സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരുന്നു. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. കാസര്‍കോട് നിലവില്‍ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴ വ്യാപകമാകാന്‍ സാധ്യത ഒരുക്കുന്നത്. ചക്രവാതച്ചുഴിയില്‍ നിന്നും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യുനമര്‍ദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇത് ഒക്ടോബര്‍ 20 ഓടെ വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തുലാവര്‍ഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയും ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

