2000 രൂപയുടെ നോട്ടുകൾ മാറുന്നതിന് ആർബിഐ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

2000 രൂപയുടെ നോട്ടുകൾ മാറുന്നതിനുള്ള റിസർവ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബർ ഒന്നു മുതൽ 2000 രൂപ നോട്ടുകൾ മൂല്യം ഇല്ലാതാകും. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചിരുന്നു.

മേയ് 19 മുതൽ 2000 രൂപയുടെ നോട്ടുകൾ ക്രയവിക്രയം നടത്തുന്നതിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 30 വരെ 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകൾ ഒരേസമയം മാറാൻ അവസരം ഉണ്ട്. 2016ൽ നോട്ടുനിരോധനത്തിന് പിന്നാലെയാണ് 2000ന്റെ നോട്ട് ആർബിഐ എത്തിച്ചിരുന്നത്.

2018-19 കാലയളവിൽ 2000 നോട്ട് അച്ചടിക്കുന്നത് ആർബിഐ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2000ന്റെ നോട്ട് ക്രയവിക്രയം നടത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുകയും പിൻവലിക്കുകയും ചെയ്തത്. ആർബിഐയുടെ റീജിയനൽ ഓഫിസുകളിൽ നിന്നോ ബാങ്കുകളിൽ നിന്നോ 2000ന്റെ നോട്ട് മാറ്റാവുന്നതാണ്. ആളുകൾക്ക് അവർക്ക് അക്കൗണ്ടുള്ള ബാങ്കിൽ 2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാം.