വൊട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ വേണ്ടെന്ന് കേരളാ ഹൈക്കോടതി

കൊച്ചി: വൊട്ടെണ്ണല്‍ ദിവസം ലോക്ഡൗണ്‍ വേണ്ടെന്ന് കേരളാ ഹൈക്കോടതി. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ തൃപ്തികരമാണ്. അതുകൊണ്ടു തന്നെ കോടതി പ്രത്യേകം അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമ‌ര്‍പ്പിച്ച എല്ലാ പൊതുതാല്‍പര്യ ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി.

ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്ബോള്‍ ആളുകള്‍ ഒത്തുകൂടുമെന്നും, ഇത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നുമാണ് ഹര്‍ജികളില്‍ പറയുന്നത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

വോട്ടെണ്ണല്‍ ദിവസമായ മേയ് രണ്ടിന് ആഘോഷങ്ങള്‍ ഒഴിവാക്കാനും, അണികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിയന്ത്രിക്കാനും ഇന്നലത്തെ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.

വോട്ടെണ്ണല്‍ ദിവസത്തെ എല്ലാ ആഹ്ളാദപ്രകടനങ്ങളും കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷമുള്ള ദിവസങ്ങളിലും നിരോധനം നിലനില്‍ക്കും. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തിരഞ്ഞെടുപ്പ് കഴിഞ്ഞ കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസാം, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് തീരുമാനം ബാധകമായിരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

അതേസമയം രോഗവ്യാപനം തടയുന്നതിനായി ഇന്നുമുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ബാറുകള്‍, വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം എന്നിവ പ്രവര്‍ത്തിക്കില്ല. വിവാഹ ചടങ്ങുകളില്‍ പരമാവധി 50 പേരും, മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാത്രമേ പങ്കെടുക്കാവൂ. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.