സര്‍വകക്ഷിയോഗം ബഹിഷ്ക്കരിച്ച്‌ യുഡിഎഫ് ; വയനാടിന്റെ വികാരം അവഗണിച്ച മന്ത്രിയോട് സഹകരിക്കില്ല

വയനാട്: വന്യജീവി ആക്രമണത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ബഹിഷ്‌ക്കരിച്ച്‌ യുഡിഎഫ്. വനംമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഒരു ചര്‍ച്ചയ്ക്കും നീക്കുപോക്കിനും സാധ്യമല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

വയനാട്ടിലെ രണ്ടു യുഡിഎഫ് എംഎല്‍മാര്‍ യോഗം ബഹിഷ്‌ക്കരിച്ചു. വനംമന്ത്രിക്ക് ഒറ്റയ്ക്ക് വരാന്‍ ധൈര്യമില്ലാത്തിതിനാലാണ് മറ്റ് രണ്ടു മന്ത്രിമാരെക്കൂടി കൊണ്ടുവന്നതെന്ന് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.ഇത്രയും സംഭവം ഉണ്ടായിട്ടും കൊല്ലപ്പെട്ടവരുടെ ആരുടെയെങ്കിലും വീട് സന്ദര്‍ശിക്കാന്‍ വനംമന്ത്രി കൂട്ടാക്കിയിട്ടില്ലെന്നും വനംമന്ത്രിയല്ല മുഖ്യമന്ത്രിയാണ് ഇവിടെ സന്ദര്‍ശനം നടത്തേണ്ടതെന്നും വനംമന്ത്രി രാജി വെയ്ക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറഞ്ഞു. നേരത്തേ മന്ത്രിമാരായ എം.ബി. രാജേഷ്, കെ.രാജന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരാണയിരുന്നു സര്‍വകക്ഷിയോഗത്തിന് എത്തിയത്.

ഇവര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് സൂചനകള്‍. അതേസമയം കനത്ത പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയിലാകും മന്ത്രിമാര്‍ വീടുകള്‍ സന്ദര്‍ശിക്കുക. നേരത്തേ വനംമന്ത്രിയുടെ പുല്‍പ്പള്ളി സന്ദര്‍ശനം മുന്‍ നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എ.കെ. ശശീന്ദ്രനെതിരേ കരിങ്കൊടി പ്രയോഗം നടത്തിയവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതേസമയം വയനാട്ടില്‍ എത്തിയത് ജനങ്ങളെ കേള്‍ക്കാനാണെന്നും രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ലെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ നേരത്തേ പ്രതികരിച്ചിരുന്നു. വാകേരിയില്‍ പ്രജീഷിന്റെ വീട്ടില്‍ നേരത്തെ എത്തേണ്ടതായിരുന്നു. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ശാശ്വത പരിഹാരം കാണലാണ്. വയനാട്ടിലെ പ്രതിഷേധത്തില്‍ കേസെടുത്തതില്‍ അപാകതയില്ലെന്നും അത് സ്വാഭാവിക നടപടി മാത്രമാണെന്നും പറഞ്ഞു.

നേരത്തേ വയനാട്ടില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പല സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ട് സാധിച്ചില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരുടെയും സഹകരണം വേണം. അജീഷിന്റെയും പോളിന്റെയും വീട്ടിലേക്ക് പോകുമെന്നും പ്രതികരിച്ചിരുന്നു.