തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയിൽനിന്നും കുഞ്ഞിനെ തട്ടിയെടുത്തെന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. വനിത ശിശുക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പറഞ്ഞു.
അമ്മയ്ക്ക് കുഞ്ഞിനെ നൽകുക എന്നതാണ് അഭികാമ്യം. അമ്മയ്ക്ക് നീതി ഉറപ്പാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകും. അസാധാരണമായ പരാതിയാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിൽ 19നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് പേരൂർക്കട സ്വദേശിനി അനുപമ പോലീസിൽ പരാതി നൽകിയത്. എന്നാൽ പരാതി നൽകി ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്.
പരാതിക്കാരിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാന്‍ പോലീസ് തയാറായില്ലെന്ന് യുവതി ആരോപിക്കുന്നു.
ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ കൊണ്ടുപോയി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു.
സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം ആരംഭിച്ചിരുന്നു.

