പേവിഷബാധ

ഡോ. അനിറ്റ് ജോസഫ്

മനുഷ്യരെ ബാധിക്കുന്ന ഏറ്റവും മാരകമായ ജന്തുജന്യരോഗമാണ് പേവിഷബാധ. മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന ഇതിന് ‘റാബീസ്’ എന്നു പറയുന്നു. ‘റാബീസ്’ എന്ന ലാറ്റിന്‍ പദത്തിന്‍റെ അര്‍ത്ഥം ‘ഭ്രാന്ത്’ എന്നാണ്. പേയുള്ള മൃഗത്തില്‍നിന്ന് രോഗാണു മനുഷ്യനില്‍ പ്രവേശിച്ച് രോഗബാധയുണ്ടായാല്‍ മരണം ഉറപ്പാണ്. ലോകത്ത് ഇന്നുവരെ പേവിഷബാധയ്ക്ക് ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ 100% പ്രതിരോധിക്കാന്‍ പറ്റുന്ന രോഗമാണിത്.
രോഗകാരണം:- റാബീസ് വൈറസ്സാണ് ഈ രോഗത്തിനു കാരണം.രോഗപകര്‍ച്ച:-
വൈറസ്സ് ഉള്ള പട്ടി, പൂച്ച, മരപ്പട്ടി, പെരുച്ചാഴി, പശു, ആട്, കുറുക്കന്‍, ചെന്നായ, കുരങ്ങന്‍ എന്നീ മൃഗങ്ങളില്‍നിന്നാണ് മനുഷ്യര്‍ക്ക് ഇത് കിട്ടുന്നത്. മനുഷ്യരില്‍ രോഗം പകര്‍ത്തുന്നത് പ്രധാനമായും (95%) പട്ടിയാണ്, പിന്നെ പൂച്ച. അമേരിക്ക, കാനഡ എന്നിവിടങ്ങളില്‍ പ്രധാനമായും വാമ്പൈര്‍ വവ്വാലുകളാണ് രോഗം പകര്‍ത്തുന്നത്.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ ഈ വൈറസ്സ് കണ്ടുവരുന്നു. അത് മൃഗങ്ങളുടെ കടികൊണ്ടോ മാന്തുകൊണ്ടോ ഉണ്ടായ മുറിവിലൂടെ / പോറലിലൂടെ ശരീരത്തില്‍ പ്രവേശിച്ച്, ശരീര പേശികള്‍ക്കിടയിലെ നാഡികളില്‍ എത്തി, നാഡീവ്യൂഹത്തില്‍കൂടി സഞ്ചരിച്ച് തലച്ചോറിലെത്തുന്നു. തൊലിയില്‍ പോറലുള്ള സ്ഥലത്തും, കണ്ണ്, മൂക്ക്, വായ് എന്നിവിടങ്ങളില്‍ പേനായ്ക്കള്‍ നക്കിയാലും രോഗം ബാധിക്കാനിടയുണ്ട്.
രോഗലക്ഷണങ്ങള്‍: മനുഷ്യരില്‍:-
രോഗാണു ശരീരത്തിനുള്ളില്‍ കയറിയാല്‍ രോഗലക്ഷണങ്ങള്‍ ഒരാഴ്ച മുതല്‍ 3 മാസത്തിനുള്ളില്‍ കാണിച്ചു തുടങ്ങും. ചിലപ്പോള്‍ അത് ഒരു വര്‍ഷംവരെ എടുക്കാറുണ്ട്. മുറിവില്‍നിന്ന് രോഗാണുക്കള്‍ നാഡികള്‍ വഴി തലച്ചോറില്‍ എത്തുമ്പോഴാണ് രോഗലക്ഷണങ്ങള്‍ തുടങ്ങുന്നത്. റാബീസ് വൈറസ്സ് തലച്ചോറില്‍ എത്തി എന്‍സെഫാലൈറ്റിസ് (ലിരലുവമഹശശേെ) എന്ന രോഗാവസ്ഥയുണ്ടാക്കുന്നതുമൂലം മരണം സംഭവിക്കുന്നു. രോഗാവസ്ഥയെ മൂന്നു ഘട്ടങ്ങളായി തരംതിരിക്കാം:-
ഒന്നാം ഘട്ടം:-
കടിയേറ്റ ഭാഗത്ത് ചൊറിച്ചില്‍, മുറിവേറ്റ ഭാഗത്ത് മരവിപ്പ്; തലവേദന, തൊണ്ട വേദന എന്നിവയുണ്ടാവും.
രണ്ടാം ഘട്ടം:-
വിറയല്‍, ശ്വാസതടസ്സം, ഉത്കണ്ഠ, പേടി, ശബ്ദവ്യത്യാസം, ഉറക്കമില്ലായ്മ, കാറ്റിനോടും വെള്ളത്തിനോടും വെളിച്ചത്തിനോടും പേടി. അതുകൊണ്ട് ഈ രോഗത്തെ ജലഭീതി (ഹൈഡ്രോ ഫോബിയ) എന്നു വിളിക്കുന്നു.
മൂന്നാംഘട്ടം:-
തളര്‍ന്നു കിടക്കും. ശ്വാസതടസ്സം, ശബ്ദവ്യത്യാസം എന്നിവയുണ്ടാവും; അവസാനം മരണപ്പെടുന്നു.
രോഗലക്ഷണങ്ങള്‍ മൃഗങ്ങളില്‍:-
നായകളില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞാല്‍ 3 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും.
ആദ്യഘട്ടം: പൊതുവെ ശാന്തസ്വഭാവമായിരിക്കും. വായില്‍നിന്ന് നുരയും പതയും വരും. വെള്ളം കുടിക്കാന്‍ ശ്രമിക്കുമെങ്കിലും പറ്റില്ല.
രണ്ടാം ഘട്ടം: ഈ ഘട്ടത്തില്‍ അവ അക്രമകാരിയാവുന്നു. നായ്ക്കള്‍ അനുസരണമില്ലാതെ ഇരുണ്ട മൂലകളില്‍ പോയി ഒളിച്ച് നില്‍ക്കുകയും, ശബ്ദം, വെളിച്ചം എന്നിവയെ ഭയപ്പെടുകയും ചെയ്യും. സാങ്കല്പിക വസ്തുക്കളെ കടിക്കുക; മരം, കല്ല്, മണ്ണ് എന്നിവ തിന്നുകയും ചെയ്യും. കണ്ണുകള്‍ ചുമക്കും, ഉമിനീരൊലിപ്പിച്ച് ലക്ഷ്യമില്ലാതെ ഓടും, പ്രകോപനമില്ലാതെ എല്ലാറ്റിനെയും കടിക്കും. പേവിഷബാധയേറ്റ നായ്ക്കള്‍ കുരയ്ക്കാതെ കടിക്കും. കുരയ്ക്കുന്ന ശബ്ദത്തിലും വ്യത്യാസം കാണാം. ഇത് നാലോ അഞ്ചോ ദിവസം നീണ്ടുനില്ക്കുന്നു. ക്രമേണ തളര്‍ച്ച ബാധിച്ച മൃഗം ചത്തു പോവുന്നു.
പൂച്ചകള്‍ രണ്ടാം ഘട്ടം മാത്രമേ കാണിക്കൂ. ഒന്നോ രണ്ടോ ദിവസം ഒളിവില്‍ക്കഴിഞ്ഞ പൂച്ച അക്രമാസക്തിയോടെയാവും പുറത്തുവരിക. വിക്ഷോഭത്തിന്‍റെ കാലം കഴിഞ്ഞാല്‍ അംഗങ്ങള്‍ ഓരോന്നായി തളര്‍ന്ന് പൂച്ച ചത്തുവീഴുന്നു.
കന്നുകാലികളില്‍ റാബീസ് ബാധിച്ചാല്‍ മൃഗം ക്രമേണ ആക്രമണകാരിയാവുകയും കുത്തുകയും നിലത്ത് മാന്തുകയും ചെയ്യും.

ചികിത്സ:-

  1. മുറിവുണ്ടായ ഭാഗം പൈപ്പില്‍നിന്നും ഒഴുകുന്ന വെള്ളത്തില്‍ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകിക്കൊണ്ടിരിക്കണം. റാബീസ് വൈറസ്സുകള്‍ 90% ഈ ഒഴുകുന്ന വെള്ളത്തില്‍ ഒലിച്ചു പോകും
  2. വലിയ മുറിവുകളാണെങ്കില്‍ കഴുകിയതിനുശേഷം വൃത്തിയുള്ള തുണിവെച്ച് കെട്ടി രക്തപ്രവാഹം നിയന്ത്രിക്കുക.
  3. ഉടനടി വൈദ്യസഹായം തേടുക.

പ്രതിരോധം:
രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയാല്‍ അസുഖം ചികിത്സിച്ചു ഭേദമാക്കുക അസാധ്യമാണ്. അതിനാല്‍ പ്രതിരോധം വളരെ പ്രധാനപ്പെട്ടതാണ്.
1) മനുഷ്യര്‍ക്ക് രോഗം ബാധിക്കാതിരിക്കാനുള്ള കുത്തിവയ്പുകള്‍ ഗവണ്മെന്‍റ് ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. ഇത് പേ ഇല്ലാതാക്കാനുള്ള മരുന്നല്ല; മറിച്ച് പേ വരാതിരിക്കാനുള്ള വാക്സിനാണ്.
ശരീരത്തില്‍ പ്രവേശിച്ച രോഗാണുവിനെ വാക്സിന്‍ എന്തു ചെയ്യുന്നു?
റാബീസ് വൈറസ്സ് മുറിവില്‍നിന്നും വളരെ പതുക്കെ ഞരമ്പുകളുടെ ആവരണം വഴി തലച്ചോറിലെത്തി ജീവാപായം വരുത്തുന്നു. തലച്ചോറില്‍നിന്നും എത്ര ദൂരയാണോ മുറിവിന്‍റെ ഭാഗം, അത്രയും പതുക്കെയേ വൈറസ്സ് തലച്ചോറിലെത്തൂ. അതായത് മുഖത്ത് ഏല്ക്കുന്ന മുറിവ് കാലില്‍ ഏല്ക്കുന്നതിനേക്കാള്‍ അപകടകാരിയാണ്. അതുകൊണ്ട് വൈറസ്സ് തലച്ചോറിലെത്തുംമുമ്പേ വാക്സിന്‍ എടുത്തിരിക്കണം.
2) വലിയ മുറിവുകള്‍ക്ക് പ്രതിരോധത്തിനായി റാബീസ് ഇമ്യൂണോ ഗ്ലോബുലിന്‍ കുത്തിവയ്പ് ലഭ്യമാണ്.
3) പത്തു ദിവസത്തേക്ക് കടിച്ച മൃഗത്തെ നിരീക്ഷിക്കണം. അതിന് വല്ല മാറ്റവും സംഭവിക്കുന്നുണ്ടോ അതോ അത് ചത്തുപോകുന്നുണ്ടോ എന്നു നോക്കണം.
4) രോഗവാഹകരാകാവുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പെടുത്ത് രോഗവ്യാപനം തടയാം. വളര്‍ത്തു മൃഗങ്ങള്‍ക്ക് 3 മാസം പ്രായം ആയാല്‍ ആദ്യകുത്തിവയ്പ്പ് എടുക്കണം. പിന്നീട് ഓരോ വര്‍ഷ ഇടവേളയില്‍ കുത്തിവയ്പ്പ് എടുക്കണം. പ്രതിരോധകുത്തിവയ്പ്പ് എടുത്ത നായയെ രോഗബാധയുള്ള നായയോ മറ്റോ കടിച്ചാല്‍ ചികിത്സാ കുത്തിവയ്പ്പുകള്‍ ചെയ്യിക്കണം.

Leave a Reply