അവന്‍ നമ്മെ സ്നേഹിച്ചു (Dilexit Nos)ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ ആഴവും ക്ഷണവും

ഫാ. വര്‍ഗീസ് കൊച്ചുപറമ്പില്‍

മുറിവേല്‍പ്പിക്കപ്പെട്ട ക്രിസ്തുവിന്‍റെ തിരുഹൃദയത്തെകുറിച്ചും, ഈശോയുടെ മാനുഷിക ദൈവിക സ്നേഹത്തെക്കുറിച്ചും ഉത്ബോധിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ തന്‍റെ നാലാമത്തെ ചാക്രികലേഖനം ദിലേക്സിത് നോസ് (Dilexit Nos) he loved usഎന്ന പേരില്‍ 2024 ഒക്ടോബര്‍ 24 ന് പ്രസിദ്ധീകരിച്ചു. സഭാതനയര്‍ക്ക് ഈശോയുടെ തിരുഹൃദയത്തോടുള്ള സ്നേഹത്തിലും വണക്കത്തിലും അടിസ്ഥാനമിട്ട, വി. ഗ്രന്ഥത്തിലും വി. പാരമ്പര്യത്തിലും ഉള്‍ചേര്‍ന്ന ആധ്യാത്മികതയുടെ മനോഹാരിത മനസിലാക്കിതരുന്നതാണ് ഈ ചാക്രികലേഖനം. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഈ ചാക്രികലേഖനം സഭാമക്കളെ അനുസ്മരിപ്പിക്കുന്നത്. 1. ഈശോയ്ക്ക് നമ്മോടുള്ള സ്നേഹവും, അവന്‍ കാണിച്ചുതന്ന ശുശ്രൂഷയുടെ മാതൃകയും ഈശോയെപ്പോലെ മറ്റുള്ളവരെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും നമ്മെ ക്ഷണിക്കുന്നു. 2. കുന്തത്താല്‍ പിളര്‍ക്കപ്പെട്ട ഈശോയുടെ തിരുവിലാവില്‍നിന്നും ഒഴുകുന്ന ജീവജലത്തിന് മാനവികതയുടെ മുറിവുകളെ സുഖപ്പെടുത്താന്‍ കഴിവുണ്ട്. ഈ രണ്ട് അടിസ്ഥാന ആശയങ്ങളില്‍ ഊന്നിനിന്നുകൊണ്ട് അഞ്ച് അധ്യായങ്ങളിലായി മാര്‍പാപ്പ തന്‍റെ ചിന്തകളെ അവതരിപ്പിക്കുന്നു.ദൈവസ്നേഹത്തിന്‍റെ പാരമ്യത്തെക്കുറിച്ച് വി. പൗലോസ് ശ്ലീഹ റോമാക്കാര്‍ക്കെഴുതിയ ലേഖനം 8-ാം അധ്യായം 31-39 വാക്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് മാര്‍പാപ്പ ചാക്രികലേഖനം ആരംഭിക്കുന്നു. രണ്ട് ചിന്തകളാണ് ഇവിടെയുള്ളത്. 1. ക്രിസ്തു ജീവന്‍ നല്കി നമ്മെ സ്നേഹിച്ചു, ആ സ്നേഹത്തില്‍നിന്ന് ആര് നമ്മെ അകറ്റും. 2. ഈശോയാണ് ആദ്യം നമ്മെ സ്നേഹിച്ചത്, കുത്തിപിളര്‍ക്കപ്പെട്ട ആ ഹൃദയം വ്യവസ്ഥകളൊന്നും ഇല്ലാതെ നമ്മെ സ്നേഹിക്കുന്നു. നമുക്കായി കാത്തിരിക്കുന്നു.ഹൃദയത്തിന്‍റെ പ്രാധാന്യം’ദിലേക്സിത് നോസി’ന്‍റെ ഒന്നാം അധ്യായം മനുഷ്യജീവിതത്തില്‍ ഹൃദയത്തിന്‍റെ സ്ഥാനവും പ്രാധാന്യവും വിവരിക്കുന്നതാണ്. ഇന്നത്തെ ഉപഭോഗസംസ്കാരത്തില്‍ മനുഷ്യര്‍ ഒന്നിലും സംതൃപ്തി ഇല്ലാത്ത സമൂഹമായി രൂപപ്പെട്ടിട്ടുണ്ട് (DN.2) ഈ പശ്ചാത്തലത്തില്‍ മനുഷ്യഹൃദയത്തിന്‍റെ പ്രാധാന്യം മാര്‍പാപ്പ അവതരിപ്പിക്കുന്നു. വി. ഗ്രന്ഥം നമുക്ക് കാണിച്ചുനല്കുന്ന ഹൃദയം അഭിനയമില്ലാത്ത, കള്ളത്തരങ്ങളില്ലാത്ത, നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും, അസ്തിത്വവുമൊക്കെ കണ്ടെത്താനാവുന്ന, നാം നാമായിരിക്കുന്ന ഹൃദയമാണ്. ദൈവത്തിനുമുമ്പില്‍ ഞാനാരാണ് എന്ന ചോദ്യം ഉയരുന്നതും ഈ ഹൃദയത്തില്‍നിന്നാണ് (DN 8) .യുക്തിചിന്തകള്‍ക്കും, ആദര്‍ശവാദങ്ങള്‍ക്കും, ഭൗതികവാദത്തിനുമൊക്കെ ഹൃദയത്തിന് പ്രാധാന്യമില്ല. കാര്യകാരണങ്ങള്‍ക്കും, ഇച്ഛാശക്തിക്കും, സ്വാതന്ത്ര്യത്തിനുമൊക്കെയാണ് അവിടെ പ്രാധാന്യം. എന്നാല്‍ ആത്മീയതയ്ക്കും സ്നേഹബന്ധങ്ങള്‍ക്കും, മറ്റുള്ളവരുമായി എന്നെ ബന്ധിപ്പിക്കുന്ന ഹൃദയത്തിന് പ്രാധാന്യം കൊടുക്കണം (DN-10) കാരണം സ്വാര്‍ത്ഥതയെ അതിജീവിക്കണമെങ്കില്‍ ബന്ധങ്ങള്‍ ഹൃദയംകൊണ്ടുള്ളതാവണം. (DN 10).ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വാക്കുകളും പ്രവര്‍ത്തികളുംനമുക്ക് സമീപസ്ഥനായ, കരുണയോടെ നമ്മോട് ഇടപെടുന്ന, കാത്തിരിക്കുന്ന ആര്‍ദ്രതയുള്ള ദൈവത്തെക്കുറിച്ചുള്ള ചിന്തകളാണ് ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വാക്കുകളും പ്രവര്‍ത്തികളും എന്ന രണ്ടാം അധ്യായത്തിന്‍റെ കാതല്‍. (DN35). ഈശോ നമ്മെ സ്നേഹിതരായാണ് കാണുന്നത്. വി. ഗ്രന്ഥത്തില്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തികള്‍ക്കും അനുഭവവേദ്യമായ കാര്യം ഇതാണ്. സമരിയാക്കാരി സ്ത്രീ, നിക്കോദേമൂസ്, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ, അന്ധനായ മനുഷ്യന്‍ ഇവരെല്ലാവരും അനുഭവിച്ചത് ഈ സ്നേഹത്തിന്‍റെ ആഴമാണ്. ഓരോ വ്യക്തിയുടെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നോട്ടം (DN 39) അതിലൂടെ അവരുടെ പ്രശ്നങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും ഈശോ എത്രമാത്രം ശ്രദ്ധാലുവാണെന്ന് കാണിക്കുന്നു ((DN 40). താന്‍ സ്നേഹിച്ചിരുന്ന ലാസറിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന ഈശോയെ നാം കാണുന്നു. താന്‍ സ്നേഹിച്ചവര്‍ക്കുവേണ്ടി ഗത്സമെന്‍ തോട്ടത്തില്‍ രക്തം വിയര്‍ത്ത് കരയുന്ന ഈശോ, സ്നേഹത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. ആ സ്നേഹത്തിന്‍റെ പാരമ്യം കാല്‍വരിയിലെ കുരിശില്‍ നാം കണ്ടുമുട്ടുന്നു (DN. 45, 46).ഏറെ സ്നേഹിച്ച ക്രിസ്തുവിന്‍റെ ഹൃദയംചാക്രികലേഖനത്തിന്‍റെ മൂന്നാമത്തെ അധ്യായം സഭയുടെ പാരമ്പര്യത്തില്‍നിന്നും ചരിത്രത്തില്‍നിന്നും അടിസ്ഥാനമിട്ട് വളര്‍ന്നുവന്ന ഈശോയുടെ തിരുഹൃദയഭക്തിയെക്കുറിച്ചുള്ള ചിന്തകളാണ് ഫ്രാന്‍സീസ് മാര്‍പാപ്പ പങ്കുവയ്ക്കുന്നത്. ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കം ‘ഹൃദയം’ എന്ന ശരീരഭാഗത്തോടുള്ള ആരാധനയോ ഭക്തിയോ അല്ല. മറിച്ച് ഈശോയോടുതന്നെയുള്ള ഭക്തിയും വണക്കവുമാണ് (Dn. 46). മനുഷ്യനായി അവതരിച്ച ദൈവപുത്രനെയാണ് തിരുഹൃദയവണക്കത്തിലൂടെ നാം ആരാധിക്കുന്നത്. ഈശോയുടെ തിരുഹൃദയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ദൈവികമായ സ്നേഹവും കരുണയും അതിന്‍റെ സമ്പൂര്‍ണ്ണതയില്‍ കുടികൊള്ളുന്ന ഒരിടം എന്നതിനൊപ്പം മാനുഷികമായ സ്നേഹം അതിന്‍റെ പൂര്‍ണ്ണതയില്‍ നിലനില്ക്കുന്ന ഒരിടം എന്ന യാഥാര്‍ത്ഥ്യം കൂടി നാം മനസിലാക്കണം (DN.61). പ. ബനഡിക്റ്റ് XVI-ാം മാര്‍പാപ്പ ഈ സ്നേഹത്തിന്‍റെ വിവിധ വശങ്ങള്‍ അവതരിപ്പിക്കുന്നത് ഫ്രാന്‍സീസ് മാര്‍പാപ്പ എടുത്തു പറയുന്നു. പ. ബനഡിക്റ്റ് മാര്‍പാപ്പയുടെ കാഴ്ചപ്പാടില്‍ ഈശോയുടെ തിരുഹൃദയം അവന്‍റെ ഹൃദയത്തിന്‍റെ വൈകാരികമായ സ്നേഹം, ആധ്യാത്മിക സ്നേഹത്തിന്‍റെ മാനുഷിക ദൈവികഭാവങ്ങള്‍ എന്നിവ വെളിപ്പെടുത്തുന്നുണ്ട്. പരിമിതികളിലും അപരിമയമായ സ്നേഹം തിരുഹൃദയം നമുക്ക് പകര്‍ന്നുതരുന്നു (DN67).ഈശോയുടെ തിരുഹൃദയം സുവിശേഷത്തിന്‍റെ സംക്ഷിപ്ത രൂപമായിട്ടാണ് ഫ്രാന്‍സീസ് മാര്‍പാപ്പ അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇന്നത്തെ ലോകത്തിന്‍റെ ശ്രദ്ധയും, സഭയുടെ അജപാലനപ്രവര്‍ത്തനങ്ങളും മനുഷ്യനായി പിറന്ന സുവിശേഷത്തിലേക്ക് ഈശോയുടെ തിരുഹൃദയത്തിലേക്ക് കേന്ദ്രീകരിക്കപ്പെടണം എന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ആഗ്രഹിക്കുന്നു (DN. 88).സ്വയം പാനീയമായി നല്കുന്ന സ്നേഹംദൈവസ്നേഹത്തിനായുള്ള മനുഷ്യന്‍റെ ദാഹം തീര്‍ക്കുന്ന ജീവന്‍റെ ഉറവയായി തിരുഹൃദയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ചാക്രിക ലേഖനത്തിന്‍റെ 4-ാം അധ്യായത്തില്‍ വി. ഗ്രന്ഥത്തിന്‍റെയും വി. പാരമ്പര്യത്തിന്‍റെയും അടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്നു. പഴയനിയമത്തില്‍ സഖറിയായുടെയും ഏശയ്യായുടെയും എസെക്കിയേലിന്‍റെയും പുസ്തകങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ ഹൃദയത്തിന്‍റെ ദാഹം ശമിപ്പിക്കുന്ന ആത്മാവിന്‍റെ ജലമായി തിരുഹൃദയത്തെ അവതരിപ്പിക്കുന്നു (DN. 93-95). ദൈവവുമായുള്ള കണ്ടുമുട്ടലിന്‍റെ ഇടമായി തിരുഹൃദയ വണക്കത്തെ വിശുദ്ധ അഗസ്റ്റിനും (DN103) ജീവന്‍റെയും ആന്തരികസമാധാനത്തിന്‍റെയും ഇടമായ തിരുഹൃദയത്തെക്കുറിച്ച് ഫ്രാന്‍സിസ് ദെ സാലസ് പുണ്യവാനും ഓര്‍മ്മിപ്പിക്കുന്നു (DN. 118).തിരുഹൃദയ വണക്കവുമായി ബന്ധപ്പെട്ട സുപ്രധാന വിശുദ്ധരായ മാര്‍ഗ്ഗരറ്റ് മേരി അലക്കോക്ക്, വി. കൊച്ചുത്രേസ്യ, വി.ഇഗ്നേഷ്യസ് ലൊയോള, വി. ഫൗസ്റ്റീന തുടങ്ങിയവരുടെ തിരുഹൃദയഭക്തിയെ കുറിച്ചും, അതുവഴി അവരുടെ ജീവിതത്തില്‍ സംഭവിച്ച ആധ്യാത്മിക പരിവര്‍ത്തനത്തെകുറിച്ചും ഫ്രാന്‍സീസ് മാര്‍പാപ്പ ചാക്രികലേഖനത്തില്‍ അവതരിപ്പിക്കുന്നു. ഒപ്പം തന്‍റെ മുന്‍ഗാമിയായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അജപാലനശൈലിയിലെ തിരുഹൃദയഭക്തിയെക്കുറിച്ചും മാര്‍പാപ്പ സൂചിപ്പിക്കുന്നു.ഈശോയുടെ തിരുഹൃദയത്തില്‍നിന്നൊഴുകുന്ന അനന്തമായ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ സ്നേഹം മൂലം കര്‍ത്താവ് കടന്നുപോകുന്ന സഹനങ്ങളെക്കുറിച്ചും ചാക്രികലേഖനം വാചാലമാകുന്നു (DN. 151). തിരുഹൃദയത്തില്‍ അഭയം തേടുന്നത് കഷ്ടതയിലൂടെ കടന്നുപോകുന്നവര്‍ക്ക് സ്വാന്തനമേകാനുള്ള നമ്മുടെ കടമയെക്കുറിച്ച് നമ്മെ ബോധ്യമുള്ളവരാക്കണം (DN. 162) എന്ന് മാര്‍പാപ്പ ആഗ്രഹിക്കുന്നു.സ്നേഹത്തിനായുള്ള സ്നേഹംതിരുഹൃദയ സ്നേഹത്തിന്‍റെയും ദൈവസ്നേഹത്തിന്‍റെയും സാമൂഹ്യവശമാണ് അഞ്ചാം അധ്യായത്തില്‍ വിശകലനം ചെയ്യുന്നത്. തിരുഹൃദയവണക്കം പിതാവിലേക്കും, സഹോദരീസഹോദരങ്ങളിലേക്കും നമ്മെ ഒരുപോലെ നയിക്കണം (DN. 163). ഉദാഹരണമായി വി. ചാള്‍സ് ദ് ഫുക്കോയുടെ ജീവിതം അവതരിപ്പിച്ചുകൊണ്ട് സഹനമനുഭവിക്കുന്നവര്‍ക്ക് അഭയമാകാനുള്ള നമ്മുടെ കടമയെ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു (DN. 179). തിരുഹൃദയഭക്തിയില്‍നിന്നും രൂപം കൊള്ളുന്ന സഭയുടെ മിഷനറി ചൈതന്യത്തെക്കുറിച്ചും ജോണ്‍പോള്‍ മാര്‍പാപ്പയുടെയും, പോള്‍ ആറാമന്‍ മാര്‍പാപ്പയുടെയും പഠനങ്ങളുടെ വെളിച്ചത്തില്‍ മാര്‍പാപ്പ ഓര്‍മ്മിപ്പിക്കുന്നു. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തില്‍ ക്രിസ്തുവിന്‍റെ സ്നേഹത്തെ അനുഭവിച്ചറിയാന്‍വേണ്ടി പ്രവര്‍ത്തിക്കുവാനുള്ള ഓരോ വ്യക്തിയുടെയും കടമ മാര്‍പാപ്പ പ്രത്യേകം ഉത്ബോധിപ്പിക്കുന്നു.നമ്മുടെ പരിമിതികള്‍ക്കധീതമായി, നാം സ്നേഹിക്കുന്നതിനുമുമ്പേ നമ്മെ സ്നേഹിച്ച ദൈവപുത്രന്‍റെ സ്നേഹം ആവോളം ഉള്‍ക്കൊണ്ട്, നമ്മുടെ സഹോദരങ്ങളോടുള്ള സ്നേഹത്തിലും കരുണയിലും ശുശ്രൂഷയിസും ആഴപ്പെടാനുള്ള ആഹ്വാനം മാര്‍പാപ്പ ഇവിടെ നില്‍കുന്നു.ഉപസംഹാരംഈശോയുടെ തിരുഹൃദയത്തിന്‍റെ മാനുഷികവും ദൈവികവുമായ ‘സ്നേഹം’ പകര്‍ന്നു നല്കുന്ന ആധ്യാത്മിക ഉറവിടങ്ങളുടെ ആഴമാണ് ഈ ചാക്രികലേഖനം അവതരിപ്പിക്കുന്നത്. ദൈവത്തെ മനസിലാക്കാനും അവന്‍റെ സ്നേഹം തിരിച്ചറിയാനുമുള്ള ആദ്യതലം മാനുഷികലോകവും സാഹചര്യവും തിരിച്ചറിയുക എന്നതാണ്. ഈശോയുടെ തിരുഹൃദയഭക്തി ക്ഷണിക്കുന്നതും രമ്യതയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഒരു സാമൂഹ്യഅത്ഭുതത്തിലേക്കാണ് (social miracle, DN 28). ഈശോയുടെ തിരുഹൃദയഭക്തി സാമൂഹ്യപരിവര്‍ത്തനത്തിനുള്ള വലിയ വെല്ലുവിളിയും, ഈശോയുടെ തിരുഹൃദയത്തിന്‍റെ സുവിശേഷം പങ്കുവയ്ക്കാനുള്ള സഭയുടെ പ്രേഷിതചൈതന്യവും ഒരുപോലെ വെളിവാക്കുന്നു