രണ്ട് ചക്രവാതചുഴി ഒപ്പം ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് രണ്ടുദിവസം വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും കനത്തേക്കും. തെക്കൻ മഹാരാഷ്ട്ര തീരം മുതല്‍ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതും വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുള്ളതുമാണ് കേരളത്തിന് മഴ ഭീഷണിയാകുന്നത്.

ഇത് പ്രകാരം കേരളത്തില്‍ അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

മണ്‍സൂണ്‍ പാത്തി (Monsoon Trough)യുടെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്കോട്ടും കിഴക്കെ അറ്റം വടക്കോട്ടും മാറി സ്ഥിതിചെയ്യുന്നു. തെക്കൻ മഹാരാഷ്ട്ര തീരം മുതല്‍ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തി (Off -Shore trough) നിലനില്‍ക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നു.
ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത. കേരളത്തില്‍ അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.