“ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കും’; നിലപാട് മയപ്പെടുത്തി ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടെ നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം ശക്തമാക്കുമെന്നും വികസന നയങ്ങളില്‍ ഒന്നിച്ച്‌ നീങ്ങുമെന്നും ട്രൂഡോ വ്യക്തമാക്കി.

എന്നാല്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യ അന്വേഷണത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രൂഡോ പ്രതികരിച്ചു. കാനഡയുടെ നിലപാടിനെതിരേ വിവിധ രാജ്യങ്ങള്‍ രംഗത്തുവന്നതോടെയാണ് ട്രൂഡോ നിലപാട് മയപ്പെടുത്തിയതെന്നാണ് നിഗമനം.

നേരത്തേ കനേഡിയന്‍ പാര്‍ലമെന്‍റില്‍ ഇന്ത്യയ്‌ക്കെതിരേ ട്രൂഡോ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്നും ഇതിന് തെളിവുകള്‍ ലഭിച്ചെന്നും ട്രൂഡോ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇതോടെ കാനഡയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി.

കാനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്ന നടപടിയും ഇന്ത്യ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടെയുള്ള ബന്ധം വഷളാകുന്നതിനിടെയാണ് ട്രൂഡോ സമവായനീക്കത്തിന് ഒരുങ്ങുന്നത്.