വി. എഡ്മണ്ട് റിച്ച്


അബിങ്ങ്ടണിലെ ബര്‍ക്ഷയറില്‍ ജീവിച്ചിരുന്ന ധനികനും ഭക്തനുമായ റെയ്നോള്‍ഡിന്‍റെ മൂത്തപുത്രനായിരുന്നു എഡ്മണ്ട്. 1180 ലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. അപ്പനും അമ്മയും നാലുമക്കളും അടങ്ങിയതായിരുന്നു കുടുംബം. ദൈവഭക്തനായിരുന്ന അവരുടെ പിതാവ് കുടുംബത്തിനു ജീവിക്കുവാനുള്ളതെല്ലാം ക്രമീകരിച്ചതിനുശേഷം ഭാര്യയുടെ സമ്മതത്തോടെ ഐന്‍ഷാം ആശ്രമത്തില്‍ സന്യാസിയായി ചേര്‍ന്നു. കുറച്ചുനാളുകള്‍ക്കുള്ളില്‍ അദ്ദേഹം മരണമടയുകയും ചെയ്തു.
ദൈവഭക്തയായിരുന്ന അമ്മ തന്‍റെ മക്കളെ ദൈവഹിതത്തിനനുസൃതം വളര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അമ്മയുടെ നിര്‍ദ്ദേശപ്രകാരം എഡ്മണ്ട് ഓക്സ്ഫോര്‍ഡിലെ പഠനത്തിനുശേഷം സഹോദരന്‍ റോബര്‍ട്ടിനോടൊപ്പം ഉപരിപഠനത്തിനായി പാരീസിലേക്കുപോയി. എന്നാല്‍ അധികകാലം കഴിയുന്നതിനുമുമ്പുതന്നെ അമ്മ രോഗബാധിതയായതറിഞ്ഞ് എഡ്മണ്ട് ഇംഗ്ലണ്ടിലേക്കു തിരികെവന്നു. മരണാസന്നയായ മാതാവ് എഡ്മണ്ടിന് അന്തിമമായ അനുഗ്രഹങ്ങള്‍ നല്കി. തന്‍റെ സഹോദരങ്ങള്‍ക്കും അനുഗ്രഹം നല്‍കണമെന്ന് എഡ്മണ്ട് അമ്മയോട് അപേക്ഷിച്ചു. തന്‍റെ അനുഗ്രഹങ്ങള്‍ എഡ്മണ്ട് വഴിയായി അവര്‍ക്കും ലഭിക്കുമെന്നായിരുന്നു അമ്മയുടെ മറുപടി. അവരെ എഡ്മണ്ടിന്‍റെ സംരക്ഷണയില്‍ ഏല്‍പ്പിച്ച് അവള്‍ സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി.
അമ്മയുടെ മരണശേഷം അദ്ദേഹം വീണ്ടും പഠനത്തിനായി പാരീസിലേക്കുതന്നെ മടങ്ങി. അവിടെവച്ച് എഡ്മണ്ട് നിത്യം ബ്രഹ്മചര്യം പാലിച്ചുകൊള്ളാമെന്ന് തീരുമാനമെടുത്തു. ഈ പ്രതിജ്ഞ അത്യന്തം വിശ്വസ്തതയോടെ അദ്ദേഹം പാലിക്കുകയും ചെയ്തു. അക്കാലത്ത് പ്രാര്‍ത്ഥനയിലും പഠനത്തിലും ദൈവാലയശുശ്രൂഷയിലും മാത്രം ശ്രദ്ധിച്ച് അദ്ദേഹം കഴിഞ്ഞുകൂടി. പിന്നീട് ഗണിതശാസ്ത്രത്തില്‍ പ്രാഗത്ഭ്യം നേടി, ഗണിത അധ്യാപകനായി കുറേനാള്‍ സേവനമനുഷ്ഠിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം നിദ്രയില്‍, മരണമടഞ്ഞ അമ്മ തന്നോടു സംസാരിക്കുന്നതായി അദ്ദേഹത്തിനു തോന്നി. ഗണിതസംബന്ധമായ കണക്കുകള്‍ കണ്ടിട്ട് ഇവ എന്താണെന്ന് അവള്‍ ചോദിച്ചു. അതെല്ലാം പഠനവിഷയങ്ങളാഎന്ന് അദ്ദേഹം ഉത്തരം നല്‍കി. അപ്പോള്‍ അമ്മ ഇപ്രകാരം പറഞ്ഞു “ആരാധ്യമായ പരി. ത്രീത്വത്തെ പഠനവിഷയമാക്കുന്നതാണ് ഉത്തമം.”
അക്കാലംമുതല്‍ എഡ്വേര്‍ഡ് ദൈവശാസ്ത്രം പഠിച്ചുതുടങ്ങി. അതില്‍ അമൂല്യമായ വൈദുഷ്യം നേടിയതിനുശേഷം വൈദികനായി. അനന്തരം എട്ടുവര്‍ഷം ഓക്സ്ഫോര്‍ഡില്‍ ദൈവശാസ്ത്രവും തര്‍ക്കവും പഠിപ്പിച്ചു. തന്‍റെ വിദ്യാര്‍ത്ഥികളെ വ്യക്തിപരമായി മനസ്സിലാക്കിക്കൊണ്ട് അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്കി. ഒപ്പം അനുകരണീയമായ തപശ്ചര്യകള്‍ അനുഷ്ഠിക്കുകയും ചെയ്തു. 1222-നോടടുത്തു സാലിസ്ബറി ഭദ്രാസനദേവാലയത്തിലെ ധനകാര്യവിചാരകനായി നിയമിക്കപ്പെട്ടു. അന്നു തന്‍റെ വരുമാനത്തില്‍ ഏറിയകൂറും അഗതിസംരക്ഷണത്തിനായിട്ടാണു വിനിയോഗിച്ചത്.
1227-ല്‍ ഗ്രിഗോരിയോസ് ഒന്‍പതാമന്‍ മാര്‍പാപ്പ സാരസന്മാര്‍ക്കെതിരേ കുരിശുയുദ്ധം നടത്തുന്നതിനു പ്രഭാഷണങ്ങള്‍ മുഖേന ജനങ്ങളെ പ്രചോദിപ്പിക്കുവാന്‍ എഡ്മണ്ടിനു നിര്‍ദ്ദേശം നല്കി.
അന്ന് കാന്‍റര്‍ബറിയില്‍ ഒഴിവായിക്കിടന്ന മെത്രാന്‍ സ്ഥാനത്തേക്ക് എഡ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ആദ്യം ആ സ്ഥാനം സ്വീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ പിന്നീട് സഭാധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടതുകൊണ്ടു വഴങ്ങി. 1234-ല്‍ സ്ഥാനമേറ്റു. അതിനുശേഷം ഹെന്‍ട്രി മൂന്നാമന്‍ രാജാവിന്‍റെ ദുര്‍ന്നയങ്ങളെ ധീരമായി ചെറുക്കുകയും സഭയുടെ അവകാശങ്ങള്‍ക്കുവേണ്ടി വിട്ടുവീഴ്ച കൂടാതെ അടരാടുകയും ചെയ്തു. തന്മൂലം ഉന്നതസ്ഥാനീയരായ പല വ്യക്തികളുടെയും വിദ്വേഷത്തിനു പാത്രമായി. എങ്കിലും ഒട്ടും കുലുങ്ങിയില്ല. എതിര്‍പ്പികളും ക്ലേശങ്ങളും തന്‍റെ ആത്മശുദ്ധീകരണത്തിനു അനുപേക്ഷണീയമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം.
സഭയുടെയും രാഷ്ട്രത്തിന്‍റെയും താല്‍പര്യങ്ങള്‍ തമ്മില്‍ ഇടഞ്ഞതുകൊണ്ടാണു പ്രശ്നങ്ങള്‍ ഏറ്റവും സങ്കീര്‍ണ്ണമായത്. കാന്‍റര്‍ബറി ദേവാലയത്തില്‍ സേവനം അനുഷ്ഠിച്ചിരുന്ന സന്യാസിമാര്‍ ധര്‍മ്മാധര്‍മ്മ വിവേചനമെന്യേ രാജാവിന്‍റെ ഇംഗിതത്തിനു കൂട്ടുനില്ക്കുകയും എഡ്മണ്ടിനെ പരസ്യമായി ധിക്കരിക്കുകയും ചെയ്തു. 1237-ല്‍ എഡ്മണ്ട് റോമിലെത്തി മാര്‍പാപ്പയെ കണ്ടു സ്ഥിതിഗതികളെല്ലാം വ്യക്തമായി ഗ്രഹിപ്പിച്ചതിനുശേഷം കലഹത്തിനു നേതൃത്വം വഹിച്ച പതിനേഴു സന്യാസിമാരെ സഭാഭ്രഷ്ടരാക്കി. അതോടെ എതിര്‍പ്പും രൂക്ഷമായി. രാജാവും പാര്‍ശ്വവര്‍ത്തികളും എഡ്മണ്ടിനെ നിശിതമായി കുറ്റപ്പെടുത്തി. വൈരനിര്യാതനബുദ്ധിയോടു കൂടി രാജാവു സഭയുടെ അവകാശങ്ങളില്‍ പലതും പിടിച്ചെടുത്തു. ഇംഗ്ലണ്ടിലെ പേപ്പല്‍ പ്രതിനിധി പോലും എഡ്മണ്ടിന് എതിരായ നിലപാടാണു സ്വീകരിച്ചത്. എഡ്മണ്ട് വല്ലാതെ കുഴങ്ങി. തത്വങ്ങള്‍ ബലികഴിച്ചുകൊണ്ടു ഒരു ഒത്തുതീര്‍പ്പിന് അദ്ദേഹം സന്നദ്ധനായിരുന്നില്ല. അതിനാല്‍ ഇംഗ്ലണ്ടിനോടു വിടവാങ്ങുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പോണ്ടീഞ്ഞിയിലെ സിസ്റ്റേര്‍ഷ്യന്‍ ആശ്രമത്തിലേക്കാണു പോയത്. അവിടത്തെ സന്യാസിമാരില്‍ ഒരുവനായി കഴിഞ്ഞുകൂടി. അക്കാലത്തു തന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെ അധികരിച്ച് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുകയും സമീപസ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. 1240-ലെ ശരല്‍ക്കാലത്തില്‍ സോയിസ്സിയിലായിരിക്കേ, നവംബര്‍ പതിനാറാംതീയതി മരണം പ്രാപിച്ചു.
മരണശേഷം കുറേക്കാലം കഴിഞ്ഞ് രാജാവിന്‍റെ സാന്നിധ്യത്തില്‍ കല്ലറ തുറക്കപ്പെട്ടു. അപ്പോള്‍ ശരീരം അഴുകിയിരുന്നില്ല. തവിട്ടു നിറമായി മാറിയ ശരീരം ആബി ദൈവാലയത്തിലാണ് ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.

Leave a Reply