ഫാ. ഡാനിയേൽ പൂവണ്ണത്തിൽ
ചരിത്രം കണ്ട മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളും പദവികളും സഭയും വികാരിയും മാത്രം കാലത്തെ അതിജീവിച്ചത് എന്തുകൊണ്ടാണ്? ഇരുളും വെളിച്ചവും സ്നേഹവും സൗന്ദര്യവും വൈരൂപ്യവും ഒരുപോലെ പേപ്പസിയുടെ കൂടാരങ്ങളിൽ കയറിയിറങ്ങിയിട്ടും അതിജീവനത്തിൻ്റെ മൃതസഞ്ജീവനിയായി പേപ്പസി തുടരുന്നതിൻ്റെ രഹസ്യമെന്താവും? കൊന്നു കുഴിച്ചു മൂടുവാൻ വന്നവരുടെ ശവസംസ്കാരകർമ്മത്തിൽ പങ്കെടുത്തുകൊണ്ട് ആശീർവാദത്തിന്റെ കരമുയർത്തി നിൽക്കുന്ന പത്രോസിൻ്റെ പിൻഗാമികളെപ്പറ്റി മെക്കാളെ പ്രഭു പറഞ്ഞിട്ടുണ്ട്. നെപ്പോളിയനാണിങ്ങനെ പറഞ്ഞത്: “അലക്സാണ്ടറിന്റെയും ജൂലിയസ് സീസറിന്റെയും സാമ്രാജ്യങ്ങൾ നാമാവശേഷമായി. എന്റെ സാമ്രാജ്യം അസ്‌തമയത്തോടടുക്കുകയാണിപ്പോൾ. എന്നാൽ ക്രിസ്തുവിൻ്റെ സാമ്രാജ്യം, അതിനുമാത്രം അവസാനമില്ല.” മാനുഷികബലങ്ങൾ മാത്രമായിരുന്നില്ല ദൈവപുത്രന്റെ സഭയുടെ അടിസ്ഥാനം. പത്രോസെന്ന മനുഷ്യന്റെ കഴിവുകളെക്കാളധികം അയാളുടെ കഴിവു കേടുകളെയും കരുത്തിൻ്റെ പാറയാക്കി മാറ്റുന്ന ദൈവ ശക്തിയിലാണ് ക്രിസ്‌തു തൻ്റെ സഭയെ പണിതത്. മാംസരക്തങ്ങളെക്കാളധികം ഈ വെളിപാടിന്റെ സുകൃ തങ്ങൾക്കും നിൻ്റെ കരുത്തിനുമൊക്കെ നിദാനം സ്വർഗീയപിതാവിൻ്റെ കനിവല്ലാതെ മറ്റൊന്നുമല്ല എന്ന് ക്രിസ്തു പത്രോസിനോട് പറയുന്നതിന്റെ സൂചനയാണത്. സെന്റ് പോളിത് മനോഹരമായി പറഞ്ഞിട്ടുണ്ട്. ഈ സ്വർഗ്ഗീയനിധിയേൽപ്പിക്കപ്പെട്ട പാവം മനുഷ്യരൊക്കെ വല്ലാതെ ബലഹീനരായിപ്പോകുമ്പോഴും ഉള്ളിലെ നിധിയുടെ മൂല്യഭാരം അവരെ ഒരുപാടു കരുത്തരാക്കിയിരിക്കണം…സജീവമായ ഒരോർമ്മയായി മരണത്തിനുശേഷവും ജനമനസ്സുകളിൽ ജീവിക്കുന്ന ജോൺപോൾപാപ്പാ. കരോൾ വോയ്റ്റീവാ എന്നായിരുന്നു കുട്ടിക്കാലത്ത് അവനു പേര്. ഒരു പാവപ്പെട്ട പട്ടാള ഉദ്യോഗസ്ഥന്റെ മകനായി പിറന്നതുകൊണ്ടാവണം അവശതയനുഭവിക്കുന്ന ജനകോടികൾക്ക് ഉയർച്ചയുണ്ടാവണമെന പിൽക്കാലത്ത് ഒരുപാടു തവണ അയാൾ ലോകത്തെ ഓർമ്മിപ്പിച്ചത്. ജർമ്മൻ തടങ്കൽപാളയത്തിൽ കല്ലുവെട്ടിയും കെമിക്കൽ ഫാക്ടറിയിൽ തൊഴിലെടുത്തുംകഴിഞ്ഞ കൗമാരം ഈ മനുഷ്യനെ ഒരുപാടുരൂപപ്പെടുത്തിയിരിക്കണം. വൈദികനായി പിന്നെയൊരുനാൾ പോളണ്ടിലെ ക്രാക്കോവ് അതിരൂപതയുടെ ആർച്ചുബിഷപ്പായി ശുശ്രൂഷ ചെയ്യുമ്പോളാണ് അദ്ദേഹത്തെ വത്തിക്കാൻ്റെ പരമപദം കനിവോടെ തേടി യെത്തുന്നത്.പോളണ്ട് അന്നവർക്ക് ചതുർത്ഥിയായിരുന്നു! സഭാ നേതാക്കന്മാരും പാശ്ചാത്യവാർത്താമാധ്യമങ്ങളും ഇരുമ്പുമുറ എന്ന ഓമനപ്പേരിട്ടു വിളിച്ച കമ്മ്യൂണിസ്റ്റ് രാജ്യം. പോളണ്ടിലിദ്ദേഹം കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ഉണ്ടാക്കിയ പ്രായോഗികബന്ധങ്ങൾ അന്നേ ലോകശദ്ധയാകർഷിച്ചിരുന്നു.1978-ൽ അദ്ദേഹം വത്തിക്കാൻ കൊട്ടാരത്തിലേയ്ക്ക് നടന്നുകയറുമ്പോൾ സഭാചരിത്രത്തിൽ അതൊരു നാഴികക്കല്ലാവുകയായിരുന്നു. മൂന്നാം സഹസ്രാബ്ദത്തിലേയ്ക്ക് ക്രിസ്തുവിൻ്റെ സഭയെ കൈപിടിച്ചു നടത്താൻ ഒരു മാർപാപ്പാ, ജോൺപോൾ രണ്ടാമൻ എന്ന സ്ഥാനപ്പേരിൽആ വ്യക്തിയിൽ സകല നേതൃ്യഭാവങ്ങളും സമ്മേളിക്കപ്പെട്ടിരിക്കുന്നതായി അന്നു മുതൽ ലോകം തിരിച്ചറിഞ്ഞു. ഏറ്റവും കൂടുതൽ വിദേശയാത്രകൾ നടത്തിയ, രാജ്യങ്ങൾ സന്ദർശിച്ച പാപ്പായായി അദ്ദേഹം ശ്രദ്ധേയനായത് പെട്ടെന്നായിരുന്നു. ലോകമനഃസാക്ഷിയുടെ സൂക്ഷിപ്പുകാരനെ തിരഞ്ഞ് പലവേള ലോകശ്രദ്ധ വത്തിക്കാൻ കൊട്ടാരത്തിലേയ്ക്കു തിരിഞ്ഞു.പിന്നെയുമൊരുനാൾ, പ്രപഞ്ചമീ മനുഷ്യൻ്റെ മുമ്പിൽ ആദരവോടെ ശിരസ്സു നമിച്ചത്, തന്റെ ജീവസ്‌പന്ദനങ്ങളുടെ നേരെ നിഷ്ക്കരുണം നിറയുതിർത്ത അലി അഗ്ക്ക എന്ന യുവാവിന് നിരുപാധികം മാപ്പുകൊടുക്കാൻ തയ്യാറായ ആ വിശാലഹൃദയൻ്റെ കനിവിനു മുന്നിലാണ്. ഭൂത കാലങ്ങളിൽ ആ സ്ഥാനചിഹ്നങ്ങൾ വിശ്വമനഃസാക്ഷിയിൽ ചാർത്തിയ പാപക്കറകളെ മറന്നതുപോലെ, അന്നു പ്രപഞ്ചം പേപ്പസിയെ വന്ദിച്ചുനിന്നു. ഇനിയുമുണ്ടായി ഒരു ദിനം. അതൊരു മാപ്പു പറച്ചിലിൻ്റെ ദിനമായിരുന്നു. ചരിത്രത്തിൽ ക്രിസ്‌തുവിൻ്റ പിൻമുറക്കാർ ചെയ്തു കൂട്ടിയ അപരാധങ്ങൾക്കും മതദ്രോഹവിചാരണക്കോടതി ചുട്ടെരിച്ച വിശ്വാസവിരുദ്ധരെന്ന് മുദ്രകുത്തപ്പെട്ടവരുടെ പ്രാണനുവേണ്ടിയുള്ള നിലവിളികൾക്കും, കുരിശുയുദ്ധങ്ങളേല്‌പിച്ച കളങ്കസ്‌മൃതികൾക്കും കുരിശു രൂപത്തിൽ ശിരസു മുട്ടിച്ച് ആ വയോധികൻ അന്നു മാപ്പു പറഞ്ഞു. എതിരാളികളിൽ പോലും മനഃചാഞ്ചല്യമുണ്ടാക്കിയ ആ മനുഷ്യസ്നേഹിയെ ലോകമന്ന് വാഴ്ത്തിപ്പാടി.നീണാൾ വാഴുക പാപ്പാ…ഇന്നാ പുണ്യാത്മാവിൻ്റെ ഭൗതികസാന്നിധ്യമില്ല, ഈ ഓർമ്മകളല്ലാതെ… പക്ഷേ, സഭയും പേപ്പസിയും നില നിൽക്കുന്ന കാലത്തോളം ജോൺപോൾ രണ്ടാമൻ ജന മനസ്സുകളിലുണ്ടാവും, ഒരപൂർവ്വപുഷ്‌പത്തിൻ സുഗന്ധമായി….കാലഘട്ടങ്ങളെ അതിജീവിച്ച് പേപ്പസി ഇന്നും തുടരുന്നു. എല്ലാ വിവാദങ്ങൾക്കുമൊടുവിലും വിവിധ സഭകൾക്കിടയിൽ പോലും ഒരു സമാനചിന്താഗതി ഈ വിഷയത്തിൽ രൂപപ്പെടുന്നുമുണ്ട്. ക്രിസ്‌തുവിൻ്റെ സഭകളുടെ ഐക്യത്തിൻ്റെ നിമിത്തമായി പേപ്പസിയെ കാണാനാണ് ഇന്ന് കുറെയധികം പേർക്കിഷ്ടം. ആ കൈയ്യൊപ്പുപോലും സൂചിപ്പിക്കുന്നത് അങ്ങനെയാണല്ലോ. ക്രിസ്‌തുവിൻ്റെ ദാസന്മാരുടെ ദാസൻ!