കട്ടപ്പന സ്വദേശി കാര്‍മല്‍ മരിയ.
വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങള്‍ വേറിട്ട രീതിയില്‍ നിരവധി ആളുകളിലേക്ക് എത്തിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് ഈ മിടുക്കി. ചിത്രരചനയില്‍ തല്‍പ്പരയായ കാര്‍മല്‍ ബൈബിള്‍ വചനങ്ങള്‍ തന്‍റെ ഭാവനയോടൊപ്പം ചേര്‍ത്ത് അനേകരിലേക്ക് എത്തിക്കുകയാണ്. രാവിലെ ഉണരുമ്പോള്‍ മൊബൈല്‍ഫോണ്‍ നോക്കുന്ന പലരും ഇപ്പോള്‍ കാര്‍മ്മല്‍ വരച്ച ചെറിയ ചിത്രങ്ങളിലെ വലിയ ആശയങ്ങള്‍ ഗ്രഹിച്ച് വചനം മനസ്സില്‍ നിറച്ച് ദിവസം ആരംഭിക്കുന്നുണ്ട്.
ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ കാര്‍മ്മല്‍ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. ജോലിക്കിടയിലെ ഒഴിവ് സമയങ്ങളില്‍ അല്ല ജോലിക്ക് പോകും മുന്നേ ഒരു നിയോഗം എന്നപോലെ കാര്‍മ്മല്‍ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുമുള്ള ഒരു വചനം തെരഞ്ഞെടുത്ത് അനുയോജ്യമായ ആശയങ്ങള്‍ നിറങ്ങളില്‍ ചാലിച്ച് ചിത്രങ്ങളാക്കി തന്‍റെ ക്യാന്‍വാസില്‍ നിറയ്ക്കുന്നു. അത് വാട്ട്സ്ആപ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ അനേകരിലേക്ക് എത്തിക്കുന്നു.
സഹോദര തുല്യനായ റോബിന്‍ മംഗലത്ത് അച്ചന്‍റെ നിര്‍ദേശപ്രകാരം ആദ്യമായി വചനങ്ങളിലെ ആശയങ്ങള്‍ക്കായി ചിത്രം വരച്ചപ്പോള്‍ കാര്‍മ്മല്‍ ഓര്‍ത്തിരുന്നില്ല ഏകദേശം അഞ്ഞൂറോളം മനോഹരദൃശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തനിക്ക് കഴിയും എന്ന്. വിശുദ്ധ ഗ്രന്ഥത്തിലെ മുഴുവന്‍ വചനങ്ങളും ഇപ്രകാരം ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തുവച്ച് ഈശോക്കുവേണ്ടി വചനം പങ്കുവയ്ക്കുന്ന വേറിട്ടൊരു രീതി ഒരുപാട് ഇഷ്ടപ്പെടുകയും അതിനായി സമയം കണ്ടെത്തി അധ്വാനിക്കുകയും ചെയ്യുകയാണ് കാര്‍മല്‍.
ആരോഗ്യപ്രശ്നങ്ങള്‍ ക്ഷീണം വരുത്തിയിട്ടും ചിത്രങ്ങള്‍ വരച്ച് മനസ്സ് നിറയ്ക്കുന്ന അമ്മയാണ് കാര്‍മലിന്‍റെ പ്രചോദനം. ജോലിത്തിരക്കുകള്‍ക്ക് ഇടയിലും മണിമല ജോസ് മകളുടെ ഉള്ളിലെ കലാകാരിക്ക് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ജോളി ജോസ്, ജോഷി ജോസ്, റൂബി ജോസ് എന്നീ സഹോദരങ്ങളും കാര്‍മലിന്‍റെ വേറിട്ട പ്രേഷിത പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നു.
സണ്‍ഡേസ്കൂള്‍ കുട്ടികളുടെ കൂട്ടായ്മകളില്‍ രാവിലെ അദ്ധ്യാപകര്‍ കാര്‍മലിന്‍റെ പോസ്റ്റ് പങ്കുവയ്ക്കും. അത്രയും കുട്ടികള്‍ അത് സ്റ്റാറ്റസ് ഇടും. അങ്ങനെ ഒരു ദിവസം എങ്കിലും മുടങ്ങിയാല്‍ കുട്ടികള്‍ക്ക് പരിഭവം പോലും തോന്നിത്തുടങ്ങി എന്ന് അദ്ധ്യാപകര്‍ പറയുന്നുണ്ട്.
ആന്‍ഡമാന്‍ ദ്വീപില്‍ നെറ്റ്വര്‍ക്ക് തീരെ ഇല്ലാത്ത ഒരു ഉള്‍പ്രദേശത്ത് നിന്നും ഒരിക്കല്‍ കാര്‍മലിന് ഒരു സന്ദേശം ലഭിച്ചു, ഇന്ന് എനിക്ക് ഈ വചനം വായിക്കാന്‍ ടൗണില്‍ പോകണം. ഇവിടെ നെറ്റ് ഇല്ല എന്ന്. അത്രമേല്‍ ആളുകള്‍ ഈ ആശയങ്ങളെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കാര്‍മല്‍ വരച്ച ചിത്രങ്ങള്‍ കണ്ട് അനേകം വചനങ്ങള്‍ പഠിച്ച് സ്വന്തമായി ഇപ്രകാരം വചനങ്ങള്‍ ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കൂട്ടുകാരുമായി പങ്കുവച്ചു തുടങ്ങി എന്ന് കാര്‍മലിനോട് പറയുന്നത്. കേരളത്തില്‍ എന്നല്ല മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ പോലും കാര്‍മലിന്‍റെ സൃഷ്ടികള്‍ നിറയുന്നുണ്ട്. ഇത്തരം നിരവധി അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെക്കൊണ്ട് മറ്റുള്ളവരുടെ ചിന്തകളില്‍ വചനം നിറയ്ക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം കണ്ണുകളില്‍ നിറയ്ക്കുകയാണ് ഈ കലാകാരി. ഇവരൊക്കെയും കാര്‍മ്മല്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ നിന്നും വലിയ ആശയങ്ങള്‍ ഹൃദയത്തിലേക്ക് പോസ്റ്റ് ചെയ്യുകയാണ്. അവിടെ അത് മായാതെ ഒട്ടിച്ചേര്‍ന്ന് കിടക്കും.
ഇപ്പോള്‍ തന്‍റെ കഴിവുകള്‍ മെച്ചപ്പെടുത്തി കൂടുതല്‍ മനോഹരമായ സൃഷ്ടികള്‍ സംഭാവന ചെയ്ത് ഈശോയ്ക്കായി വചനങ്ങള്‍ പങ്കുവയ്ക്കാന്‍ ഉള്ള പുതിയ വഴികളിലാണ് കാര്‍മല്‍. നമ്മുടെ കഴിവുകളും ചിന്തകളും കര്‍ത്താവിനുവേണ്ടി പ്രയോജനപ്പെടുത്തുമ്പോള്‍ നാം പോലും അറിയാതെ നമ്മുടെ ലക്ഷ്യങ്ങളിലേക്ക് അവിടുന്ന് നമ്മെ നയിക്കും.
കയ്യെത്താ ദൂരത്തെ സ്വപ്നങ്ങള്‍ വാങ്ങിത്തരാന്‍ കര്‍ത്താവ് നമുക്കുവേണ്ടി ഉണ്ടാകും.
ഈ ലേഖനം എഴുതുമ്പോള്‍ ഒരുപാട് സന്തോഷം കൂടി ഉണ്ട്. പ്രിയപ്പെട്ട ചങ്ങാതിയെക്കുറിച്ച് എഴുതാന്‍ കഴിഞ്ഞ കൂട്ടുകാരിയുടെ അഭിമാനം ഇവിടെ നിറഞ്ഞ് തുളുമ്പുന്നുണ്ട്.









