പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു

രാജ്യത്ത് പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷന്‍, ഫിറ്റ്നസ് പുതുക്കല്‍ പരിശോധനാ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു. ഇതുസംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും. 15 വര്‍ഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി.

കാറിന്റേത് 600-ല്‍നിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകള്‍ക്ക് 10,000 രൂപയും കാറുകള്‍ക്ക് 40,000 രൂപയും നല്‍കണം. രജിസ്ട്രേഷന്‍ പുതുക്കിയില്ലെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് പ്രതി മാസം 300 രൂപയും മറ്റു വാഹനങ്ങള്‍ക്ക് 500 രൂപയും പിഴനല്‍കണം.

പഴയ വാഹനങ്ങള്‍ പൊളിച്ച്‌ സ്‌ക്രാപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ വാങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് നല്‍കേണ്ട ആവശ്യമില്ല .

അതെ സമയം രജിസ്ട്രേഷന്‍ പുതുക്കുന്നതിന് മുന്നോടിയായി വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്കു വിധേയമാക്കണം .ഇതിനുള്ള ഫീസും ഉയര്‍ത്തി. ഇരുചക്രവാഹനങ്ങള്‍- 400, ഓട്ടോറിക്ഷ-കാറുകള്‍-മീഡിയം ഗുഡ്സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളില്‍ നിരക്ക് വീണ്ടും ഉയരും. യഥാക്രമം 500 മുതല്‍ 1500 വരെ ഈടാക്കും.

അതായത് , 15 വര്‍ഷം പഴക്കമുള്ള ഒരു കാറിന്റെ രജിസ്ട്രേഷന്‍ പുതുക്കണമെങ്കില്‍ ഫീസായി 5000 രൂപയും ഓട്ടമേറ്റഡ് ടെസ്റ്റിങ് ഫീസായി 1000 രൂപയും അടയ്‌ക്കേണ്ടിവരും. ഇതിനുപുറമേ വാഹനം അറ്റകുറ്റപ്പണി നടത്തുകയും റോഡ് ടാക്സ് അടയ്ക്കുകയും വേണം. 15 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് ത്രീവീലര്‍- 3500, കാര്‍- 7500, മീഡിയം പാസഞ്ചര്‍-ഗുഡ്സ്- 10,000, ഹെവി- 12,500 എന്നിങ്ങനെയാണു നിരക്ക്.

കൂടാതെ ഫിറ്റ്നസ് സെന്ററിന്റെ ഫീസും നല്‍കണം. ഇത് സ്വകാര്യ ബസ്സുടമകള്‍ക്ക് ഇത് വന്‍ തിരിച്ചടിയാകും. അടുത്തിടെ ബസുകളുടെ ആയുസ്സ് 20 വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള 2500 ബസുകള്‍ ഓടുന്നുണ്ട്. ഇവയ്ക്ക് ഓരോവര്‍ഷവും ഫിറ്റ്നസ് പരിശോധന വേണ്ടിവരും. എന്നാല്‍ ഫിറ്റ്‌നസ് മുടങ്ങിയാല്‍ ദിവസം 50 രൂപവീതം പിഴ ഈടാക്കും . സ്മാര്‍ട്ട് കാര്‍ഡിലെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് 200 രൂപയും നല്‍കേണ്ടി വരും .

Leave a Reply