അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന കെ- റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയില്‍ മോൻസ് ജോസഫ് എം എല്‍ എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇ ശ്രീധരന്റെ ശുപാര്‍ശ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ – റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഇ ശ്രീധരൻ അതിവേഗ റെയില്‍വേ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിച്ചത്. സില്‍വര്‍ലെെൻ പദ്ധതിയ്ക്ക് പകരമായി അതിവേഗ റെയില്‍പാത സംബന്ധിച്ച് ഇ ശ്രീധരൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്നായിരുന്നു മോൻസ് ജോസഫ് ഉന്നയിച്ച ചോദ്യം. കെ- റെയിലിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്തെന്നും ഇ ശ്രീധരൻ നല്‍കിയ ശുപാര്‍ശ പരിഗണിക്കുന്നതാണെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.
കെ-റെയിലില്‍ നിന്നും കേരളം ഇപ്പോള്‍ പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ്. പദ്ധതി പൂര്‍ണമായി ഉപേക്ഷിച്ചെന്ന തരത്തിലുള്ള ഒരു തീരുമാനവും നിലവില്‍ സര്‍ക്കാര്‍ എടുത്തിട്ടില്ല. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതും സംസ്ഥാനത്തുടനീളം ഉണ്ടായ പ്രതിഷേധവുമാണ് കെ- റെയിലില്‍ നിന്നും താല്‍കാലികമായി സര്‍ക്കാരിനെ പിന്നോട്ട് വലിച്ചതെന്നും മുഖ്യമന്ത്രി മറുപടിയിലൂടെ വ്യക്തമാക്കി.

