ഇത് ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍

മുത്തശ്ശി- മുത്തശ്ശൻമാരുടെയും വയോജനങ്ങളുടെയും നാലാമത് ലോക വാർഷിക ദിനമായ ഇന്നു ജൂലൈ 28 ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചനം സ്വീകരിക്കാന്‍ തിരുസഭയിലെ ഓരോ അംഗങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത് സുവര്‍ണ്ണാവസരം. വയോധികരും, രോഗികളോ, തനിയെ കഴിയുന്നവരോ, അംഗവൈകല്യങ്ങൾ ഉള്ളവരോ ആയ സഹോദരങ്ങളെ സന്ദർശിക്കാനായി മതിയായ സമയം ചിലവഴിക്കുന്ന വിശ്വാസികൾക്കു സഭയുടെ പൊതുമാനദണ്ഡങ്ങള്‍ കൂടി പാലിച്ചാല്‍ ദണ്ഡവിമോചനം സ്വീകരിക്കുവാന്‍ സാധിക്കുമെന്ന് പരിശുദ്ധ സിംഹാസനം നേരത്തെ വ്യക്തമാക്കിയിരിന്നു. ഇന്നേ ദിവസം ആത്മീയ ചടങ്ങുകളിൽ പങ്കുചേരുന്നതിലൂടെ രോഗികളായവർക്കും, തുണയില്ലാത്തവർക്കും,ഗുരുതരമായ കാരണത്താൽ വീടുവിട്ടിറങ്ങാൻ കഴിയാത്തവർക്കും ദണ്ഡവിമോചനം പ്രാപിക്കാൻ അവസരമുണ്ട്.ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ അപ്പസ്തോലിക് പെനിറ്റൻഷ്യറിയുടെ തലവനായ കർദ്ദിനാൾ ആഞ്ചലോ ഡൊണാറ്റിസാണ് ദണ്ഡവിമോചനം അനുവദിച്ചുകൊണ്ട് ഉത്തരവ് നേരത്തെ പുറപ്പെടുവിച്ചത്. വിശുദ്ധ കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന എന്നിവയാണ് ദണ്ഡവിമോചനം പ്രാപിക്കുന്നതിനുള്ള പ്രാഥമിക നിബന്ധനകൾ. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛനായ വിശുദ്ധ അന്നയുടെയും ജോവാക്കിമിന്റെയും,തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്.