ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ഒരുമിച്ച്‌ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഒക്ടോബര്‍ 14ന് ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഹിമാചലില്‍ നവംബര്‍ 12ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ മുന്‍ കാല മാതൃക പിന്തുടരുകയാണെന്നാണ് അന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഒരുമിച്ച്‌ പ്രഖ്യാപിച്ചാല്‍ ചിലര്‍ ഫലം വരാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.1995 മുതല്‍ ബിജെപി ഭരണത്തില്‍ തുടരുന്ന ഗുജറാത്തില്‍ ഇത്തവണ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ആം ആദ്മി പാര്‍ട്ടിയാണ് ബി.ജെ.പിയുടെ മുഖ്യ എതിരാളികളായി രംഗത്തുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്ബ് തന്നെ അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുന്നതിനായി കോണ്‍ഗ്രസും യോഗം ചേര്‍ന്നിരുന്നു.