പ്രധാനനവീകരണം ലഭിച്ചത്. എസ്സ് എം എസ്, എംഎംഎസ് (multimedia messaging service) തുടങ്ങിയ ഡേറ്റ സേവനങ്ങള്‍ക്കൊപ്പം ഫോണ്‍വിളിയും ടെക്സ്റ്റ് മെസ്സേജും എന്‍ക്രിപ്ഷനും 2 G ടെലിഫോണ്‍സാങ്കേതികവിദ്യയില്‍ അവതരിപ്പിച്ചു. ജനറല്‍ പാക്കറ്റ് റേഡിയോ സര്‍വ്വീസ് ( GPRS) പിന്തുണയ്ക്കുന്ന 2 G യുടെ പരമാവധി വേഗത 50 kbps ആണ്.
വൈഡ്ബാന്‍ഡ് വയര്‍ലസ് നെറ്റ്വര്‍ക്കാണ് 3 G യില്‍ ഉപയോഗിച്ചിരിക്കുന്നത്. “മൊബൈല്‍ ബ്രോഡ് ബ്രാന്‍ഡ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 3 G സെല്ലുലാര്‍ സാങ്കേതിക വിദ്യയിലാണ്. 3 G യുടെ പരമാവധി വേഗത 2mbps വരെ ആയിരുന്നു. വീഡിയോ കോളിംഗ്, ഓഡിയോ/വീഡിയോ സ്ട്രീമിങ്, ഇന്‍റര്‍നെറ്റ് ടിവി തുടങ്ങിയ സേവനങ്ങള്‍ 3G പിന്തുണയ്ക്കുന്നു.
ഡേറ്റ വേഗത്തില്‍ കൈമാറുന്നതിനുള്ള അള്‍ട്രാ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാകുന്ന സാങ്കേതികവിദ്യയാണ് 4 G മൊബൈല്‍ വെബ് ആക്സസ്, ഗെയിമിംഗ് സേവനങ്ങള്‍, HD മൊബൈല്‍ ടിവി, വീഡിയോ കോണ്‍ഫ്രന്‍സിംഗ്, 3D ടി വി എന്നിങ്ങനെയുള്ള ഉയര്‍ന്ന വേഗത ആവശ്യപ്പെടുന്ന മറ്റ് സേവനങ്ങളും 4G പിന്തുണയ്ക്കുന്നു. സര്‍ക്യൂട്ട് സ്വിച്ചിംഗ് പകരം പായ്ക്കറ്റ് സ്വിച്ചിംഗിലൂടെയാണ് ശബ്ദവും കൈമാറ്റം ചെയ്യപ്പെടുക. അത് വ്യക്തത വര്‍ദ്ധിപ്പിക്കും.
2018-ല്‍ അമേരിക്കയിലാണ് ആദ്യമായി 5G നെറ്റ്വര്‍ക്കിന് ആരംഭം കുറിച്ചത്. 5G സാങ്കേതികവിദ്യയുടെ പ്രഭാവം ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുക വസ്തുക്കളുടെ ഇന്‍റര്‍നെറ്റ് അഥവാ ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സിലാവും. നിലവിലുള്ള സാങ്കേതികവിദ്യകളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ഉപകരണങ്ങളെയും മറ്റ് വസ്തുക്കളെയും നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കാന്‍ 5G സാങ്കേതിക വിദ്യയിലൂടെ സാധിക്കും.
മറ്റ് സെല്ലുലാര്‍ നെറ്റ്വര്‍ക്കുകളിലേതുപോലെ തന്നെ റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് എന്‍കോഡ് ചെയ്ത വിവരങ്ങള്‍ അയയ്ക്കാനായി ഭൂപ്രദേശങ്ങളെ വിവിധ സെക്ടറുകളായി തിരിച്ചുള്ള സിസ്റ്റം ആണ് 5G നെറ്റ്വര്‍ക്ക് സംവിധാനത്തിലും ഉപയോഗിക്കുന്നത്.
1G മുതല്‍ 5G വരെയുള്ള നെറ്റ്വര്‍ക്കുകള്‍ റേഡിയോ ഫ്രീക്വന്‍സി വൈദ്യുതകാന്തിക ഫീല്‍ഡുകള്‍ നിര്‍മ്മിക്കുന്നതിലൂടെയാണ് വിവരങ്ങള്‍ കൈമാറാന്‍ പ്രാപ്തരാവുന്നത്. ഇത്തരത്തില്‍ മൊബൈല്‍ സാങ്കേതികവിദ്യയുടെ ഓരോ തലമുറയും ഇലക്ട്രോ മാഗ്നെറ്റിക് സ്പെട്രം, ഇതിലെ റേഡിയോ തരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ട്രാന്‍സ്മിറ്റ് ചെയ്യുന്നത്.
5G സാങ്കേതികവിദ്യയുടെ വരവോടെ സ്മാര്‍ട്ട്ഫോണുകളുടെ പ്രവര്‍ത്തനം പതിന്മടങ്ങ് മെച്ചപ്പെടും. 5G സാങ്കേതികവിദ്യയുടെ സവിശേഷതകളില്‍ പ്രധാനപ്പെട്ട ഒന്ന്, വസ്തുക്കള്‍, മെഷീനുകള്‍, ഉപകരണങ്ങള്‍ തുടങ്ങി എല്ലാത്തിനെയും ബന്ധിപ്പിക്കാനുള്ള ഉയര്‍ന്ന കഴിവാണ്. 5G സംവിധാനത്തില്‍ ഡേറ്റയ്ക്കുള്ള കുറഞ്ഞ ചാര്‍ജ്, പരിമിതമായ വൈദ്യുതി ഉപയോഗം തുടങ്ങിയവ അനുകൂലഘടകങ്ങളാണ്. 5G സാങ്കേതികവിദ്യയുടെ വ്യാപനം ലോകത്തെമ്പാടും വ്യവസായമേഖലയില്‍ വലിയ രൂപാന്തരത്തിന് ഇടയാക്കും. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് (AI), ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ് (IOI), എക്സ്റ്റന്‍റഡ് റിയാലിറ്റി (Extended reality -XR) തുടങ്ങിയ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് പല വ്യാവസായിക പ്രക്രിയകളും കൂടുതല്‍ കാര്യക്ഷമമാക്കാനാകും.
5G യുടെ പ്രധാന പോരായ്മയാണ് പരിമിതമായ കവറേജ്. പ്രത്യേകസ്ഥലങ്ങളില്‍ മാത്രമേ 5G ലഭ്യമാകൂ എന്നതാണ് പ്രശ്നം. അഥവാ 5G നെറ്റ്വര്‍ക്കില്‍നിന്ന് നഗരങ്ങള്‍ക്ക് മാത്രമേ തുടക്കത്തില്‍ വളരെയധികം പ്രയോജനം ലഭിക്കൂ. മാത്രമല്ല, മറ്റ് നെറ്റ്വര്‍ക്കുകളെ അപേക്ഷിച്ച് ടവര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള ചിലവ് കൂടുതലാണ് എന്നതും വലിയൊരു വെല്ലുവിളിയാകും.

