കിസ്ത്യാനിക്ക് സ്വത്വബോധം നഷ്ടപ്പെട്ടുവോ?
ജനസംഖ്യാശോഷണം മാത്രമാണോ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളി? രാഷ്ട്രീയ, സാമൂഹിക, കലാ, കായിക, ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം ക്രൈസ്തവ സാന്നിധ്യം നിഷ്പ്രഭമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യുന്നു.
ക്രൈസ്തവ വിശ്വാസം അസ്തിത്വപരമായ വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. നമ്മുടെ കുടുംബങ്ങളും യുവജനങ്ങളും കുട്ടികളും മാതാപിതാക്കളും സന്യാസവും പൗരോഹിത്യവും പോലും വലിയ വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, ഭൗതിക, ആത്മീയ മണ്ഡലങ്ങളിലെല്ലാം വെല്ലുവിളികള്‍ ഉയര്‍ത്തപ്പെടുന്നു.
കാലചക്രത്തിന്റെ കറക്കത്തില്‍ സംഭവിക്കുന്ന ഒരു സ്വാഭാവിക പ്രതിഭാസമായി ഇതിനെ വിലകുറച്ചു കാണുവാനോ, വെറുതെ അവഗണിച്ചു തള്ളുവാനോ നമുക്കാവില്ല. വിശ്വാസത്യാഗം എന്ന പ്രതിഭാസത്തിന് ഗതിവേഗം കൂടി വരുന്നു. പ്രലോഭനങ്ങളും വഞ്ചന നിറഞ്ഞ ആശയങ്ങളും മതപീഡനങ്ങളും അത്യാധുനികവല്‍ക്കരണത്തിന്റെ അതിപ്രസരവുമെല്ലാം വിശ്വാസവ്യാപ്തിയില്ലാത്ത തലമുറയെ ക്രിസ്തുവില്‍നിന്നും സഭയില്‍നിന്നും അകറ്റുന്നു. ഇതോടൊപ്പം മതരാഷ്ട്രവാദങ്ങളും തീവ്രദേശീയവാദവും മതതീവ്രവാദവും നിരീശ്വര-യുക്തി ചിന്തകളും നവലിബറല്‍ സോഷ്യലിസ്റ്റ് മതേതര ചിന്തകള്‍ കൂടിയാകുമ്പോള്‍ കാര്യങ്ങള്‍ ഗൗരവതരമാകുന്നു.
ക്രൈസ്തവസമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളി കേവലം ജനസംഖ്യാശോഷണത്തിലേക്ക് ചുരുക്കുന്നത് ശരിയല്ല. രാഷ്ട്രീയ, സമൂഹിക, കലാ-സാഹിത്യ, ശാസ്ത്ര, സാങ്കേതിക, സാംസ്‌ക്കാരിക, പൊതുപ്രവര്‍ത്തന മേഖലകളിലെല്ലാം ക്രൈസ്തവര്‍ ശൂന്യമാക്കപ്പെട്ടുകഴിഞ്ഞു. യേശുക്രിസ്തു ഭരമേല്‍പ്പിച്ച സുവിശേഷ പ്രഘോഷണദൗത്യത്തില്‍ നിന്നു പിന്‍മാറി പണത്തിനും ജീവിതസുഖത്തിനുംവേണ്ടി മാത്രം ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ എന്നും ജനസംഖ്യയില്‍ ശുഷ്‌ക്കമായിരുന്നുവെങ്കിലും മേല്‍പ്പറഞ്ഞ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിരുന്ന ക്രൈസ്തവസമൂഹം നിഷ്പ്രഭമാക്കപ്പെട്ടു. അതിലേക്ക് നയിച്ച കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കുകയാണ്.
വിദേശരാജ്യങ്ങളിലേക്കുള്ള അനിയന്ത്രിതമായ ഒഴുക്ക് തറവാട്ടില്‍നിന്നു നമ്മെ ഇല്ലാതാക്കുന്നു. കുടുംബങ്ങള്‍ക്കും ദേശങ്ങള്‍ക്കും നഷ്ടമാകുമ്പോഴും ദൈവരാജ്യത്തിന് സംലഭ്യമാകുന്ന കുടിയേറ്റത്തെ മാത്രമേ പ്രോത്സാഹിപ്പിക്കാവൂ.
മുമ്പ് കേന്ദ്ര-സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന ക്രൈസ്തവസമൂഹത്തെ ഇന്ന് രാഷ്ട്രീയത്തില്‍ കാണാനില്ല. രാഷ്ട്രീയത്തിലെ പങ്കാളിത്തം ശുഷ്‌ക്കമായി. കുടിയേറ്റത്തിന്റെ ദൂഷ്യവശമായി വേണം ഇതിനെ കാണാന്‍.
ക്രൈസ്തവസമൂഹത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറയുന്നതും വിദേശ കുടിയേറ്റം മൂലമാണ്. തലമുറകള്‍ കാത്തുസൂക്ഷിച്ച ഭൂമി വിറ്റുപെറുക്കി കുടിയേറുമ്പോള്‍ നാളെ ഒരു തിരിച്ചുവരവ് വേണ്ടിവന്നാല്‍ അത് വിഷമസന്ധിയാകും.
സര്‍ക്കാര്‍ ജോലികളില്‍ കൈസ്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പിഎസ്സി പോലുള്ള മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുവാന്‍ പല യുവാക്കള്‍ക്കും താല്‍പര്യമില്ലാതായിരിക്കുന്നു.
സര്‍ക്കാര്‍ മേഖലകളിലെ സാധ്യതക്കുറവുകളും പിന്‍വാതില്‍ നിയമനങ്ങളും സ്വജനപക്ഷപാതവും തൊഴിലില്ലായ്മയും രൂക്ഷമാകുകയാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് നിലനില്‍പ്പിനായി പോലും ഒരു തൊഴില്‍ കിട്ടാത്ത നാടായി കേരളം മാറിയിരിക്കുന്നു. കാര്‍ഷിക, പാരമ്പര്യ മേഖലകളിലെ തകര്‍ച്ചകുടിയായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. വിദേശ കുടിയേറ്റത്തിന്റെ പ്രധാന കാരണം ഇതൊക്കെ തന്നെയാണ്.
കലാ-കായിക മേഖലകളിലും ക്രൈസ്തവരുടെ സാന്നിധ്യം കുറയുന്നുണ്ട്. സിനിമയിലും ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ക്രൈസ്തവവിശ്വാസത്തെ കരിവാരിത്തേക്കുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നു. ഈ മേഖലകളില്‍ ക്രിസ്തുവിന് സാക്ഷ്യമാകേണ്ടവരുടെ എണ്ണം കുറഞ്ഞത് കുടിയേറ്റം കൊണ്ടുതന്നെ. അത് സമുദായത്തിനുണ്ടാക്കുന്നത് നികത്താനാവാത്ത നഷ്ടമാണ്.
പുതിയകാലം, പുതിയ ചിന്തകള്‍
കുടുംബത്തെയും കുടുംബജീവിതത്തെയും തകര്‍ക്കുന്ന നവലിബറല്‍ ചിന്തകളും ആശയങ്ങളും ഇന്നത്തെ യുവതലമുറയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. വിവാഹവും കുടുംബജീവിതവും മക്കളുമെല്ലാം വലിയ ബാധ്യതകളാണെന്നും ലിവിങ് ടുഗെതര്‍ പോലുള്ള സാധ്യതകളിലുടെ അതിനെ മറികടക്കാമെന്നും പ്രചരിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ യുവജനതയെ പ്രലോഭിപ്പിക്കുന്നു. ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് ഗ്രാമങ്ങളില്‍പോലും വേരുകളുണ്ടെന്നുള്ളത് നടുക്കുന്ന യാഥാര്‍ത്ഥ്യമാണ്. വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹമേ വേണ്ട എന്ന തീരുമാനമെടുത്ത പെണ്‍കുട്ടികളെക്കുറിച്ചുള്ള പഠനം ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ഉപകരിക്കും.
സുവിശേഷത്തിന്റെ സാമൂഹികമാനം മറക്കരുത്
ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായ ഭക്ഷണവും അതിനു വേണ്ടുന്ന തൊഴിലും സംരക്ഷിക്കുന്നതിലും ഉറപ്പു വരുത്തുന്നതിലും നമുക്ക് വീഴ്ച പറ്റിയിട്ടുണ്ട്.
പള്ളിയോടൊപ്പം തൊഴില്‍ശാലകള്‍ ആരംഭിക്കുവാന്‍ നമുക്ക് സാധിക്കണം. കാര്‍ഷിക, മത്സ്യബന്ധന മേഖലകളെ ഉണര്‍ത്താന്‍ ഒരു നൂതന വിപ്ലവത്തിന് നാം തുടക്കം കുറിക്കണം. വിശക്കുന്നവരോടു മേലാല്‍ അവന്‍ വിശപ്പിന്റെ പേരില്‍ ആരുടെയും മുമ്പില്‍ കൈനീട്ടാതിരിക്കാനുള്ള പദ്ധതികളാണ് നാം ആവിഷ്‌ക്കരിക്കേണ്ടത്.
ഹൃദയത്തില്‍ തീയുള്ള സുവിശേഷകരുടെ
അഭാവം
ആഗോളസഭയിലും കേരളസഭയിലും ചില കാലഘട്ടങ്ങളില്‍ ചെറിയ ശോഷണങ്ങള്‍ കാണാറുണ്ട്. അന്നൊക്കെ അതിനെ ഇല്ലാതാക്കി, സഭയെയും വിശ്വാസസമൂഹത്തെയും ബലപ്പെടുത്തുവാന്‍ ധാരാളം സുവിശേഷകര്‍ ഉണര്‍ന്നിരുന്നു.
തീക്ഷ്ണതയുള്ള മിഷണറിമാരുടെ കുറവ് വലിയ രീതിയില്‍ സഭയെയും സമുദായത്തെയും ബാധിക്കുന്നുണ്ട്.
ക്രൈസ്തവര്‍ ഉണരണം
സഭയും സമുദായവും ഒന്നിച്ച് ഉണരണം. നമ്മുടെ മുന്‍ഗണനകള്‍ മാറ്റപ്പെടണം. രാഷ്ട്രനിര്‍മിതിയോടൊപ്പം അതിലും തീവ്രമായി ദൈവരാജ്യനിര്‍മിതിക്കായി നാം അദ്ധ്വാനിക്കണം.
ലോകം ഒന്നാകെ ക്രൈസ്തവ വിശ്വാസത്തിനെതിരെ നീങ്ങുകയാണ്. നമ്മള്‍ ജീവിക്കുന്ന ദേശത്തു നിന്നു ക്രൈസ്തവ വിശ്വാസത്തെ ഇല്ലാതാക്കുവാന്‍ നടത്തപ്പെടുന്ന നീക്കങ്ങളും ചര്‍ച്ചചെയ്യേണ്ടത് ആവശ്യമാണ്.
മാറ്റിയെഴുതപ്പെടുന്ന ചരിത്രം
നാടിന്റെ വിദ്യാഭ്യാസ, ആതുരസേവന, സാംസ്‌ക്കാരിക, രാഷ്ട്രീയ, സാമ്പത്തിക, ഭൗതിക വളര്‍ച്ചയിലെല്ലാം ഉന്നതമായ സംഭാവനകള്‍ നല്‍കിയ, നല്‍കിക്കൊണ്ടിരിക്കുന്ന ക്രൈസ്തവസമൂഹത്തെ ചരിത്രത്തില്‍നിന്നു മായിച്ചു കളയുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഹിന്ദി ഭാഷയും വ്യാകരണവും വിവിധ ഭാഷകള്‍ക്ക് ലിപിയും വ്യാകരണങ്ങളും സംഭാവന ചെയ്തും, അച്ചടി പ്രസ്സുകള്‍ സ്ഥാപിച്ച് നിഘണ്ടു രൂപപ്പെടുത്തിയും, ലോകത്തിനു മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന കലാലയങ്ങള്‍ സ്ഥാപിച്ചും വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ച നമ്മുടെ സമൂഹത്തെ ഇന്ന് അവഗണിക്കുകയാണ്. ആതുര ശുശ്രൂഷാരംഗത്ത് ഇന്ത്യയുടെ അഭിമാനമായ എയിംസ് സ്ഥാപിക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കി അതിനെ വളര്‍ത്തിയ രാജ്കുമാരി അമൃത് കൗറിനെപ്പോലെയുള്ളവരെയും ചാവറയച്ചനെയും മദര്‍ തെരേസയെയും പോലെയുള്ളവരെയും ചരിത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തുവാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ നീക്കത്തെ നാം ശക്തമായി പ്രതിരോധിക്കണം.
തുടര്‍ക്കഥയാകുന്ന പീഡനങ്ങള്‍
ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും കൊടിയ ക്രൈസ്തവ പീഡനങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിവേര് പറിച്ചുകളയുക എന്ന ലക്ഷ്യത്തോടെ തീവ്ര വലതുപക്ഷ, മതമൗലികവാദികളുടെ അഴിഞ്ഞാട്ടം ഛത്തീസ്ഖഡ്, മണിപ്പൂര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അതിഭീകരമായി നടമാടുകയാണ്. സര്‍ക്കാരുകളുടെ നിശബ്ദതയും ദുരുപയോഗം ചെയ്യുന്ന മതപരിവര്‍ത്തന നിരോധനനിയമവും ദേശീയ സുരക്ഷാനിയമവും ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നു. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തെ മടിയിലിരുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ കേരളത്തിനു പുറത്ത് ക്രിസ്ത്യാനികള്‍ വിദേശിയരാണെന്നും വിദേശിയ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നവരാണെന്നും അവരെ ഇന്ത്യയില്‍നിന്ന് പുറത്താക്കണമെന്നും പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുടെ ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞേ തീരു.
നിരീശ്വര-യുക്തി വാദങ്ങള്‍
നിരീശ്വരവാദ ചിന്തകള്‍ എന്നും ക്രൈസ്തവവിശ്വാസത്തിന് ഭീഷണിയാണ്. ഇന്നും ഒരു പരിധിവരെ അത് മാറ്റമില്ലാതെ തുടരുന്നു. എന്നാല്‍ ആധുനികവല്‍ക്കരണത്തിന്റെ വേലിയേറ്റത്തില്‍ നമ്മുടെ പുതുതലമുറ യുക്തിവാദത്തിന് പുറകെയാണ്. വിശ്വാസമില്ലാത്ത ഒരു സമൂഹമാണ് നമ്മുടെ ഇടയില്‍ ജീവിക്കുന്നത് എന്ന സത്യം മനസിലാക്കി അവരിലേക്ക് നമുക്ക് ശ്രദ്ധ തിരിക്കാം.
സഭയും സമുദായവും ഒന്നിച്ച് ഉണരണം. നമ്മുടെ മുന്‍ഗണനകള്‍ മാറ്റപ്പെടണം. രാഷ്ട്രനിര്‍മിതിയോടൊപ്പം അതിലും തീവ്രമായി ദൈവരാജ്യനിര്‍മിതിക്കായി നാം അദ്ധ്വാനിക്കണം. സുവിശേഷത്തെപ്പറ്റി ഹൃദയത്തില്‍ അഗ്നിയുള്ളവരെ വാര്‍ത്തെടുക്കുന്നതോടൊപ്പം ക്രിസ്തുവിനെപ്പോലെ സഹോദരങ്ങള്‍ക്ക് ശുശ്രൂഷകരുമാകാം.

