89-ൻ്റെ നിറവിലും കാഴ്‌ച, കേൾവി, ഓർമ്മ ഇവയ്ക്കൊന്നും കുറവുകൾ വരുത്താതെ കാക്കുന്ന തമ്പുരാന് നന്ദി നിറഞ്ഞ ഹ്യദയ ത്തോടെ ബലിയർപ്പിച്ചും, ആരാധന, ജപമാല, തുടങ്ങി വിവിധ ശുശ്രൂഷകളിൽ പങ്കെടുത്ത് എല്ലാവർക്കുമായി പ്രാർത്ഥിച്ചും ചുറ്റുമുള്ളവർക്ക് തന്നാലാവുന്ന സഹായം ചെയ്തും അസ്സീസി ഭവനിൽ സി. മേരി റോസ് ആനന്ദത്തോടെ ജീവിക്കുന്നു.
നിർമ്മലാരം അസ്സീസി ഭവനത്തിലെത്തുമ്പോൾ വിശ്രമജീവിതത്തിലായിരിക്കുന്ന എല്ലാ സിസ്റ്റേർസൂം തങ്ങളുടെ വാർദ്ധക്യത്തിന്റെ അസ്വസ്ഥതകൾ വകവയ്ക്കാതെ ചെറുപുഞ്ചിരിയോടെ കാത്തിരിക്കുന്നു. അവരുടെയൊക്കെ പ്രതിനിധിയായി 89-കാരിയായ സി. മേരി റോസ് എഫ്.സി.സി. സംസാരിച്ചു തുടങ്ങി. നീണ്ട വർഷങ്ങൾ കോട്ടയം ഇടുക്കി ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ അധ്യാപികയായിരുന്ന സിസ്റ്ററിന് വലിയ ശിഷ്യഗണമുണ്ടെന്നതിന്റെ ആത്മാഭിമാനം വാക്കുകളിൽ നിഴലിച്ചു. ഓരോ വാക്കും പതിരില്ലാതെ ഇരുത്തം വന്ന ഗുരുവിൻ്റെതുപോലെതന്നെ.
തന്റെ കുടുംബത്തേക്കുറിച്ച് പറയുമ്പോൾ സിസ്റ്ററിന് ഏറെ സന്തോഷവും അഭിമാനവുമായിരുന്നു. ചെങ്ങളത്ത് പാറാംന്തോട്ട് മത്തായി- മറിയാമ്മ ഇവരുടെ അഞ്ച് മക്കളിൽ ഇളയമകളായിരുന്നു. മൂന്നു സഹോദരങ്ങളും ഒരു ചേച്ചിയും. ചേച്ചി ആദ്യം ക്ലാരസഭയിലെ അംഗമായി ചേർന്നു. പിന്നീട് അനുജത്തിയും. മാതാപിതാക്കളുടെ ഭക്തിയും ദൈവാലയത്തോടുള്ള അടുപ്പവും, വികാരിയച്ചൻമാരുടെ സ്വാധീനവും, ഗുരുക്കന്മാരുടെ മാത്യകയുമൊക്കെ സന്ന്യാസജീവിതത്തിലേക്കുള്ള ചുവടുവയിപ്പിന് പ്രേരകശക്തികളായി മാറി.
ചെങ്ങളം സ്കൂളിലായിരുന്നു പത്താംതരംവരെയുള്ള പഠനം. ഹൈന്ദവ അധ്യാപകരാണ് ഒന്നും രണ്ടും ക്ലാസ്സുകളിൽ പഠിപ്പിച്ചതെങ്കിലും പ്രാർത്ഥനയിലും സന്മാർഗ്ഗ പാഠങ്ങളിലും ഒക്കെ ജീവിക്കുവാൻ അവർ മാതൃക നൽകിയത് ഇപ്പോഴും ഓർമ്മയിലുണ്ട്. വൈദികനായ പ്രഥമാധ്യാപകന്റെ ശിക്ഷണവും ഏറെ സ്വാധീനിച്ചു.
ചങ്ങനാശേരി ക്ലാരിസ്റ്റ് കോൺവെന്റിലായിരുന്നു സന്ന്യാസപരിശീലനം ആരംഭിച്ചത്. 1962-ൽ ആദ്യവ്രതവും 1965-ൽ നിത്യവ്രതവും സ്വീകരിച്ചു. ചങ്ങനാശ്ശേരി വാഴപ്പിള്ളിയിൽ റ്റി.റ്റി.സി പഠനം പൂർത്തിയാക്കി. തയ്യലിലും പ്രാവിണ്യം നേടി. തയ്യൽ ടീച്ചറായിട്ടായിരുന്നു അധ്യാപകവ്യത്തിയുടെ ആരംഭം. തുടർന്ന് ചെങ്ങളം, പെരുവന്താനം, കണമല, തെക്കേമല, എരുമേലി, കുറുമ്പനാടം, ചങ്ങനാശേരി, വെളിച്ചിയാനി, മുക്കുളം തുടങ്ങി നിരവധി സ്കൂളുകളിൽ കുട്ടികൾക്ക് പ്രിയപ്പെട്ട ടിച്ചറമ്മയായി. സിസ്റ്ററിന്റെ ശിഷ്യരിൽ പലരും പ്രമുഖസ്ഥാനങ്ങളിലെത്തി ഇന്ന് മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമായി കഴിയുന്നു. വൈദിക – സന്ന്യസ്‌തജീവിതം സ്വീകരിച്ചവരും നിരവധിയുണ്ട്. അവരുടെയൊക്കെ മനസ്സിൽ സ്നേഹമയിയായ അധ്യാപികയുടെ ഓർമ്മകൾ ഇന്നുമുണ്ട്.
1977-ൽ ചങ്ങനാശ്ശേരി അതിരൂപത വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത തുടങ്ങിയപ്പോൾ പ്രൊവിൻഷ്യൽഹൗസിൽ ട്രഷററായും പിന്നീട് അസിസ്റ്റൻ്റ് പ്രോവിൻഷ്യാളായും സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ചു. എരുമേലി, കട്ടപ്പന, വെളിച്ചിയാനി, മുക്കാലി എന്നീ കോൺവെന്റുകളിൽ മദർ സുപ്പീരിയറിൻ്റെ ചുമതലയും ഭംഗിയായി നിർവ ഹിച്ചു. നീണ്ട വർഷത്തെ അധ്യാപനസേവനരംഗത്തു നിന്നും 1991-ലാണ് വിരമിച്ചത്. റിട്ടയർമെന്റ്റ് ചെയ്‌തിട്ട് 33 വർഷം പൂർത്തിയാക്കിയ സിസ്റ്റർ തൻ്റെ 89-ാം വയസ്സിലും പ്രസന്നവദനയായി കാണപ്പെടുന്നു. സൺഡേ സ്‌കൂളിൽ കുഞ്ഞുങ്ങളെ ആദ്യകുർബാനസ്വീകരണത്തിനൊരുക്കി ഉണ്ണീശോയുടെ സ്നേഹം പകർന്നും, യുവദീപതി ആനിമേറ്ററായി യുവതീയുവാക്കളെ നേർവഴിക്കു നയിച്ചും സോഷ്യൽവർക്കറായി സേവനം ചെയ്തും, ഹൗസ് വിസിറ്റിങ്ങിലൂടെ തിരുകുടുംബത്തിന്റെ മാതൃക പങ്കുവച്ചും തന്റെ പ്രേഷിതവേലയ്ക്ക് അർത്ഥം കണ്ടെത്തിയ അമ്മ സന്ന്യാസജീവിതം തിരഞ്ഞെടുത്തതിൽ വളരെ സന്തോഷത്തിലും സംതൃപ്തിയിലുമാണ്.
ഹൈറേഞ്ചിലെ വിവിധമഠങ്ങളിലെ ശുശ്രൂഷകൾക്കു ശേഷം 2024-ലാണ് ചോറ്റിയിലുള്ള അസ്സീസി ഭവനിൽ എത്തിയത്. ഇവിടെ മദർസുപ്പീരിയർ സി. ലിറ്റിയോടും മറ്റ് സഹസന്ന്യാസിനികളോടും, കൂടാതെ ഇവിടെയുള്ള അമ്മച്ചിമാരോടുമൊത്ത് പുഞ്ചിരിതുകി തമ്പുരാന്റെ കരം പിടിച്ച് പോവുന്നു. 89-ൻ്റെ നിറവിലും കാഴ്ചച, കേൾവി, ഓർമ്മ ഇവക്കൊന്നും കുറവുകൾ വരുത്താതെ കാക്കുന്ന തമ്പുരാന് നന്ദി നിറഞ്ഞ ഹ്യദയത്തോടെ ബലയർപ്പിച്ചും, ആരാധന, ജപമാല, തുടങ്ങി വിവിധ ശുശ്രൂഷകളിൽ പങ്കെടുത്ത് എല്ലാവർക്കുമായി പ്രാർത്ഥിച്ചും ചുറ്റുമുള്ളവർക്ക് തന്നാലാവുന്ന സഹായം ചെയ്തും അസ്സീസി ഭവനിൽ സി. മേരി റോസ് ആനന്ദത്തോടെ ജീവിക്കുന്നു.
തലമുറകൾക്കുള്ള ഉപദേശം
സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുത്ത് മാതാപിതാക്കൾക്കും മുതിർന്നവർക്കും പുഞ്ചിരിയോടെ സ്‌തുതി ചെല്ലുക. അവരെ സ്നേഹിച്ചും അനുസരിച്ചും, വീടിനകത്തും തൊടികളിലുമുള്ള പണികളിൽ സഹായിച്ചുമുള്ള ജീവിതം അനുഗ്രഹമായി മാറും ദിവ്യബലിയിലെ ഭാഗഭാഗിത്വവും സൺഡേസ്‌കൂൾ പഠനവുമൊക്കെ മുടങ്ങാതെ നടത്തുക. അനുദിനമുള്ള ബൈബിൾ പാരായണം ജ്ഞാനത്തിലേക്കുള്ള വഴിയാണ്. മാതാപിതാക്കളോട് തുറവിയുള്ളവരാകുക. മാതാപിതാക്കൾ മക്കളെ കേൾക്കാൻ സന്നദ്ധരാകുകയും തിരുത്തലുകളും ഉപദേശങ്ങളും സ്നേഹപൂർവ്വം നൽകുകയും ചെയ്യുക.

